---
title: "'വേർപിരിയൽ എന്നെ കരുത്തയാക്കി, മക്കൾക്കൊപ്പം ജീവിക്കാൻ അവസരം നൽകിയ മുകേഷിന് നന്ദി'; മനസ്സ് തുറന്ന് സരിത"
english_title: "'Separation made me stronger, thanks to Mukesh for giving me the opportunity to live with my children'; Saritha opens up"
publisher: "moviemax.in"
canonical_url: "https://moviemax.in/news/359850/separation-made-me-stronger-thanks-to-mukesh-for-giving-me-the-opportunity-to-live-with-my-children-saritha-opens-up"
published_at: "2026-05-16T16:27:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a084e5f93ba8_Saritha_opens_up.jpg"
keywords: []
---

# 'വേർപിരിയൽ എന്നെ കരുത്തയാക്കി, മക്കൾക്കൊപ്പം ജീവിക്കാൻ അവസരം നൽകിയ മുകേഷിന് നന്ദി'; മനസ്സ് തുറന്ന് സരിത

> **Lead Summary:** മക്കൾക്കൊപ്പം വളർന്നപ്പോൾ ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിച്ചുവെന്ന് നടി സരിത. ദിവസവും അവരുടെ മുഖം കാണുന്നതാണ് തനിക്ക് ജീവിക്കാനുള്ള പ്രചോദനമെന്നും മാതൃദിനത്തിൽ പങ്കുവെച്ച കുറിപ്പിൽ സരിത പറഞ്ഞു. കുറിപ്പിൽ മുൻ ഭർത്താവും നടനുമായ മുകേഷിനും സരിത നന്ദി പറയുന്നുണ്ട്. തങ്ങളുടെ വിവാഹബന്ധം വേർപിരിഞ്ഞില്ലായിരുന്നുവെങ്കിൽ താൻ ഇത്രത്തോളം ആത്മവിശ്വാസമുള്ള ഒരു സ്ത്രീയാകുമായിരുന്നില്ലെന്നും സരിത കൂട്ടിച്ചേർത്തു.

## Article Content

മക്കൾക്കൊപ്പം വളർന്നപ്പോൾ ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിച്ചുവെന്ന് നടി സരിത. ദിവസവും അവരുടെ മുഖം കാണുന്നതാണ് തനിക്ക് ജീവിക്കാനുള്ള പ്രചോദനമെന്നും മാതൃദിനത്തിൽ പങ്കുവെച്ച കുറിപ്പിൽ സരിത പറഞ്ഞു. കുറിപ്പിൽ മുൻ ഭർത്താവും നടനുമായ മുകേഷിനും സരിത നന്ദി പറയുന്നുണ്ട്. തങ്ങളുടെ വിവാഹബന്ധം വേർപിരിഞ്ഞില്ലായിരുന്നുവെങ്കിൽ താൻ ഇത്രത്തോളം ആത്മവിശ്വാസമുള്ള ഒരു സ്ത്രീയാകുമായിരുന്നില്ലെന്നും സരിത കൂട്ടിച്ചേർത്തു.

സരിതയുടെ കുറിപ്പ്

''ലോകത്തിലെ എല്ലാ അമ്മമാര്‍ക്കും ഹൃദയം നിറഞ്ഞ മാതൃദിനാശംസകള്‍! ശരിക്കും മുപ്പത് വര്‍ഷങ്ങള്‍ തികയുകയാണ്…

ഒരു സിംഗിള്‍ മദര്‍ എന്ന നിലയില്‍, ഏറ്റവും കരുത്തയായ ഒരു അമ്മയായി ഞാന്‍ ആഘോഷിക്കാന്‍ തുടങ്ങിയിട്ട് 30 വര്‍ഷം തികയുന്നു. എന്റെ രണ്ട് മക്കള്‍ക്കൊപ്പം ഈ ജീവിതം ജീവിക്കാന്‍ അവസരം നല്‍കിയ അവരുടെ അച്ഛനോട് ഞാന്‍ നന്ദി പറയുന്നു. അവര്‍ക്കൊപ്പം വളരുമ്പോള്‍ ഒട്ടനവധി കാര്യങ്ങളാണ് ഞാന്‍ പഠിച്ചത്, ഇപ്പോഴും ഓരോ ദിവസവും പഠിച്ചുകൊണ്ടിരിക്കുന്നു.

ഞാനൊരു സിംഗിള്‍ മദര്‍ അല്ലായിരുന്നെങ്കില്‍ ഒരുപക്ഷേ പഴയ ആ പാവം പെണ്‍കുട്ടിയായി തന്നെ തുടര്‍ന്നേനെ. ജീവിതത്തിലെ ഒട്ടനവധി പ്രതിസന്ധികളെ മറികടക്കാന്‍ ദൈവം എനിക്ക് കരുത്ത് നല്‍കി. ഓരോ ദിവസവും എന്റെ മക്കളുടെ മുഖം കാണുന്നതാണ് എനിക്ക് ജീവിക്കാനുള്ള പ്രചോദനം. ഞാന്‍ അനുഗ്രഹിക്കപ്പെട്ടവളാണ്.

ഇന്ന് എനിക്ക് മനോഹരമായ സന്ദേശങ്ങള്‍ അയച്ച എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.. എല്ലാവരെയും സ്‌നേഹിക്കുന്നു.''-സരിത കുറിച്ചു.

ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമകളില്‍ സജീവ സാന്നിധ്യമായിരുന്നു സരിത. മുകേഷുമായുള്ള വിവാഹശേഷം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. പിന്നീട് ഇരുവരും വേര്‍പിരിഞ്ഞെങ്കിലും മക്കള്‍ സരിതയ്‌ക്കൊപ്പം ആയിരുന്നു. ഇപ്പോള്‍ സിനിമയിലും സീരിയലിലും സജീവമായി തന്നെ താരം തുടരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/359850/separation-made-me-stronger-thanks-to-mukesh-for-giving-me-the-opportunity-to-live-with-my-children-saritha-opens-up)