---
title: "മമ്മൂട്ടി ചിത്രങ്ങളുടെ വലിയ ആരാധകൻ; 'ടർബോ' അനുഭവവും മമ്മൂട്ടിയുടെ പ്രശംസയും ഓർത്തെടുത്ത് തെലുങ്ക് താരം സുനിൽ"
english_title: "Content Highlights:-  A big fan of Mammootty's films; Telugu actor Sunil recalls 'Turbo' experience and Mammootty's praise"
publisher: "moviemax.in"
canonical_url: "https://moviemax.in/news/361196/content-highlights-a-big-fan-of-mammoottys-films-telugu-actor-sunil-recalls-turbo-experience-and-mammoottys-praise-"
published_at: "2026-05-23T12:12:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a114d64c6819_Mammootty_AND_Sunil.jpg"
keywords: ["Actor Sunil", "Mammootty", "Kattalan Movie", "Malayalam Cinema"]
---

# മമ്മൂട്ടി ചിത്രങ്ങളുടെ വലിയ ആരാധകൻ; 'ടർബോ' അനുഭവവും മമ്മൂട്ടിയുടെ പ്രശംസയും ഓർത്തെടുത്ത് തെലുങ്ക് താരം സുനിൽ

> **Lead Summary:** 'മാർക്കോ' എന്ന ചിത്രത്തിന് ശേഷം ആന്റണി വർഗീസ് പെപ്പെയെ നായകനാക്കി ക്യൂബ്സ് എന്റർടൈൻമെന്റ്സ് ഒരുക്കുന്ന പുതിയ സിനിമയാണ് 'കാട്ടാളൻ'. പോൾ ജോർജ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് പോൾ ജോർജ്, ജോബി വർഗ്ഗീസ്, ജെറോ ജേക്കബ് എന്നിവർ ചേർന്നാണ്.

## Article Content

'മാർക്കോ' എന്ന ചിത്രത്തിന് ശേഷം ആന്റണി വർഗീസ് പെപ്പെയെ നായകനാക്കി ക്യൂബ്സ് എന്റർടൈൻമെന്റ്സ് ഒരുക്കുന്ന പുതിയ സിനിമയാണ് 'കാട്ടാളൻ'. പോൾ ജോർജ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് പോൾ ജോർജ്, ജോബി വർഗ്ഗീസ്, ജെറോ ജേക്കബ് എന്നിവർ ചേർന്നാണ്.

പ്രമുഖ തെലുങ്ക് നടൻ സുനിലും ഈ സിനിമയിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. താൻ കോളേജിൽ പഠിക്കുന്ന കാലത്ത് മമ്മൂട്ടി നായകനായി തെലുങ്കിലേക്ക് മൊഴിമാറ്റിയെത്തുന്ന ചിത്രങ്ങളെല്ലാം കാണുമായിരുന്നെന്ന് അദ്ദേഹം ഓർത്തെടുത്തു. 'കാട്ടാളൻ' എന്ന ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഞാൻ കോളേജിൽ പഠിക്കുന്ന സമയത്ത് മമ്മൂട്ടി സാറിന്റെ മലയാളസിനിമകൾ തെലുങ്കിലേക്ക് മൊഴിമാറ്റി പ്രദർശനത്തിനെത്തും. ഒരെണ്ണംപോലും വിടാതെ അതെല്ലാം കാണുമായിരുന്നു. വർഷങ്ങൾക്കുശേഷം അദ്ദേഹത്തിനൊപ്പം ടർബോ എന്ന ചിത്രത്തിൽ അഭിനയിക്കാൻ സാധിച്ചു. ഒരു ഫൈറ്റ് സീനായിരുന്നു അത്. ആദ്യം എന്റെ മുഖഭാഗം വളരെ ഗൗരവത്തിലായിരുന്നപ്പോൾ സീനിന്റെ ഒരു ഘട്ടത്തിൽ ഞാൻ ഒരു പ്രത്യേക രീതിയിൽ കരയുന്നുണ്ട്. ആ രംഗമെടുത്തു കഴിഞ്ഞപ്പോൾ വളരെ നന്നായിട്ടുണ്ടെന്ന് മമ്മൂട്ടി സാർ പറഞ്ഞത് മറക്കാനാവില്ല,' സുനീലിന്റെ വാക്കുകൾ.

പ്രേക്ഷകർ ഈ വർഷം ഏറെ ആകാംക്ഷയോടെ കാണാൻ കാത്തിരിക്കുന്ന ചിത്രങ്ങള്‍ ഉള്‍പ്പെട്ട ഐഎംഡിബി പട്ടികയിൽ ഒന്നാം സ്ഥാനത്താണ് 'കാട്ടാളൻ' ഇടം പിടിച്ചിരിക്കുന്നത്. ആനക്കൊമ്പ് കള്ളക്കടത്തിന്‍റെ ഏറ്റവും ഭയാനകവും വന്യവുമായ ദൃശ്യങ്ങളുമായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നതെന്നാണ് ട്രെയിലർ നൽകിയിട്ടുള്ള സൂചനകൾ. ചോരക്കളിയുടെ ഇതുവരെ കാണാത്ത കാഴ്ചകളും ആക്ഷൻ വെടിക്കെട്ടും മാസ്മരികവും ചടുലവുമായ ദൃശ്യങ്ങളുമായാണ് സിനിമയെത്തുന്നത് എന്നാണ് മനസ്സിലാക്കാനാവുന്നത്. രവി ബസ്രൂർ ഒരുക്കുന്ന ഹരം കൊള്ളിക്കുന്ന സംഗീതമാണ് സിനിമയുടെ ഹൈലൈറ്റ്. മെയ് 28നാണ് കാട്ടാളൻ വേൾഡ് വൈഡ് റിലീസിനായി ഒരുങ്ങുന്നത്.

പാൻ ഇന്ത്യൻ താരങ്ങളായ സുനിൽ, കബീർ ദുഹാൻ സിങ് എന്നിവരും ജഗദീഷ്, സിദ്ധിഖ്, ആൻസൺ പോള്‍, രാജ് തിരൺദാസു, ഷോൺ ജോയ് തുടങ്ങിയ ശ്രദ്ധേയ താരങ്ങളും റാപ്പർ ബേബി ജീൻ, ഹനാൻ ഷാ, കിൽ താരം പാർത്ഥ് തീവാരി, 'ലോക' ഫെയിം ഷിബിൻ എസ്. രാഘവ്, ഹിപ്സ്റ്റർ‍ പ്രണവ് രാജ്, കോൾ മീ വെനം തുടങ്ങി നിരവധി താരങ്ങള്ർ ചിത്രത്തിലുണ്ട്.സിനിമയുടെ ചിത്രീകരണത്തിന് തായ്‌ലൻഡിലായിരുന്നു തുടക്കം കുറിച്ചിരുന്നത്. ഓങ്-ബാക്ക് 2, ബാഹുബലി-2: കൺക്ലൂഷൻ, ജവാൻ, ബാഗി 2, പൊന്നിയൻ സെൽവൻ പാർട്ട് 1 തുടങ്ങിയ ശ്രദ്ധേയ സിനിമകൾക്ക് ആക്ഷൻ ഒരുക്കിയ ലോക പ്രശസ്തനായ സ്റ്റണ്ട് കോറിയോഗ്രഫർ കെച്ച കെംബഡികെ ആണ് ചിത്രത്തിൽ ആക്ഷനൊരുക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/361196/content-highlights-a-big-fan-of-mammoottys-films-telugu-actor-sunil-recalls-turbo-experience-and-mammoottys-praise-)