---
title: "അനിയന്റെ സംസ്കാരം കഴിഞ്ഞ് പിറ്റേന്ന് അഭിനയിച്ചത് കോമഡി രംഗം; അഭിമുഖത്തിനിടെ ഉർവശിയുടെ കാൽ തൊട്ട് വണങ്ങി ജയറാം"
english_title: "Content Highlights:- Jayaram acted in a comedy scene the day after his brother's funeral; during an interview, he touched Urvashi's feet and bowed down"
publisher: "moviemax.in"
canonical_url: "https://moviemax.in/news/361205/content-highlights-jayaram-acted-in-a-comedy-scene-the-day-after-his-brothers-funeral-during-an-interview-he-touched-urvashis-feet-and-bowed-down"
published_at: "2026-05-23T12:43:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1153f65fb5a_Jayaram_Urvashi.jpg"
keywords: []
---

# അനിയന്റെ സംസ്കാരം കഴിഞ്ഞ് പിറ്റേന്ന് അഭിനയിച്ചത് കോമഡി രംഗം; അഭിമുഖത്തിനിടെ ഉർവശിയുടെ കാൽ തൊട്ട് വണങ്ങി ജയറാം

> **Lead Summary:** ഉർവശിയുടെ സഹോദരനും നടനുമായ കമൽ റോയി ഈ വർഷം ജനുവരിയിലായിരുന്നു ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചത്. ഒരു കലാകാരിയെന്ന നിലയിൽ നടി ഉർവശി പുലർത്തുന്ന ആത്മാർത്ഥതയെയും പ്രൊഫഷണലിസത്തെയും കുറിച്ച് തുറന്നു പറയുകയാണ് നടൻ ജയറാം.

## Article Content

ഉർവശിയുടെ സഹോദരനും നടനുമായ കമൽ റോയി ഈ വർഷം ജനുവരിയിലായിരുന്നു ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചത്. ഒരു കലാകാരിയെന്ന നിലയിൽ നടി ഉർവശി പുലർത്തുന്ന ആത്മാർത്ഥതയെയും പ്രൊഫഷണലിസത്തെയും കുറിച്ച് തുറന്നു പറയുകയാണ് നടൻ ജയറാം.

സിനിമ സെറ്റിൽ വെച്ചായിരുന്നു അനിയന്റെ വിയോഗ വാർത്ത ഉർവശി അറിയുന്നത്. തുടർന്ന് അനിയന്റെ സംസ്കാരച്ചടങ്ങുകൾ കഴിഞ്ഞ് സെറ്റിൽ തിരിച്ചെത്തിയ ഉർവശി തൊട്ടടുത്ത ദിവസം തന്നെ അഭിനയിച്ചത് ഒരു കോമഡി സീനിലായിരുന്നുവെന്ന് ജയറാം ഓർത്തെടുത്തു. ഇരുവരും ഒന്നിച്ചഭിനയിക്കുന്ന പുതിയ ചിത്രമായ 'പരിമള ആൻഡ് കോ'യുടെ പ്രൊമോഷന്റെ ഭാഗമായി ഗലാട്ട തമിഴിന് നൽകിയ അഭിമുഖത്തിലാണ് ജയറാം ഇക്കാര്യം വ്യക്തമാക്കിയത്.

‘പരിമളം ആൻഡ് കോ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പാലക്കാട് വച്ച് നടക്കുന്ന സമയം. എല്ലാ ആര്‍ട്ടിസ്റ്റുകളുടെയും ഡേറ്റ് ബ്ലോക്ക് ചെയ്ത്, വളരെ ടൈറ്റ് ഷെഡ്യൂളില്‍ ഷൂട്ടിങ് നടക്കുകയാണ്. നാല് ദിവസമാണ് ഷൂട്ട് വച്ചിരിക്കുന്നത്. എല്ലായിടത്തു നിന്നും പെർമിഷൻ വാങ്ങി നടത്തുന്നതു കൊണ്ടു തന്നെ എന്തെങ്കിലും പ്രശ്നമുണ്ടായാൽ അത് വീണ്ടും നീണ്ടുപോകും. അങ്ങനെ ആദ്യത്തെ ദിവസം ഷൂട്ടിങ് ഹാഫ് ഡേ കഴിയുമ്പോള്‍ കോള്‍ വന്നു, ഉര്‍വശിയുടെ സഹോദരന്‍ മരണപ്പെട്ടു എന്ന്. ആ അവസ്ഥ എങ്ങനെയായിരിക്കും എന്ന് ആലോചിച്ചു നോക്കൂ.

പക്ഷേ അപ്പോഴും ഉര്‍വശി, ‘രാത്രി എനിക്ക് കോയമ്പത്തൂരില്‍ നിന്ന് ചെന്നൈയിലേക്ക് ഫ്ലൈറ്റ് ബുക്ക് ചെയ്യൂ’ എന്ന് പറഞ്ഞ് ബാക്കി ഷൂട്ടും കാര്യങ്ങളുമൊക്കെ പൂർത്തിയാക്കി. അടുത്ത ദിവസം ചെന്നൈയില്‍ പോയി മരണാനന്തര ചടങ്ങുകള്‍ എല്ലാം കഴിഞ്ഞ് ഉച്ചയോടെ തിരിച്ച് പാലക്കാട് സെറ്റിലേക്ക് തിരിച്ചെത്തി. ആ സിനിമയിലെ ഏറ്റവും ഹ്യൂമറസായ രംഗമാണ് അന്ന് ചിത്രീകരിച്ചത്, അത് ഉര്‍വശി ചിരിച്ചുകൊണ്ടു തന്നെ അഭിനയിച്ചു.’’- ഇത് പറഞ്ഞതിന് ശേഷം ജയറാം തൊട്ടടുത്തിരുന്ന ഉര്‍വശിയുടെ കാല്‍ തൊട്ട് തൊഴുതു.

ജയറാം ആയതുകൊണ്ട് മാത്രമാണ് തനിക്കത് സാധിച്ചത് എന്നാണ് ഉര്‍വശി പറയുന്നത്. ‘‘വേറൊരു ആര്‍ട്ടിസ്റ്റിനൊപ്പം കോമ്പിനേഷന്‍ ചെയ്തിരുന്നുവെങ്കില്‍, ഞാന്‍ ആ നിമിഷം എങ്ങനെ മാനേജ് ചെയ്യും എന്നെനിക്ക് അറിയില്ല. ജയറാമിന് എന്നേക്കാള്‍ നന്നായി പേഴ്സണലായി എന്റെ അനിയനെ അറിയാം. എന്റെ സഹോദരന്റെയും ജയറാമിന്റെയും സുഹൃത്തുക്കൾ കോമണാണ്. ജയറാമിന്റെ നാട്ടിലേക്ക് അവൻ ഇടയ്ക്കിടെ വരുമായിരുന്നു. എന്നിട്ടും അനിയന്റെ മരണത്തെ കുറിച്ച് ഒരു വാക്ക് പോലും ജയറാം ചോദിച്ചില്ല. എന്തിന് ചെയ്തു, എന്തുകൊണ്ട് എന്നൊന്നും ചോദിച്ചില്ല. ആ ഒരു രംഗത്തെ കുറിച്ച് പറഞ്ഞ് ചിരിച്ചു കൊണ്ടേയിരിക്കുകയായിരുന്നു. എന്തെങ്കിലും ഒന്ന് ആ മരണത്തെ കുറിച്ച് ജയറാം ചോദിച്ചിരുന്നെങ്കില്‍ ഞാന്‍ അപ്‌സറ്റ് ആയിപ്പോയേനെ എന്ന ഉർവശി മറുപടി നൽകി.

### Related Links & Sources
- [Original Story Source](https://moviemax.in/news/361205/content-highlights-jayaram-acted-in-a-comedy-scene-the-day-after-his-brothers-funeral-during-an-interview-he-touched-urvashis-feet-and-bowed-down)