#latest news #Wayanad #kanjav
കൽപ്പറ്റ: ( https://truevisionnews.com/) വയനാട് അമ്പലവയലിൽ വീട്ടുവളപ്പിൽ വളർത്തിയ 360 സെന്റീമീറ്റർ (ഏകദേശം 12 അടി) ഉയരമുള്ള കൂറ്റൻ കഞ്ചാവ് ചെടി എക്സൈസ് സംഘം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് സ്ഥലുടമയായ അമ്പലവയൽ പുതുക്കാട് തടത്തിൽ വീട്ടിൽ പത്രോസിന്റെ മകൻ റെജി ടി.പി (60) എന്നയാളെ എക്സൈസ് അറസ്റ്റ് ചെയ്തു. സംസ്ഥാന വ്യാപകമായി എക്സൈസ് നടത്തുന്ന 'ഓപ്പറേഷൻ തണ്ടർ' എന്ന പരിശോധനയുടെ ഭാഗമായാണ് ഈ റെയ്ഡ് നടന്നത്.
വയനാട് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് ഇൻസ്‌പെക്ടർ സജിൻ എം.ജെ.യുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. കുറ്റികൈത - പുതുക്കാട് - മഞ്ഞപ്പാറ റോഡിൽ പുതുക്കാട് ഭാഗത്തുള്ള റെജിയുടെ പുരയിടത്തിൽ കഞ്ചാവ് ചെടി വളർത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. 60-ഓളം ശിഖരങ്ങളുള്ള വലിയൊരു കഞ്ചാവ് ചെടിയാണ് പ്രതിയുടെ പുരയിടത്തിൽ നിന്നും കണ്ടെത്തിയത്.
താൻ സ്ഥിരമായി കഞ്ചാവ് വലിക്കാറുണ്ടെന്നും, മുൻപ് വലിക്കാൻ ഉപയോഗിച്ച കഞ്ചാവിൽ നിന്നും ലഭിച്ച കുരു മണ്ണിലിട്ട് മുളപ്പിച്ചുണ്ടാക്കിയതാണ് ഈ ചെടിയെന്നും പ്രതി എക്സൈസ് ഉദ്യോഗസ്ഥരോട് സമ്മതിച്ചു. കഞ്ചാവ് ചെടി നട്ടുപിടിപ്പിച്ചു വളർത്തുന്നത് 10 വർഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന ഗുരുതരമായ കുറ്റമാണ്.
എക്‌സൈസ് ഇൻസ്‌പെക്ടർ സജിൻ എം.ജെ.യോടൊപ്പം പ്രിവെന്റീവ് ഓഫീസർ വിജിത്ത് കെ.ജി, സിവിൽ എക്‌സൈസ് ഓഫീസർമാരായ സുരേഷ് എം, അനീഷ് ഇ.എസ്, വനിത സിവിൽ എക്‌സൈസ് ഓഫീസർ ഫസീല ടി, ഡ്രൈവർ പ്രസാദ് കെ. എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു. അറസ്റ്റിലായ പ്രതിയെ തുടർനടപടികൾക്കായി മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
Content Highlight: A giant plant with 60 branches was grown in his backyard in Wayanad; 60-year-old man got stuck
































