#Latest news #Vietnam Boat Accident #Malayali Death #Thiruvananthapuram
തിരുവനന്തപുരം: (truevisionnews.com) വിയറ്റ്നാമിൽ ബോട്ട് മുങ്ങി മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ നാളെ നാട്ടിലെത്തിക്കും. കൊട്ടാരക്കര സ്വദേശികളായ എ.സി. തോമസ്, ഭാര്യ ലൗനി എന്നിവരുടെ മൃതദേഹങ്ങളാണ് നാളെ (ചൊവ്വാഴ്ച) രാവിലെ ഒൻപത് മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിക്കുക.
മുംബൈയിൽ നിന്ന് രാവിലെ 6.30-ന് പുറപ്പെടുന്ന എയർ ഇന്ത്യ വിമാനത്തിലാണ് മൃതദേഹങ്ങൾ കൊണ്ടുവരുന്നത്. ഇന്ന് രാത്രി 10 മണിയോടെ മൃതദേഹങ്ങൾ മുംബൈയിലെത്തിക്കും. അവിടെ നിന്ന് നോർക്ക അധികൃതരുടെ നേതൃത്വത്തിൽ പ്രത്യേക ക്രമീകരണങ്ങളോടെയാണ് കേരളത്തിലേക്ക് കൊണ്ടുവരുന്നത്.
അപകടത്തിൽ മരിച്ച തമിഴ്‌നാട് സ്വദേശികളുടെ മൃതദേഹം ഏറ്റുവാങ്ങാൻ സേലം ഡി.ഐ.ജി മുംബൈയിലെത്തിയിട്ടുണ്ട്. വിയറ്റ്നാമിലെ ഫൂക്വോക് ദ്വീപിന് സമീപം ഹോൺ മേയ് റൂട്ട് എൻഗോയ് ദ്വീപിൽ നിന്ന് ആൻ തോയ് തുറമുഖത്തേക്ക് 32 യാത്രക്കാരും 4 ജീവനക്കാരുമായി പോയ സ്പീഡ് ബോട്ടാണ് അപകടത്തിൽപ്പെട്ടത്.
യാത്ര തിരിച്ച് 400 മീറ്റർ പിന്നിട്ടപ്പോഴേക്കും ശക്തമായ കാറ്റിലും കടൽക്ഷോഭത്തിലും പെട്ട് ബോട്ട് തലകീഴായി മറിയുകയായിരുന്നു. കൊട്ടാരക്കര സ്വദേശികളായ ദമ്പതികൾ ഉൾപ്പെടെ 15 പേരാണ് ദുരന്തത്തിൽ മരിച്ചത്. ഇതിൽ രണ്ട് മലയാളികളും 10 തമിഴ്‌നാട് സ്വദേശികളും 3 ആന്ധ്രാപ്രദേശ് സ്വദേശികളും ഉൾപ്പെടുന്നു. അപകടവുമായി ബന്ധപ്പെട്ട് ബോട്ടിന്റെ ക്യാപ്റ്റനെ വിയറ്റ്നാം പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Content Highlight: Bodies of Malayalis Who Died in Vietnam Boat Accident to Reach Thiruvananthapuram Tomorrow
#Latest news #Vietnam Boat Accident #Malayali Death #Thiruvananthapuram
































