#latest news #pinarayi vijayan #G. Sudhakaran #CPM
ആലപ്പുഴ: ( www.truevisionnews.com ) മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം നേതൃത്വത്തിനുമെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന നേതാവ് ജി. സുധാകരൻ. നിയമസഭയിൽ പിണറായി വിജയൻ 'നനഞ്ഞ കോഴി'യെപ്പോലെയാണെന്നും വെള്ളത്തിൽ വീണ കോഴിയുടെ അവസ്ഥയിലാണ് അദ്ദേഹമെന്നും സുധാകരൻ പരിഹസിച്ചു. ആലപ്പുഴയിൽ തന്റെ എം.എൽ.എ ഓഫീസ് ഉദ്ഘാടന വേളയിലായിരുന്നു സുധാകരന്റെ ഈ തുറന്നടി.
നിയമസഭയിലെ മറ്റ് സിപിഐഎം നേതാക്കളുടെ പ്രകടനത്തെയും സുധാകരൻ കടുത്ത ഭാഷയിൽ പരിഹസിച്ചു. ധനമന്ത്രി കെ.എൻ. ബാലഗോപാലിന് സഭയിൽ മിണ്ടാട്ടമില്ല. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ എഴുന്നേറ്റ് നിന്ന് ശക്തമായി മറുപടി പറയാൻ നിലവിൽ ഒരു ഭരണപക്ഷ നേതാവിനും കഴിയുന്നില്ല.
തോമസ് ഐസക് സഭയിൽ ഉണ്ടായിരുന്നെങ്കിൽ എന്തെങ്കിലുമൊക്കെ മറുപടി പറഞ്ഞേനെ. നിയമസഭയിലെ പാർട്ടിയുടെ ഇപ്പോഴത്തെ പ്രകടനത്തിൽ തനിക്ക് വലിയ സങ്കടം തോന്നിയതായും അദ്ദേഹം പറഞ്ഞു. ഇടത്തോട്ട് മുണ്ടുടുത്താൽ മാത്രം ഇടതുപക്ഷമാകില്ലെന്നും വലത്തോട്ട് മുണ്ടുടുത്താൽ വലതുപക്ഷമാകില്ലെന്നും സുധാകരൻ ഓർമ്മിപ്പിച്ചു.
"ആലപ്പുഴ ഭരണം പോയത് ആ തെറ്റായ തീരുമാനം കാരണം" ആലപ്പുഴ നഗരസഭയിലെ നേതൃമാറ്റത്തെയും അദ്ദേഹം ശക്തമായി വിമർശിച്ചു. നഗരസഭയിൽ ചെയർപേഴ്‌സണായി ആദ്യം 'ഒരുത്തിയെ' കൊണ്ടുവരികയും, പിന്നീട് അത് മാറ്റി മറ്റൊരുത്തിയെ പ്രതിഷ്ഠിക്കുകയും ചെയ്തു. ഈ വടംവലി കാരണമാണ് എൽ.ഡി.എഫിന് ഭരണം നഷ്ടമായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
"ലീഗ് വലിയ മതനിരപേക്ഷ പാർട്ടി; കോൺഗ്രസിന്റെ സുവർണ്ണകാലം" സിപിഐഎമ്മിൽ നിലവിൽ ജനങ്ങൾക്ക് അംഗീകാരമുള്ള യുവജന നേതാക്കളില്ലെന്ന് പറഞ്ഞ സുധാകരൻ, കോൺഗ്രസിനെയും മുസ്ലിം ലീഗിനെയും പ്രശംസിക്കാനും മടിച്ചില്ല.
"കോൺഗ്രസ് കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും വലിയ മതനിരപേക്ഷ പാർട്ടിയാണ് മുസ്ലിം ലീഗ്. സ്വന്തമായി ഊന്നുവടിയിൽ നടക്കുന്ന സിപിഐഎമ്മാണ് കോൺഗ്രസ് ചെളിക്കുണ്ടിലാണെന്ന് പറയുന്നത്. യഥാർത്ഥത്തിൽ കേരളത്തിൽ ഇപ്പോൾ കോൺഗ്രസിന്റെ സുവർണ്ണ കാലഘട്ടമാണ്. സമൂഹത്തിൽ സിപിഐഎമ്മിന്റെ ക്രെഡിബിലിറ്റി (വിശ്വാസ്യത) പൂർണ്ണമായി നഷ്ടപ്പെട്ടു കഴിഞ്ഞു. അടുത്തകാലത്തൊന്നും ഈ പാർട്ടി നന്നാകാൻ പോകുന്നില്ല," ജി. സുധാകരൻ വ്യക്തമാക്കി.
Content Highlight: 'Pinarayi Vijayan is a wet chicken in the assembly, CPM's credibility has been damaged'; G. Sudhakaran lashes out

































