---
title: "'ആ നിഷ്കളങ്കമായ സ്നേഹം ഇനിയില്ല; ഒരേസമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കലാകാരൻ;' സലിം കുമാറിനെ അനുസ്മരിച്ച് മോഹൻലാൽ "
english_title: "Mohanlal remembers Salim Kumar"
publisher: "moviemax.in"
canonical_url: "https://moviemax.in/news/364405/mohanlal-remembers-salim-kumar"
published_at: "2026-06-07T09:39:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a24f0767c202_salim_kumar.jpg"
keywords: ["Latest News", "Salim Kumar", "Malayalam Actor", "Mohanlal"]
---

# 'ആ നിഷ്കളങ്കമായ സ്നേഹം ഇനിയില്ല; ഒരേസമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കലാകാരൻ;' സലിം കുമാറിനെ അനുസ്മരിച്ച് മോഹൻലാൽ 

> **Lead Summary:** **കൊച്ചി: [**മലയാളികളെ ദശകങ്ങളോളം കുടുകുട ചിരിപ്പിക്കുകയും ഒടുവിൽ കരയിപ്പിക്കുകയും ചെയ്ത് പ്രിയനടൻ സലിം കുമാർ ഓർമ്മയായിരിക്കുകയാണ്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കരൾ രോഗത്തിന് ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.

## Article Content

**കൊച്ചി: [**മലയാളികളെ ദശകങ്ങളോളം കുടുകുട ചിരിപ്പിക്കുകയും ഒടുവിൽ കരയിപ്പിക്കുകയും ചെയ്ത് പ്രിയനടൻ സലിം കുമാർ ഓർമ്മയായിരിക്കുകയാണ്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കരൾ രോഗത്തിന് ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.

ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലായിരുന്ന അദ്ദേഹത്തിന്റെ വിയോഗവാർത്ത മലയാള സിനിമാലോകത്തെയും പ്രേക്ഷകരെയും ഒരേപോലെ കണ്ണീരിലാഴ്ത്തിയിട്ടുണ്ട്. മിമിക്രി വേദികളിലൂടെയും കൊച്ചിൻ കലാഭവനിലൂടെയും കരിയർ ആരംഭിച്ച് പിന്നീട് സിനിമയിലെത്തിയ അദ്ദേഹം ഹാസ്യവും സീരിയസ് വേഷങ്ങളും ഒരുപോലെ തന്മയത്വത്തോടെയാണ് കൈകാര്യം ചെയ്തത്.

'ഇഷ്ടമാണ് നൂറുവട്ടം' എന്ന ചിത്രത്തിലൂടെ അരങ്ങേറി പിന്നീട് മുന്നൂറിലധികം സിനിമകളിൽ നിറഞ്ഞാടിയ ഈ പ്രതിഭ 'ആദാമിന്റെ മകൻ അബു' എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരവും സ്വന്തമാക്കിയിട്ടുണ്ട്.

പ്രിയ സുഹൃത്തിന്റെ വിയോഗത്തിൽ അതിയായ വേദനയോടെയാണ് നടൻ മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ച അനുസ്മരണക്കുറിപ്പ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. സിനിമയ്ക്കകത്തും പുറത്തും തനിക്ക് ഏറെ പ്രിയപ്പെട്ട സുഹൃത്തായിരുന്നു സലിം കുമാറെന്നും, പ്രേക്ഷകരെ ഒരേസമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഒട്ടേറെ കഥാപാത്രങ്ങളെ സമ്മാനിച്ചാണ് അദ്ദേഹം വിടവാങ്ങിയതെന്നും മോഹൻലാൽ ഓർമ്മിച്ചു.

മറ്റുള്ളവരെ സഹായിക്കാനും അവരെ സഹോദരതുല്യം ചേർത്തുപിടിക്കാനും കാണിച്ച ആ നിഷ്കളങ്കമായ സ്നേഹം സലിം കുമാറിന്റെ മാത്രം പ്രത്യേകതയായിരുന്നു. വെറുമൊരു കലാകാരൻ എന്നതിനപ്പുറം സാമൂഹിക വിഷയങ്ങളെ കൃത്യമായി നിരീക്ഷിക്കുകയും പൗരബോധത്തോടെ തുറന്ന് അഭിപ്രായം പറയുകയും ചെയ്ത വ്യക്തിത്വം കൂടിയായിരുന്നു അദ്ദേഹമെന്ന് മോഹൻലാൽ കുറിച്ചു.

ഒരുമിച്ച് അഭിനയിച്ച ഒട്ടനവധി സിനിമകളുടെ ഓർമ്മകൾ പങ്കുവെച്ചുകൊണ്ട് പ്രിയ സുഹൃത്തിന് വേദനയോടെ താരം ആദരാഞ്ജലികൾ അർപ്പിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/364405/mohanlal-remembers-salim-kumar)