തിരുവനന്തപുരം: ( www.truevisionnews.com ) വികസന പദ്ധതികൾക്കായി സർക്കാർ അനുവദിച്ച ലക്ഷക്കണക്കിന് രൂപ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി തട്ടിപ്പ് നടത്തിയ കേസിൽ മുൻ വില്ലേജ് എക്സ്റ്റെൻഷൻ ഓഫീസർക്ക് കഠിനതടവും വൻ പിഴയും. വിതുര ഗ്രാമപഞ്ചായത്തിലെ മുൻ വിഇഒയും നെട്ടയം സ്വദേശിയുമായ എസ്.ജി. ദിനുവിനെയാണ് (41) തിരുവനന്തപുരം വിജിലൻസ് കോടതി 45 വർഷം കഠിന തടവിനും 6,35,000 രൂപ പിഴയ്ക്കും ശിക്ഷിച്ചത്. വിജിലൻസ് കോടതി ജഡ്ജ് എ. മനോജാണ് വിധി പ്രസ്താവിച്ചത്.
2012 - 2015 കാലഘട്ടത്തിൽ വിതുര പഞ്ചായത്തിൽ വിഇഒ ആയിരിക്കെയാണ് ദിനു തട്ടിപ്പ് നടത്തിയത്. വിവിധ വികസന പദ്ധതികൾക്കായി ഗുണഭോക്താക്കൾക്ക് നൽകാൻ സർക്കാർ അനുവദിച്ച തുകയിൽ നിന്ന് 13,80,000 രൂപ ഇയാൾ സ്വന്തം ആവശ്യങ്ങൾക്കായി തട്ടിയെടുക്കുകയായിരുന്നു. ഓഡിറ്റ് വിഭാഗത്തെ പറ്റിക്കാൻ വേണ്ടി അക്കൗണ്ട് ബുക്കുകളിൽ തിരുത്തലുകൾ വരുത്തുകയും വ്യാജരേഖകൾ ചമയ്ക്കുകയും ചെയ്തു.
വിജിലൻസ് തിരുവനന്തപുരം സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്-1 രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കിയ കേസിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. അമ്പൂരി ഗ്രാമപഞ്ചായത്തിൽ വിഇഒ ആയിരിക്കെ നടത്തിയ മറ്റൊരു സാമ്പത്തിക തിരിമറിയുമായി ബന്ധപ്പെട്ട് 2023-ൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രതി നിലവിൽ സസ്പെൻഷനിലായിരുന്നു.
വിജിലൻസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്-1 മുൻ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ബി. ഉദയകുമാർ, ഇൻസ്പെക്ടർമാരായ ബി. അനിൽകുമാർ, എസ്. അനിൽകുമാർ, എച്ച്. അനിൽകുമാർ, വി.എസ്. റിജു എന്നിവർ അന്വേഷണം നടത്തിയ കേസിൽ പോലീസ് സൂപ്രണ്ട് കെ.ഇ. ബൈജുവാണ് കുറ്റപത്രം സമർപ്പിച്ചത്. വിജിലൻസിന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വീണ സതീശൻ കോടതിയിൽ ഹാജരായി.
This is the situation if you pocket the Panchayat funds! The biggest setback a government official can get

































