---
title: "ബിഗ് ബോസ് ചരിത്രത്തിൽ ഇതുവരെ കാണാത്ത കളി! പ്രധാന സീസണിന് മുൻപ് സാധാരണക്കാർക്കായി 15 എപ്പിസോഡുകളുടെ പ്രത്യേക മത്സരം"
english_title: "Bigg Boss to have 15 episodes for common people before the main season"
publisher: "moviemax.in"
canonical_url: "https://moviemax.in/news/363794/bigg-boss-to-have-15-episodes-for-common-people-before-the-main-season"
published_at: "2026-06-04T14:49:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2143efb4ca6_bigbos.jpg"
keywords: ["Latest News", "Biggboss", "Season 8"]
---

# ബിഗ് ബോസ് ചരിത്രത്തിൽ ഇതുവരെ കാണാത്ത കളി! പ്രധാന സീസണിന് മുൻപ് സാധാരണക്കാർക്കായി 15 എപ്പിസോഡുകളുടെ പ്രത്യേക മത്സരം

> **Lead Summary:** **[**മലയാളം ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ എട്ടാം സീസൺ അണിയറയിൽ ഒരുങ്ങുകയാണ്. ഇത്തവണ പ്രേക്ഷകരെ കാത്തിരിക്കുന്നത് വമ്പൻ സർപ്രൈസുകളാണെന്ന സൂചന നൽകി കോമണർ മത്സരാർത്ഥികൾക്കായുള്ള പുതിയ പ്രൊമോ വീഡിയോ ഏഷ്യാനെറ്റ് പുറത്തുവിട്ടിരുന്നു.

## Article Content

**[**മലയാളം ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ എട്ടാം സീസൺ അണിയറയിൽ ഒരുങ്ങുകയാണ്. ഇത്തവണ പ്രേക്ഷകരെ കാത്തിരിക്കുന്നത് വമ്പൻ സർപ്രൈസുകളാണെന്ന സൂചന നൽകി കോമണർ മത്സരാർത്ഥികൾക്കായുള്ള പുതിയ പ്രൊമോ വീഡിയോ ഏഷ്യാനെറ്റ് പുറത്തുവിട്ടിരുന്നു.

ഇതിൽ അവതാരകൻ മോഹൻലാൽ പറയുന്ന ‘അഗ്നിപരീക്ഷ’യെ കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ബിഗ് ബോസ് ഗ്രൂപ്പുകളിൽ ചർച്ചകൾ സജീവമാകുന്നത്. സാധാരണക്കാരായ മത്സരാർത്ഥികൾക്കായി ബിഗ് ബോസ് ഒരുക്കുന്ന ഒരു പ്രത്യേക സ്പിൻ ഓഫ് പ്രീ-ഷോയാണ് 'അഗ്നിപരീക്ഷ'.

ഇതിൽ ജയിച്ചുകയറുന്നവർക്ക് മാത്രമേ ഇത്തവണ ബിഗ് ബോസ് മെയിൻ സീസണിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കൂ. ബിഗ് ബോസ് തെലുങ്ക് സീസൺ 9ൽ ഈ പരീക്ഷണം വൻ വിജയമായിരുന്നു.

അവിടുത്തെ ഓഡിഷനുകളിൽ നിന്ന് തിരഞ്ഞെടുത്ത 45 കോമണേഴ്സ് ആണ് ബിഗ് ബോസ് ഫ്ലോറിൽ 'അഗ്നിപരീക്ഷ'യ്ക്കായി എത്തിയത്. ഇതിൽ നിന്നും കടുത്ത മത്സരങ്ങൾ അതിജീവിച്ച് മെയിൻ സീസണിലെത്തിയ 6 പേരിൽ ഒരാളായ കല്യാൺ ആണ് ഒടുവിൽ തെലുങ്ക് സീസണിലെ വിജയിയായത്.

വിന്നേഴ്സ് ട്രോഫിക്കൊപ്പം 35 ലക്ഷം രൂപയും, സ്പോൺസർ ബോണസായി 5 ലക്ഷം രൂപയും, ഒരു പുത്തൻ എസ്‌യുവി കാറും കല്യാണിന് സമ്മാനമായി ലഭിച്ചിരുന്നു. ഇതേ മാതൃകയിലാണ് മലയാളത്തിലും ഏറ്റവും കൂടുതൽ കോമണർ മത്സരാർത്ഥികൾ പങ്കെടുക്കുന്ന സീസണായി ബിഗ് ബോസ് സീസൺ 8 മാറാൻ പോകുന്നത്.

എന്തൊക്കെയായിരിക്കും ഈ 15 എപ്പിസോഡുകളിൽ?

പ്രധാന സീസൺ ആരംഭിക്കുന്നതിന് മുൻപായി 15 എപ്പിസോഡുകൾ മാത്രമുള്ള ഒരു മിനി സീസണായിരിക്കും ഈ പ്രീ-ഷോ. അപേക്ഷകർ അയക്കുന്ന വീഡിയോകളുടെ അടിസ്ഥാനത്തിൽ ആദ്യം 200 പേരെയും, പിന്നീട് 100 പേരെയും ഷോർട്ട്ലിസ്റ്റ് ചെയ്ത ശേഷമായിരിക്കും ഇതിലേക്ക് മത്സരാർത്ഥികളെ തിരഞ്ഞെടുക്കുക.

മുൻ ബിഗ് ബോസ് വിജയികളോ പ്രമുഖരോ ആയിട്ടുള്ള ഒരു അവതാരകയും മൂന്ന് ജഡ്ജസും ഈ പ്രീ-ഷോയിൽ ഉണ്ടാകും. ഫിസിക്കൽ, മെന്റൽ ടാസ്കുകൾ, ഹ്യൂമർ, സംവാദങ്ങൾ എന്നിവയിലൂടെ മത്സരാർത്ഥികളുടെ പ്രകടനം വിലയിരുത്തപ്പെടും.

ജഡ്ജിമാരിൽ നിന്നും 3 റെഡ് സിഗ്നൽ ലഭിക്കുന്നവർ പുറത്താകും; യെല്ലോ സിഗ്നൽ ലഭിച്ചാൽ ഹോൾഡ് ചെയ്യപ്പെടുകയും ഗ്രീൻ സിഗ്നൽ ലഭിച്ചാൽ തിരഞ്ഞെടുക്കപ്പെടുകയും ചെയ്യും. ആറാമത്തെ എപ്പിസോഡ് മുതൽ ഇവർക്കായി പ്രേക്ഷകരുടെ വോട്ടിങ്ങും ആരംഭിക്കും.

വോട്ടിങ്ങിലൂടെയും ജഡ്ജസിന്റെ സെലക്ഷനിലൂടെയും തിരഞ്ഞെടുക്കപ്പെടുന്ന കോമണേഴ്സ് ആയിരിക്കും സെലിബ്രിറ്റികൾക്കൊപ്പം മെയിൻ സീസണിലേക്ക് എൻട്രി നേടുക.

### Related Links & Sources
- [Original Story Source](https://moviemax.in/news/363794/bigg-boss-to-have-15-episodes-for-common-people-before-the-main-season)