#Latest News #Thiruvanandapuram #Dispute Between Neighbors #Coconut Trees
തിരുവനന്തപുരം: (truevisionnews.com) അയൽവാസികൾ തമ്മിലുള്ള ചെറിയ പ്രശ്നങ്ങൾ കോടതി കയറുന്ന സാഹചര്യം ഒഴിവാക്കണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി. കരകുളം പഞ്ചായത്തിലെ പുരവൂർക്കോണത്ത് തെങ്ങിനെ ചൊല്ലി അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണൻ വേറിട്ടൊരു മധ്യസ്ഥശ്രമം നടത്തിയത്.
അയൽവാസിയുടെ പുരയിടത്തിലേക്ക് തെങ്ങിലെ ഓലയോ തേങ്ങയോ വീഴുന്നത് തനിക്കും കുടുംബത്തിനും ഭീഷണിയാണെന്നും നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നുവെന്നും കാണിച്ചാണ് പരാതിക്കാരൻ കോടതിയിലെത്തിയത്. എന്നാൽ, ഓലയോ തേങ്ങയോ വീഴാതിരിക്കാൻ തെങ്ങിന് മുകളിൽ ഇരുമ്പ് കൂട് നിർമ്മിച്ചിട്ടുണ്ടെന്ന് തെങ്ങ് ഉടമ കോടതിയെ അറിയിച്ചു.
ഇക്കാര്യം പരിഗണിച്ച കോടതി, "നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക" എന്ന ബൈബിൾ വചനം ഓർമ്മിപ്പിക്കുകയും, അടിയന്തര സാഹചര്യങ്ങളിൽ സഹായത്തിനെത്തുന്നത് അയൽവാസി മാത്രമായിരിക്കും എന്ന് ഇരുവരെയും ബോധ്യപ്പെടുത്തുകയും ചെയ്തു. ഈ നിസ്സാര പ്രശ്നം കോടതിക്ക് പുറത്ത്, ഒരുമിച്ച് ചായ കുടിച്ച് സൗഹൃദപരമായി പരിഹരിക്കാനായിരുന്നു കോടതിയുടെ നിർദ്ദേശം.
കോടതിയുടെ നിർദ്ദേശം പൂർണ്ണമായും അംഗീകരിക്കുന്നതായി തെങ്ങ് ഉടമ അറിയിച്ചെങ്കിലും പരാതിക്കാരൻ അനുകൂലമായി പ്രതികരിച്ചിട്ടില്ല. കോടതി നിർദ്ദേശം നടപ്പാകാത്ത സാഹചര്യത്തിൽ, പ്രശ്നം പരിഹരിക്കാൻ പഞ്ചായത്ത് അധികൃതർ ഇപ്പോൾ മധ്യസ്ഥശ്രമങ്ങൾ ആരംഭിച്ചിരിക്കുകയാണ്.
Content Highlight: Dispute between neighbors over coconut trees
#Latest News #Thiruvanandapuram #Dispute Between Neighbors #Coconut Trees
































