#Latest News #Perambra Car Fire #Sona Death #Rajinlal Death #Kozhikode
കോഴിക്കോട് : ( www.truevisionnews.com ) പേരാമ്പ്ര ചെറുവണ്ണൂരിനെ നടുക്കിയ അപകടത്തിൽ സോനയ്ക്ക് പിന്നാലെ രജിൻലാലും മരണത്തിന് കീഴടങ്ങിയതോടെ ദുരൂഹതകൾ ബാക്കിയാവുന്നു. സോനയെ ആശുപത്രിയിൽ കാണിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടയിൽ കാറിൽ സംഭവിച്ച കാര്യങ്ങളുടെ ചുരുളഴിയാതെയാണ് രജിൻലാലും മരണപ്പെട്ടത്.
കഴിഞ്ഞ മെയ് 15 ന് രാത്രി 9.15 ന് ചെറുവണ്ണൂർ കക്കറമുക്കിൽ ഓടിക്കൊണ്ടിരുന്ന കാറിൽ തീപിടിത്തമുണ്ടായി ഗർഭിണിയായ സോന (27) മരിച്ചത്. അപകടത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്നു ഭർത്താവ് കക്കറമുക്ക് പൂവ്വത്തുംചാലിൽ രജിൻലാൽ (36).
65 ശതമാനത്തിലേറെ പൊള്ളലേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിലെ ബേൺസ് ഐസിയുവിൽ ചികിത്സയിലായിരുന്ന രജിൻലാൽ ശനിയാഴ്ച വൈകിട്ടോടെയാണ് രാജിൻലാൽ മരിച്ചത്.
കാറിനു തീപിടിച്ചതിലെ ദുരൂഹത ഇനിയും നീങ്ങിയിട്ടില്ല. സോനയെ ആശുപത്രിയിൽ കാണിച്ച് മടങ്ങുന്നതിനിടെയാണ് കാറിന് തീപിടിച്ചത്. മകളുടേത് ആസൂത്രിത കൊലപാതകമെന്ന് ആരോപിച്ച് സോനയുടെ കുടുംബം രജിൻലാലിന് എതിരെ രംഗത്തെത്തിയിരുന്നു.
എന്നാൽ പേരാമ്പ്ര കോഴിക്കോട് റോഡിലെ യത്തീംഖാനയ്ക്കു സമീപമുള്ള പെട്രോൾ പമ്പിൽ നിന്ന് സോന പെട്രോൾ വാങ്ങി മടങ്ങുന്നതിന്റെ സിസിടിവി ദൃശ്യം പിന്നീട് പുറത്തുവന്നതോടെ ആത്മഹത്യാ ശ്രമത്തിനിടെയാണ് സോന മരിച്ചത് എന്ന സൂചനയും ഉണ്ടായി. അപകടവും സോന മരിക്കാൻ ഇടയായ സംഭവവും ഏറെ പ്രയാസം ഉണ്ടാക്കുന്നതാണെന്നു മാത്രമാണ് ഇതേക്കുറിച്ച് രജിൻലാലിന്റെ കുടുംബം പ്രതികരിച്ചത്.
കത്തിയ കാറിൽ പൊലീസും ഫൊറൻസിക് വിഭാഗവും മോട്ടർ വാഹനവകുപ്പും നടത്തിയ പരിശോധനയിൽ ഇന്ധന ടാങ്കിന് ചോർച്ചയില്ലെന്നും എൻജിനിൽ നിന്നല്ല തീ പടർന്നതെന്നും വ്യക്തമായിരുന്നു. കാറിലെ എസി, റേഡിയേറ്റർ, വയറുകൾ തുടങ്ങിയവയ്ക്കും പ്രശ്നങ്ങളില്ലെന്നും മോട്ടർ വാഹന വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തി.
അന്വേഷണത്തിന്റെ ഭാഗമായി കാറിൽ ഉണ്ടായിരുന്ന മൊബൈൽ ഫോൺ, ബാഗിന്റെ അവശിഷ്ടം, കത്താതെ ശേഷിച്ച തുണി തുടങ്ങിയവ സാംപിൾ പരിശോധനയ്ക്ക് മേപ്പയൂർ പൊലീസ് അയച്ചിരുന്നു.
കാറിനുള്ളിൽ നിന്ന് ഒരു കാനിന്റെ മൂടിയും കണ്ടെത്തിയിരുന്നു. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ ഫൊറൻസിക് റിപ്പോർട്ട് കാത്തിരിക്കുകയാണ് പൊലീസ്.
പ്ലസ് ടു പഠനകാലത്താണ് സോനയും രജിൻലാലും പരിചയപ്പെടുന്നത്. വർഷങ്ങളുടെ പ്രണയത്തിനൊടുവിൽ വിവാഹം വേണ്ടെന്നുവയ്ക്കുകയും രജിൻ മറ്റൊരു യുവതിയെ വിവാഹം ചെയ്യാൻ ശ്രമിക്കുകയും ചെയ്തിരുന്നു.
ഇതറിഞ്ഞ സോന വടകര റെയിൽവേ സ്റ്റേഷനിൽ എത്തി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതിനിടെ അതു കണ്ട റെയിൽവേ പൊലീസ് ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു. ഈ കേസിൽ നിയമനടപടി സ്വീകരിച്ചതിനിടെയാണ് രജിൻലാൽ സോനയെ വിവാഹം ചെയ്തതെന്നാണ് ബന്ധുക്കൾ പറയുന്നത്.
വിവാഹശേഷം ഭർതൃവീട്ടിൽ ചില ദുരനുഭവങ്ങൾ ഉണ്ടായതായി സോന ഒരു ബന്ധുവിനോട് വെളിപ്പെടുത്തിയിരുന്നതായി സോനയുടെ അമ്മാവൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ഗർഭിണിയായിരിക്കെ രണ്ടു മാസം സോന അമ്മ വസന്തയ്ക്കൊപ്പം പാലേരിയിലെ വീട്ടിലായിരുന്നു. ഒരു മാസം മുൻപ് ഗൾഫിൽ നിന്ന് മടങ്ങിയെത്തിയ രജിൻലാൽ കാർ കത്തിയ സംഭവത്തിന് ദിവസങ്ങൾക്ക് മുൻപാണ് സോനയെ ഭർതൃവീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയത്.
കാർ കത്തിയ ദിവസം അമ്മയുടെ സഹോദരിയുടെ മകളുടെ കൂടെ സോന ടൗണിൽ പോയിരുന്നു. ഈ സമയത്താണോ പിന്നീട് ഭർത്താവിനൊപ്പം പോയപ്പോഴാണോ സോന പെട്രോൾ വാങ്ങിയതെന്ന സംശയവും ഇതിനിടെ ഉയർന്നു.
എന്നാൽ സഹോദരിക്കൊപ്പം ടൗണിൽ പോയപ്പോൾ പാതിവഴിയിൽ സോന ഒറ്റയ്ക്ക് പോയതായും പൊലീസ് കണ്ടെത്തി. അതിനാൽ തന്നെ രജിന്റെ നിർദേശപ്രകാരമല്ല സോന പെട്രോൾ വാങ്ങിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
യാത്രയ്ക്കിടെ കാറിൽ നിന്ന് പെട്രോളിന്റെ മണം ഉണ്ടായെന്നും പെട്ടെന്ന് ശബ്ദത്തോടെ തീ ആളിപ്പടർന്നെന്നുമാണ് പൊളളലേറ്റ് ചികിത്സയിലിരിക്കെ രജിൻലാൽ മേപ്പയൂർ പൊലീസിന് നൽകിയ മൊഴി.
കാറിന്റെ എൻജിനു വലിയ കേടുപാടുകൾ ഇല്ലാത്തതും ഉൾഭാഗം മാത്രം പൂർണമായും കത്തിനശിച്ചതും കണക്കിലെടുത്ത് പെട്രോൾ പോലുളള വസ്തു കാരണമാകാം തീപിടിത്തമുണ്ടായതെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയിരുന്നു. ഇതിന്റെ കൂടുതൽ വിശദാംശങ്ങൾ തേടി പൊലീസ് വീണ്ടും മൊഴിയെടുക്കാൻ ഒരുങ്ങുന്നതിനിടെയാണ് രജിന്റെ മരണം.
Content Highlights:- The accident that shook Perambra left behind mysteries, and after Sona, Rajin also succumbed to death.
#Latest News #Perambra Car Fire #Sona Death #Rajinlal Death #Kozhikode




































