തിരുവനന്തപുരം: ( www.truevisionnews.com ) വി ഡി സതീശൻ സർക്കാരിലെ മുസ്ലിം ലീഗിന്റെ മന്ത്രിമാരെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പി കെ കുഞ്ഞാലിക്കുട്ടി എന്നിവർ ചേർന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. പി കെ കുഞ്ഞാലിക്കുട്ടി, എൻ ഷംസുദീൻ, കെ എം ഷാജി, പി കെ ബഷീർ, അബ്ദുൽ ഗഫൂർ എന്നിവരാണ് ലീഗിൽ നിന്ന് മന്ത്രിമാരാകുന്നത്.
രണ്ടര വർഷത്തെ കാലാവധി പൂർത്തിയാകുമ്പോൾ പാറക്കൽ അബ്ദുള്ള മന്ത്രിസഭയിലേക്ക് വരുമെന്നും ആ സമയത്ത് നിലവിലുള്ള മന്ത്രിമാരിൽ ആരാണ് മാറേണ്ടതെന്ന് അപ്പോൾ തീരുമാനിക്കുമെന്നും ലീഗ് നേതൃത്വം വ്യക്തമാക്കി. ലീഗ് മന്ത്രിമാർ കൈകാര്യം ചെയ്യുന്ന വകുപ്പുകൾ മുഖ്യമന്ത്രി പിന്നീട് പ്രഖ്യാപിക്കുമെങ്കിലും ഇത്തവണ പാർട്ടിക്ക് കൂടുതൽ വകുപ്പുകൾ ഉണ്ടാകുമെന്നും നേതാക്കൾ വിവരിച്ചു.
പി കെ കുഞ്ഞാലിക്കുട്ടി, കെ എം ഷാജി, എൻ ഷംസുദ്ദീൻ, വി ഇ ഗഫൂർ, പാറക്കൽ അബ്ദുള്ള എന്നിവരെയാണ് മന്ത്രിമാരായി ഇന്നലെ നിർദേശിച്ചിരുന്നത്. എന്നാല്‍ പി കെ ബഷീറിനെ മന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടിയിലും സോഷ്യൽ മീഡിയയിലും കടുത്ത പ്രതിഷേധം ഉയര്‍ന്നു. ഇതിന് പിന്നാലെയാണ് ഒരു പുനരാലോചന ലീഗില്‍ ഉണ്ടായത്. ബഷിറിനെ ഒഴിവാക്കുന്നുവെന്ന സൂചനകൾ വന്നതോടെ ലീഗിൽ കടുത്ത പ്രതിഷേധം ഉയർന്നിരുന്നതിന് പിന്നാലെയാണ് ആദ്യ തീരുമാനം മാറിയത്.
muslim league ministers in vd satheesans kerala cabinet


































