---
title: "'എല്ലാ പ്രണയങ്ങളും പാരിസിൽ പൂക്കണമെന്നുണ്ടോ?'; സിനിമയിലെ കോടികളുടെ ധൂർത്തിനെതിരെ പൊട്ടിത്തെറിച്ച് കമൽഹാസൻ!"
english_title: "Kamal Haasan blasts the profligacy of crores in cinema"
publisher: "moviemax.in"
canonical_url: "https://moviemax.in/news/359837/kamal-haasan-blasts-the-profligacy-of-crores-in-cinema"
published_at: "2026-05-16T15:58:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a08470f049c9_22.jpg"
keywords: []
---

# 'എല്ലാ പ്രണയങ്ങളും പാരിസിൽ പൂക്കണമെന്നുണ്ടോ?'; സിനിമയിലെ കോടികളുടെ ധൂർത്തിനെതിരെ പൊട്ടിത്തെറിച്ച് കമൽഹാസൻ!

> **Lead Summary:** **[**പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ സിനിമകളിൽ കണ്ടുവരുന്ന അനാവശ്യമായ ധൂർത്തും ആഡംബരങ്ങളും ഒഴിവാക്കണമെന്ന ശക്തമായ ആഹ്വാനവുമായി ഉലകനായകൻ കമൽഹാസൻ.

## Article Content

**[**പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ സിനിമകളിൽ കണ്ടുവരുന്ന അനാവശ്യമായ ധൂർത്തും ആഡംബരങ്ങളും ഒഴിവാക്കണമെന്ന ശക്തമായ ആഹ്വാനവുമായി ഉലകനായകൻ കമൽഹാസൻ.

സിനിമകളുടെ വമ്പൻ ബജറ്റുകൾ വെട്ടിച്ചുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് 'സിനിമാ വ്യവസായത്തോടുള്ള എന്റെ അഭ്യർഥന' എന്ന തലക്കെട്ടോടെ അദ്ദേഹം എക്‌സിൽ പങ്കുവെച്ച കുറിപ്പ് വലിയ ചർച്ചയായിരിക്കുകയാണ്.

ലോകം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും സിനിമാലോകം എന്തിനാണ് ഇത്രയധികം ആഡംബരം നിറഞ്ഞ ചിത്രീകരണങ്ങളുമായി മുന്നോട്ടുപോകുന്നതെന്ന് അദ്ദേഹം ചോദ്യമുന്നയിച്ചു.

എല്ലാ പ്രണയകഥകളും പാരിസിൽ തന്നെ ചിത്രീകരിക്കണമെന്നുണ്ടോയെന്നും എല്ലാ ഹണിമൂൺ രംഗങ്ങളും സ്വിറ്റ്‌സർലൻഡിൽ തന്നെയാകണോ എന്നും ചോദിച്ച കമൽഹാസൻ, ഭാവനയും കൃത്യതയുമാണ് സിനിമയ്ക്ക് വേണ്ടതെന്നും അല്ലാതെ അനാവശ്യമായ പണമൊഴുക്കലല്ലെന്നും ഓർമ്മിപ്പിച്ചു.

ഇന്ധനവിലയും മറ്റ് നിർമാണച്ചെലവുകളും ഉയരുന്ന സാഹചര്യത്തിൽ വിനോദത്തിനായി ജനങ്ങൾ പണം ചെലവഴിക്കുന്നത് കുറഞ്ഞേക്കാമെന്നും ഇത് മുൻകൂട്ടിക്കണ്ട് സിനിമാ നിർമാണ രീതികളിൽ പ്രായോഗികവും സുസ്ഥിരവുമായ മാറ്റങ്ങൾ വരുത്താൻ സിനിമാപ്രവർത്തകർ തയ്യാറാകണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാൽ സിനിമയിലെ ഈ ചെലവ് ചുരുക്കൽ ഒരിക്കലും താഴെത്തട്ടിലുള്ള സാധാരണ തൊഴിലാളികളുടെ വേതനത്തെയോ, സുരക്ഷയെയോ, അന്തസ്സിനെയോ ബാധിക്കരുതെന്നും കഠിനാധ്വാനം ചെയ്യുന്നവരുടെ മേൽ ഇതിന്റെ ഭാരം അടിച്ചേൽപ്പിക്കരുതെന്നും അദ്ദേഹം പ്രത്യേകം ഓർമ്മിപ്പിച്ചു.

നിലവിൽ സിനിമ നേരിടുന്ന സാമ്പത്തിക സമ്മർദ്ദങ്ങളെ കൂട്ടായി അഭിമുഖീകരിക്കുന്നതിനായി നിർമാതാക്കൾ, താരങ്ങൾ, യൂണിയനുകൾ, ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾ എന്നിവരെല്ലാം ചേർന്ന് ചർച്ച ചെയ്യണമെന്നും വരുംതലമുറയ്ക്കായി സിനിമയുടെ സാമ്പത്തിക ഭദ്രത സൂക്ഷിക്കേണ്ടത് ഇപ്പോഴുള്ളവരുടെ ഉത്തവരവാദിത്തമാണെന്നും വ്യക്തമാക്കിയാണ് കമൽഹാസൻ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/359837/kamal-haasan-blasts-the-profligacy-of-crores-in-cinema)