#Latest News #Aloysius Xavier #KSU State President #High Court Pleader #SFI #UDF Government
തിരുവനന്തപുരം: ( www.truevisionnews.com ) ഹൈക്കോടതി പ്ലീഡര്‍ നിയമനത്തില്‍ കോണ്‍ഗ്രസിനുള്ളിലെ വിവാദം കത്തുന്നു. തിരുവനന്തപുരം ലോ കോളജില്‍ എസ് എഫ് ഐയുടെ സജീവ പ്രവര്‍ത്തകയായിരുന്നയാളെ പ്ലീഡറാക്കിയിയെന്നാണ് പരസ്യ വിമർശനവുമായി കെ എസ് യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ തന്നെ രംഗത്തെത്തി.
ലോ കോളേജിൽ കെ എസ് യു പ്രവർത്തകരെ നിരന്തരം മർദിക്കാൻ നേതൃത്വം നൽകിയ മുൻ എസ് എഫ് ഐ പ്രവർത്തകയെ ഗവൺമെന്റ് പ്ലീഡറാക്കിയതിനെതിരെ രൂക്ഷവിമർശനമാണ് അലോഷ്യസ് ഉയർത്തിയത്. ഇക്കാലമത്രയും സംഘടനയ്ക്ക് വേണ്ടി തെരുവിൽ ചോരയൊഴുക്കിയവരെയും കേസുകളിൽ പ്രതികളായവരെയും നോക്കുകുത്തിയാക്കി വഴിയിൽ കൂടി പോകുന്ന എസ് എഫ് ഐക്കാരെ ചുമക്കേണ്ട ബാധ്യത യു ഡി എഫ് സർക്കാരിനില്ലെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
കഴിഞ്ഞ പത്ത് വർഷം പിണറായി സർക്കാരിനെതിരെ സമരം ചെയ്യാൻ വിളിച്ചുകൊണ്ടിരുന്ന നേതാക്കൾ ഇപ്പോൾ കെ എസ് യു പ്രവർത്തകർക്ക് വേണ്ടി വിളിക്കുമ്പോൾ ഫോൺ എടുക്കാത്തത് തെറ്റായ പ്രവണതയാണെന്നും, "കരയുന്ന പിള്ളയ്ക്കേ ചോറുള്ളൂ" എന്ന അവസ്ഥ വന്നതിനാലാണ് പരസ്യ പ്രതികരണത്തിന് മുതിർന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അലോഷ്യസ് സേവ്യറിന്‍റെ കുറിപ്പ്
വെള്ളം കോരിയവരെയും വിറക് വെട്ടിയവരെയും നോക്കുകുത്തിയാക്കി മാറ്റുന്ന നയം അംഗീകരിക്കാനാവില്ല. ഇക്കാലമത്രയും വാദിച്ചതും ശബ്ദമുയർത്തിയതും കെ എസ് യു ആയി തെരുവിൽ ചോരയൊഴുക്കിയവർക്കും കേസുകളിൽ പ്രതിയായവർക്കും വേണ്ടിയാണ്. വ്യക്തിപരമായ ഒരു സർക്കാർ ആനുകൂല്യത്തിന് വേണ്ടിയും വാദിക്കാൻ ഉദ്ദേശമില്ല.
എന്നാൽ കെ എസ് യുക്കാരായ സഹപ്രവർത്തകരെ കണ്ടില്ല എന്ന് നടിക്കാനുള്ള ശ്രമങ്ങൾ അംഗീകരിക്കാനാവില്ല. കഴിഞ്ഞ പത്ത് വർഷക്കാലം പിണറായി സർക്കാരിനെതിരെ സമരം ചെയ്യാനും പ്രതിഷേധം ഉയർത്താനും നിരന്തരം വിളിച്ചുകൊണ്ടിരുന്ന നേതാക്കന്മാരുടെ ഫോണുകൾ ഇപ്പോൾ കെ എസ് യു സഹപ്രവർത്തകർക്ക് വേണ്ടി വിളിക്കുമ്പോൾ ഇൻകമിങ് സ്വീകരിക്കാത്തത് തെറ്റായ പ്രവണതയാണ്.
വഴിയിൽ കൂടി പോകുന്ന എസ് എഫ് ഐക്കാരെയൊക്കെ ചുമക്കേണ്ട ബാധ്യത യു ഡി എഫ് സർക്കാരിനില്ല. തിരുവനന്തപുരം നിയമ കലാലയത്തിൽ കെ എസ് യുക്കാരെ നിരന്തരം മർദിക്കുന്നതിന് നേതൃത്വം കൊടുത്ത സംഘത്തിലുള്ളവരെ ഗവൺമെന്റ് പ്ലീഡറാക്കിയ നടപടി തിരുത്തപ്പെടേണ്ടതാണ്. എന്ത് കൊണ്ട് പരസ്യമായി പ്രതികരിക്കുന്നു എന്ന ചോദ്യം പാർട്ടിയേ സ്നേഹിക്കുന്ന സഹപ്രവർത്തകർക്ക് ഉണ്ടാകുമെന്നതിനാൽ അതിനുള്ള മറുപടി കൂടി കുറിക്കാതിരിക്കാൻ വയ്യ. കരയുന്ന പിള്ളയ്ക്കേ ചോറുള്ളൂ എന്ന് വച്ചാൽ എന്ത് ചെയ്യും.
Content Highlight: KSU President criticizes government for appointing SFI leader as Government Pleader
#Latest News #Aloysius Xavier #KSU State President #High Court Pleader #SFI #UDF Government


































