#Latest News #Munnar #Padayappa Attack
മൂന്നാർ: (truevisionnews.com) വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിൽ പ്രശസ്ത കാട്ടാന 'പടയപ്പ' വീണ്ടും ഭീതി വിതയ്ക്കുന്നു. നല്ലതണ്ണി സ്വദേശി ദിനകരന്റെ വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന പുത്തൻ കാറാണ് ആന പൂർണ്ണമായും തകർത്തത്.
മുൻപൊക്കെ വാഹനങ്ങളെ കൊമ്പുകൊണ്ട് തള്ളിമാറ്റുകയോ മറിച്ചിടുകയോ ചെയ്യുന്നതായിരുന്നു പടയപ്പയുടെ രീതിയെങ്കിൽ, ഇത്തവണ കാറിന് മുകളിൽ കാലെടുത്തുവെച്ച് ചവിട്ടിമെതിക്കുകയായിരുന്നു.
ആക്രമണത്തിൽ വാഹനം പൂർണ്ണമായി തകർന്ന നിലയിലാണ്. അപകടസമയത്ത് കാറിനുള്ളിൽ ആരും ഇല്ലാതിരുന്നതുകൊണ്ട് മാത്രമാണ് വൻ ദുരന്തം ഒഴിവായത്. കഴിഞ്ഞ രണ്ട് മാസമായി മൂന്നാർ ഗ്രാമപഞ്ചായത്തിന്റെ കല്ലാർ മാലിന്യ പ്ലാന്റിന് സമീപം നിലയുറപ്പിച്ചിരുന്ന പടയപ്പ, അവിടെയുള്ള അവശിഷ്ടങ്ങൾ ഭക്ഷിച്ചാണ് കഴിഞ്ഞുകൂടിയിരുന്നത്.
എന്നാൽ കല്ലാറിൽ നിന്നും ഒരു കിലോമീറ്റർ മാത്രം അകലെയുള്ള നല്ലതണ്ണി ഭാഗത്തേക്ക് ആന അപ്രതീക്ഷിതമായി എത്തിയതാണ് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തിയത്. ഭക്ഷണം സുലഭമായി ലഭിക്കുന്നത് കാരണം പടയപ്പ ഈ പ്രദേശം വിട്ടുപോകാൻ തയ്യാറാകുന്നില്ല എന്നതാണ് നിലവിലെ പ്രധാന പ്രതിസന്ധി.
സംഭവിവമറിഞ്ഞ് വനംവകുപ്പിന്റെ റാപ്പിഡ് റെസ്‌പോൺസ് ടീം (RRT) സ്ഥലത്തെത്തി ആനയെ തുരത്താൻ ശ്രമിച്ചെങ്കിലും പടയപ്പ ഇപ്പോഴും ജനവാസ മേഖലയ്ക്ക് സമീപത്ത് തന്നെ തുടരുകയാണ്.
വിനോദസഞ്ചാരികൾ ധാരാളമായി എത്തുന്ന മൂന്നാറിൽ, പാതയോരങ്ങളിൽ വാഹനം നിർത്തി വിശ്രമിക്കുന്ന സമയത്തോ മറ്റോ ആനയുടെ ഭാഗത്തുനിന്ന് ഇത്തരം അപ്രതീക്ഷിത ആക്രമണങ്ങൾ ഉണ്ടായാൽ അത് വലിയ ആളപായത്തിന് കാരണമാകുമെന്ന ഭീതിയിലാണ് നാട്ടുകാരും സഞ്ചാരികളും.
Content Highlight: A man tramples a new car parked in front of his house in Munnar.

































