---
title: "'ചെകുത്താൻ പനപോലെ വളരട്ടെ’; ‘അമ്മ’ സംഘടനയിലെ കലഹങ്ങൾക്കിടെ പ്രതികരണവുമായി ഉണ്ണി ശിവപാൽ"
english_title: "'Let the devil grow like a palm tree'; Unni Sivapal responds amid the clashes in the 'Amma' organization"
publisher: "moviemax.in"
canonical_url: "https://moviemax.in/news/360009/let-the-devil-grow-like-a-palm-tree-unni-sivapal-responds-amid-the-clashes-in-the-amma-organization"
published_at: "2026-05-17T16:51:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a09a4f877daa_Unni_Sivapal_responds_amid_the_clashes_in_the_Amma_organization.jpg"
keywords: []
---

# 'ചെകുത്താൻ പനപോലെ വളരട്ടെ’; ‘അമ്മ’ സംഘടനയിലെ കലഹങ്ങൾക്കിടെ പ്രതികരണവുമായി ഉണ്ണി ശിവപാൽ

> **Lead Summary:** താരസംഘടനയായ ‘അമ്മ’യ്ക്കുള്ളിൽ ഭരണപരമായ പ്രതിസന്ധികളും ആഭ്യന്തര കലഹങ്ങളും രൂക്ഷമാകുന്നതിനിടെ, ആദ്യ പ്രതികരണവുമായി ട്രഷറർ ഉണ്ണി ശിവപാൽ രംഗത്ത്. ‘ചെകുത്താൻ പനപോലെ വളരട്ടെ!’ എന്ന ദുരൂഹത നിറഞ്ഞ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ സിനിമാ ലോകത്തും സോഷ്യൽ മീഡിയയിലും വലിയ ചർച്ചയായിരിക്കുന്നത്. ഓഫീസ് മാനേജർ അതുല്യയുടെ പരാതിയെത്തുടർന്ന് സംഘടനയിൽ നിന്ന് നടപടി നേരിട്ട ശേഷം ഇതാദ്യമായാണ് ഉണ്ണി ശിവപാൽ പരസ്യ പ്രതികരണത്തിന് മുതിരുന്നത്.

## Article Content

താരസംഘടനയായ ‘അമ്മ’യ്ക്കുള്ളിൽ ഭരണപരമായ പ്രതിസന്ധികളും ആഭ്യന്തര കലഹങ്ങളും രൂക്ഷമാകുന്നതിനിടെ, ആദ്യ പ്രതികരണവുമായി ട്രഷറർ ഉണ്ണി ശിവപാൽ രംഗത്ത്. ‘ചെകുത്താൻ പനപോലെ വളരട്ടെ!’ എന്ന ദുരൂഹത നിറഞ്ഞ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ സിനിമാ ലോകത്തും സോഷ്യൽ മീഡിയയിലും വലിയ ചർച്ചയായിരിക്കുന്നത്. ഓഫീസ് മാനേജർ അതുല്യയുടെ പരാതിയെത്തുടർന്ന് സംഘടനയിൽ നിന്ന് നടപടി നേരിട്ട ശേഷം ഇതാദ്യമായാണ് ഉണ്ണി ശിവപാൽ പരസ്യ പ്രതികരണത്തിന് മുതിരുന്നത്.

ഓഫീസ് മാനേജർ അതുല്യയെ മാനസികമായി പീഡിപ്പിക്കുകയും നിയമവിരുദ്ധമായി ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തു എന്ന പരാതി ഉയർന്നതിന് പിന്നാലെ വലിയ പ്രതിസന്ധിയാണ് സംഘടനയിലുണ്ടായത്. ഇതിനെത്തുടർന്ന് പ്രസിഡന്റ് ശ്വേതാ മേനോൻ അടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി ഉണ്ണി ശിവപാലിനെ ട്രഷറർ സ്ഥാനത്തുനിന്ന് നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിലവിൽ ട്രഷററുടെ താൽക്കാലിക ചുമതലകൾ നടൻ കൈലാഷാണ് നിർവ്വഹിക്കുന്നത്. ഉണ്ണി ശിവപാൽ തനിക്ക് ലഭിച്ച ഔദ്യോഗിക പദവി പൂർണ്ണമായും ദുരുപയോഗം ചെയ്തു എന്ന് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ ടിനി ടോം തുറന്നടിച്ചിരുന്നു. ഓഫീസിലെ ജീവനക്കാരിയെ ഏകപക്ഷീയമായി പിരിച്ചുവിട്ട നടപടി തികച്ചും അന്യായമാണെന്നും ടിനി ടോം വ്യക്തമാക്കിയിരുന്നു.

അതേസമയം, ‘അമ്മ’യിൽ ഇപ്പോൾ നടക്കുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത കാര്യങ്ങളാണെന്ന് നടനും മുൻ ജോയിന്റ് സെക്രട്ടറിയുമായ ബാബുരാജ് പ്രതികരിച്ചു. ഭരണപരമായ അരാജകത്വത്തിലേക്കാണ് സംഘടന നീങ്ങുന്നതെന്നും കടുത്ത ഗൂഢാലോചനകൾ ഓഫീസിനുള്ളിൽ നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ആരും മിണ്ടാതിരിക്കുന്നത് സംഘടനയെ ഉപേക്ഷിച്ചാണെന്ന് കരുത്തരുതെന്നും അടുത്ത ജനറൽ ബോഡിയിൽ ഈ കാര്യങ്ങളെല്ലാം ചോദ്യംചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും ബാബുരാജ് പറഞ്ഞിരുന്നു. വിവാദങ്ങൾ പുകയുന്നതിനിടെ കഴിഞ്ഞ ദിവസം ജോയിന്റ് സെക്രട്ടറി അൻസിബ ഹസൻ തന്റെ സ്ഥാനം രാജിവച്ചിരുന്നു. അൻസിബയെ മോശമായി ചിത്രീകരിക്കാൻ ജനറൽ സെക്രട്ടറിയും ട്രഷററും അടങ്ങുന്ന സംഘം ശ്രമിച്ചതാണ് പെട്ടെന്നുള്ള രാജിയ്ക്ക് പിന്നിലെന്നാണ് സിനിമാ മേഖലയിൽ നിന്നുള്ള സൂചനകൾ.

തനിക്കെതിരെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലും പുറത്തും ഒരുപോലെ വിമർശനങ്ങൾ ശക്തമാവുകയും പദവികളിൽ നിന്ന് മാറ്റിനിർത്തപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ്, ആരെ ലക്ഷ്യം വച്ചാണെന്ന് വ്യക്തമാക്കാതെയുള്ള ഉണ്ണി ശിവപാലിന്റെ ‘ചെകുത്താൻ’ പോസ്റ്റ് വന്നിരിക്കുന്നത്. ഉണ്ണി ശിവപാലിന്റെ കുറിപ്പിന് നിരവധിപേർ കമന്റുമായി എത്തുന്നുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ വെളിപ്പെടുത്തലുകളോടെ താരസംഘടനയിലെ പോര് പുതിയ തലങ്ങളിലേക്ക് നീങ്ങാനാണ് സാധ്യത.

### Related Links & Sources
- [Original Story Source](https://moviemax.in/news/360009/let-the-devil-grow-like-a-palm-tree-unni-sivapal-responds-amid-the-clashes-in-the-amma-organization)