#Latest News #Kochi #OathTaking #High Court Proceedings
കൊച്ചി: (truevisionnews.com) നിശ്ചിത മാതൃകയിൽ അല്ലാതെ സത്യപ്രതിജ്ഞ ചെയ്ത ജനപ്രതിനിധികൾക്കെതിരെ കർശന നടപടിയുമായി ഹൈക്കോടതി. തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ റദ്ദാക്കിയതിന് പിന്നാലെയാണ്, ഉമ്മൻ ചാണ്ടിയുടെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത പാലക്കാട് വടക്കഞ്ചേരി ഗ്രാമപഞ്ചായത്തിലെ കോൺഗ്രസ് അംഗം സുനിൽ ചുവട്ടുപാടത്തിന്റെ സത്യപ്രതിജ്ഞയും കോടതി അസാധുവാക്കിയത്.
നിയമപ്രകാരം 'ദൈവനാമത്തിലോ' അല്ലെങ്കിൽ 'സഗൗരവമോ' മാത്രമാണ് സത്യപ്രതിജ്ഞ ചെയ്യാൻ അനുവാദമുള്ളത്. എന്നാൽ, 'ഈശ്വരാനുഗ്രഹത്താൽ ഉമ്മൻ ചാണ്ടിയുടെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്യുന്നു' എന്ന് പറഞ്ഞാണ് സുനിൽ ചുവട്ടുപാടം സത്യവാചകം ചൊല്ലിയത്. ഇത് കേരള പഞ്ചായത്ത് രാജ് നിയമത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സമർപ്പിക്കപ്പെട്ട ഹർജിയിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ഉത്തരവ്.
സത്യപ്രതിജ്ഞാ ചട്ടങ്ങൾ കർശനമായി പാലിക്കണമെന്നും, വ്യക്തിപരമായ ഇഷ്ടങ്ങളോ രാഷ്ട്രീയ നേതാക്കളുടെ നാമമോ ഇതിൽ ഉൾപ്പെടുത്താൻ പാടില്ലെന്നും കോടതി വ്യക്തമാക്കി. തെറ്റായ രീതിയിൽ സത്യപ്രതിജ്ഞ ചെയ്ത എല്ലാവരും നാലാഴ്ചയ്ക്കുള്ളിൽ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്നാണ് നിർദ്ദേശം.
ബിജെപി കൗൺസിലർമാരുടെ കാര്യത്തിൽ, മുൻപ് എടുത്ത തീരുമാനങ്ങൾക്ക് നിയമപരമായ സംരക്ഷണം ലഭിക്കുമെങ്കിലും, വടക്കഞ്ചേരി പഞ്ചായത്ത് അംഗത്തിന്റെ കാര്യത്തിൽ പഞ്ചായത്ത് രാജ് നിയമത്തിൽ അത്തരമൊരു സംരക്ഷണ വ്യവസ്ഥയില്ലാത്തതിനാൽ അദ്ദേഹത്തിന്റെ ഇതുവരെയുള്ള പ്രവർത്തനങ്ങൾ നിയമസാധുതയില്ലാത്തതാണെന്നും കോടതി ഉത്തരവിൽ സൂചിപ്പിച്ചിട്ടുണ്ട്.
പുതുതായി സത്യപ്രതിജ്ഞ ചെയ്യുന്നതുവരെ ഇവർക്ക് പഞ്ചായത്തംഗം/കൗൺസിലർ എന്ന നിലയിൽ പ്രവർത്തിക്കാൻ അനുവാദമുണ്ടായിരിക്കില്ല.
Content Highlight: Oath-taking in the name of Oommen Chandy,High Court proceedings

































