#Latest News #Kasargod #Lost Wedding Ring
കാസർഗോഡ്: (truevisionnews.com) 25 വർഷം മുൻപ് നഷ്ടപ്പെട്ട വിവാഹമോതിരം അപ്രതീക്ഷിതമായി തിരികെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് കാസർഗോഡ് ഉദിനൂർ തടിയൻകൊവ്വലിലെ കെ.വി. ജദീന്ദ്രൻ. തൊഴുത്തിനടുത്തുള്ള പറമ്പിൽ തൊഴിലുറപ്പ് ജോലി ചെയ്യുന്നതിനിടെ തൊഴിലാളികൾക്ക് ലഭിച്ച മോതിരം ജദീന്ദ്രനെ തിരിച്ചേൽപ്പിക്കുകയായിരുന്നു.
കാൽനൂറ്റാണ്ട് മുൻപാണ് ജദീന്ദ്രന്റെ കൈയിൽ നിന്ന് മോതിരം നഷ്ടമായത്. തന്റെ പശു പ്രസവിക്കുന്നതിനിടെ സഹായത്തിനായി നിന്ന ജദീന്ദ്രന്റെ കൈയിൽ നിന്നും മോതിരം ഊരിപ്പോവുകയായിരുന്നു. പിറ്റേന്ന് രാവിലെയാണ് മോതിരം കാണാനില്ലെന്ന് അദ്ദേഹം തിരിച്ചറിയുന്നത്. അന്ന് പശുത്തൊഴുത്തും പരിസരവും അരിച്ചുപെറുക്കി പരിശോധിച്ചെങ്കിലും മോതിരം കണ്ടെത്താനായില്ല.
പശുവിന്റെ പ്രസവാവശിഷ്ടങ്ങൾ കുഴിച്ചിട്ട സ്ഥലം വരെ കുഴിച്ച് പരിശോധിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഒടുവിൽ മോതിരം നഷ്ടപ്പെട്ടെന്ന് ഉറപ്പിച്ച് കുടുംബം ആ വിഷയം മറന്നതായിരുന്നു. എന്നാൽ, കാൽനൂറ്റാണ്ടിന് ശേഷം അപ്രതീക്ഷിതമായി വീട്ടുപറമ്പിൽ നിന്നും മോതിരം തൊഴിലാളികൾക്ക് ലഭിച്ചതോടെ ജദീന്ദ്രൻ അത്ഭുതപ്പെടുകയായിരുന്നു. ഒരിക്കലും തിരിച്ചു കിട്ടില്ലെന്ന് കരുതിയ തന്റെ വിവാഹ മോതിരം ഇത്രയും കാലത്തിന് ശേഷം കൈകളിലെത്തിയതിന്റെ അമ്പരപ്പിലും സന്തോഷത്തിലുമാണ് ഈ കുടുംബം.
Content Highlight: Wedding ring lost during a cow's delivery
































