---
title: "ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ദുൽഖറും അസിഫ് അലിയും"
english_title: "Dulquer Salmaan and Asif Ali Extend Support to NEET Protest at Jantar Mantar"
publisher: "moviemax.in"
canonical_url: "https://moviemax.in/news/374008/dulquer-salmaan-asif-ali-support-jantar-mantar-student-protest"
published_at: "2026-07-22T21:45:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a60edf17bb63_dulquer-salmaan-asif-ali-support-jantar-mantar-student-protest.jpg"
keywords: ["Latest News", "Dulquer Salmaan", "Asif Ali", "Jantar Mantar Protest", "NEET", "Student Protest"]
---

# ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ദുൽഖറും അസിഫ് അലിയും

> **Lead Summary:** **ജ**ന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി പ്രതിഷേധത്തില്‍ പ്രതികരിച്ച് ദുൽഖര്‍ സല്‍മാന്‍. ഡല്‍ഹിയില്‍ നടക്കുന്ന സംഭവങ്ങള്‍ ചിന്തിക്കാനും മറ്റുള്ളവരുടെ വാക്കുകള്‍ക്ക് കാതോര്‍ക്കാനും പരസ്പര ധാരണയോടെ കാര്യങ്ങളെ സമീപിക്കാനും നമ്മെ ഓര്‍മ്മിപ്പിക്കുന്നുവെന്ന് ദുല്‍ഖർ കുറിച്ചു.

## Article Content

**ജ**ന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി പ്രതിഷേധത്തില്‍ പ്രതികരിച്ച് ദുൽഖര്‍ സല്‍മാന്‍. ഡല്‍ഹിയില്‍ നടക്കുന്ന സംഭവങ്ങള്‍ ചിന്തിക്കാനും മറ്റുള്ളവരുടെ വാക്കുകള്‍ക്ക് കാതോര്‍ക്കാനും പരസ്പര ധാരണയോടെ കാര്യങ്ങളെ സമീപിക്കാനും നമ്മെ ഓര്‍മ്മിപ്പിക്കുന്നുവെന്ന് ദുല്‍ഖർ കുറിച്ചു.

വിദ്യാഭ്യാസം എപ്പോഴും മുന്നോട്ട് വെക്കുന്നത് പ്രതീക്ഷയും അവസരങ്ങളും മെച്ചപ്പെട്ടൊരു ഭാവിയുമാണ് എന്നാല്‍ ഇവിടെ അനിശ്ചിതത്വത്തെ നേരിടുന്ന യുവതലമുറയെ കാണുന്നത് അതീവ വേദനാജനകമാണ് എന്നാണ് ദുൽഖര്‍ സല്‍മാന്‍ ഇന്‍സ്റ്റഗ്രാമിലൂടെ പറഞ്ഞത്.

'ചില വിദ്യാര്‍ത്ഥികള്‍ക്ക് മുന്നോട്ട് പോകാന്‍ വഴികളില്ലെന്ന് തോന്നുന്നതും, അതില്‍ ചിലര്‍ ജീവിതം തന്നെ അവസാനിപ്പിക്കാന്‍ മുതിരുന്നതും എന്റെ മനസ്സിനെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്. ഏറെ പ്രതീക്ഷകളുള്ള മനുഷ്യരാണ് അവിടെ സമരം ചെയ്യുന്നത് അവര്‍ തീര്‍ച്ചയായും നീതി അര്‍ഹിക്കുന്നു.

സംഭവത്തില്‍ അര്‍ത്ഥവത്തായ ചര്‍ച്ചകളും സമാധാനപരമായ പരിഹാരങ്ങളും, വിവേകവും സഹാനുഭൂതിയും നിറഞ്ഞ തീരുമാനങ്ങളും ഉണ്ടാകുമെന്നാണ് എന്റെ പ്രതീക്ഷ. ഭിന്നിപ്പിന്റെയും അക്രമത്തിന്റെയും അടിസ്ഥാനത്തില്‍ കെട്ടിപ്പടുക്കുന്നതിനേക്കാള്‍ കരുത്തുറ്റതായിരിക്കും പരസ്പര ധാരണയില്‍ കെട്ടിപ്പടുക്കുന്ന ഭാവി'; എന്നാണ് ദുൽഖര്‍ പറഞ്ഞത്.

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ അസിഫ് അലിയും രംഗത്തെത്തി.രാജ്യത്തിന്റെ ഭാവി വാഗ്ദാനങ്ങളായ വിദ്യാര്‍ത്ഥികള്‍ക്ക് പറയാനുള്ളത് കേള്‍ക്കുക എന്നുള്ളത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്. അവര്‍ക്കൊപ്പം അണിചേരേണ്ടത് പൊതുസമൂഹത്തിന്റെ കടമയാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

'ഡല്‍ഹിയിലും രാജ്യത്തുടനീളവും സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളും യുവജനങ്ങളും ഈ നാടിന്റെ ഭാവിവാഗ്ദാനങ്ങള്‍ കൂടിയാണ്. അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കുക എന്നത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്'; അവര്‍ക്കൊപ്പം അണിചേരേണ്ടത് പൊതുസമൂഹത്തിന്റെ കടമയും'; എന്നാണ് അസിഫ് അലി പറഞ്ഞത്.

അതേസമയം രാജ്യതലസ്ഥാനത്ത് യുവാക്കളുടെ പ്രതിഷേധം ശക്തമാകുകയാണ്. നിരവധി പേരാണ് പിന്തുണയുമായി തലസ്ഥാനത്തെത്തുന്നത്. സമരം ചെയ്ത വിദ്യാര്‍ത്ഥികളെ തെരുവില്‍ മര്‍ദ്ദിച്ചതിനെതിരെയും രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ളവരെ കയ്യേറ്റം ചെയ്തതിലും പ്രതിഷേധിച്ച് കെഎസ്‌യു നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

മുഴുവന്‍ ക്യംപസുകളിലും പ്രധാനമന്ത്രിയുടെ കോലം കത്തിച്ചും ക്ലാസുകള്‍ ബഹിഷ്‌കരിച്ചും വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ നല്‍കണമെന്ന് സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ക്കെതിരായ അതിക്രമത്തില്‍ പ്രതിഷേധിച്ച് എഐഎസ്എഫും നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/374008/dulquer-salmaan-asif-ali-support-jantar-mantar-student-protest)