#Latest News #Health Deapartment #Human Rights Commission #General Hospital Neyyattinkara #Thiruvananthapuram
തിരുവനന്തപുരം: ( www.truevisionnews.com ) നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ നെഞ്ചുവേദനയുമായി എത്തിയ രോഗി മരിച്ച സംഭവം ഡിഎംഒ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. ബന്ധപ്പെട്ടവരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.
അന്വേഷണത്തിന് ഡെപ്യൂട്ടി ഡിഎംഒയെ നിയോഗിക്കണം. മരിച്ച രോഗിയുടെ ബന്ധുക്കള്‍, ആശുപത്രി സൂപ്രണ്ട്, ഡോക്ടര്‍മാര്‍, സെക്യൂരിറ്റി ജീവനക്കാര്‍ എന്നിവരുടെ മൊഴികള്‍ രേഖപ്പെടുത്തണം. മരിച്ച രോഗിയുടെ ചികിത്സാരേഖകള്‍ പരിശോധിച്ച് മരണകാരണം മനസിലാക്കണമെന്നും കമ്മീഷൻ നിർദേശിച്ചു.
ആരുടെയെങ്കിലും ഭാഗത്തെ വീഴ്ച മരണത്തിന് കാരണമായിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും സമഗ്രമായ റിപ്പോര്‍ട്ട് ഒരു മാസത്തിനകം കമ്മീഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണമെന്നും നിർദ്ദേശം നൽകി. ജനറല്‍ ആശുപത്രി സൂപ്രണ്ട് പ്രത്യേകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.
ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയായിരുന്നു നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ രോഗി മരിച്ചത്. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജോലി സ്ഥലത്തുനിന്നാണ് രാജേഷിനെ ആശുപത്രിയില്‍ എത്തിച്ചത്. ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞത് സെക്യൂരിറ്റി ജീവനക്കാരന്‍ കേള്‍ക്കാന്‍ തയ്യാറായില്ലെന്നും ക്യൂവില്‍ നിവല്‍ക്കണമെന്നാണ് പറഞ്ഞതെന്നും രാജേഷിന്റെ ബന്ധുക്കള്‍ പ്രതികരിച്ചിരുന്നു.
വേദനയോടെ രാജേഷ് ക്യൂവില്‍ നിന്നു. ഇതിനിടെ ഭാര്യ അവിടേയ്ക്ക് എത്തി. അതിന് ശേഷം രാജേഷിനെ ഒരു കസേരയില്‍ ഇരുത്തി. തൊട്ടുപിന്നാലെ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. ഇതിന് ശേഷമാണ് ഡോക്ടര്‍ എത്തി പരിശോധിച്ചത്. തുടര്‍ന്ന് ഇസിജി എടുത്തു. ഹൃദയാഘാതം സംഭവിച്ചതാണെന്ന് പറഞ്ഞു. ഹൃദയാഘാതം സംഭവിച്ചാല്‍ നല്‍കേണ്ട പ്രാഥമിക ചികിത്സ പോലും ലഭ്യമാക്കിയില്ല.
മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാന്‍ പറഞ്ഞു. ആംബുലന്‍സ് എത്തിയപ്പോഴേക്കും രാജേഷ് മരിക്കുകയുമായിരുന്നു എന്നും ബന്ധു പറഞ്ഞു. 52 വയസ് മാത്രമേ രാജേഷിന് പ്രായമുണ്ടായിരുന്നുള്ളൂ. ആശുപത്രി അധികൃതര്‍ ഗൗരവത്തിലെടുക്കേണ്ടതായിരുന്നു. അത്യാഹിത വിഭാഗത്തില്‍ ഒരു ഡോക്ടര്‍ മാത്രമേയുണ്ടായിരുന്നുള്ളൂ എന്നും ബന്ധു പറഞ്ഞിരുന്നു.
സംഭവത്തിന് പിന്നാലെ ആശുപത്രി അധികൃതരും രാജേഷിന്റെ ബന്ധുക്കളും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. നെയ്യാറ്റിന്‍കര ഡിവൈഎസ്പി അടക്കമുള്ളവര്‍ സ്ഥലത്തെത്തി രാജേഷിന്റെ ബന്ധുക്കളുമായി സംസാരിച്ചു. ഇതിനിടെ ആശുപത്രി സൂപ്രണ്ട് ജോയ് ജോണും സ്ഥലത്തെത്തി. രോഗിയുടെ ബന്ധുക്കളും ഡോക്ടറുമായും സൂപ്രണ്ട് സംസാരിച്ചു. തുടര്‍ന്ന് സെക്യൂരിറ്റി ജീവനക്കാരനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു.
Content Highlight: Complaint regarding a patient death due to lack of treatment at Neyyattinkara Hospital Human Rights Commission orders DMO to investigate the case
#Latest News #Health Deapartment #Human Rights Commission #General Hospital Neyyattinkara #Thiruvananthapuram

































