---
title: "വിജയ് സാറോട് ട്രാവൽ പട്രതിക്ക് ഐഡിയ ഇറിക്ക...? 'എന്ത് ചോദ്യമാടെയ്..'; മാധ്യമപ്രവർത്തകനോട്  മാളവിക മോഹനൻ"
english_title: "Malavika Mohanan lashes out at journalist's question"
publisher: "moviemax.in"
canonical_url: "https://moviemax.in/news/359882/malavika-mohanan-lashes-out-at-journalists-question"
published_at: "2026-05-16T18:56:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0870f0e2bf4_malavika.jpg"
keywords: []
---

# വിജയ് സാറോട് ട്രാവൽ പട്രതിക്ക് ഐഡിയ ഇറിക്ക...? 'എന്ത് ചോദ്യമാടെയ്..'; മാധ്യമപ്രവർത്തകനോട്  മാളവിക മോഹനൻ

> **Lead Summary:** ** മല**യാളികൾക്ക് പ്രിയങ്കരിയായ നടിയാണ് മാളവിക മോഹനൻ. ദുൽഖര്‍ സൽമാൻ നായകനായി എത്തിയ പട്ടം പോലെ എന്ന സിനിമയിലൂടെ വെള്ളിത്തിരയിൽ എത്തിയ മാളവിക ഇന്ന് തെന്നിന്ത്യയിലെ തന്നെ മുൻനിര നായികമാരിൽ ഒരാളാണ്.

## Article Content

** മല**യാളികൾക്ക് പ്രിയങ്കരിയായ നടിയാണ് മാളവിക മോഹനൻ. ദുൽഖര്‍ സൽമാൻ നായകനായി എത്തിയ പട്ടം പോലെ എന്ന സിനിമയിലൂടെ വെള്ളിത്തിരയിൽ എത്തിയ മാളവിക ഇന്ന് തെന്നിന്ത്യയിലെ തന്നെ മുൻനിര നായികമാരിൽ ഒരാളാണ്.

മാസ്റ്റർ എന്ന ചിത്രത്തിൽ വിജയിയുടെ പെയറായും എത്തിയ മാളവിക, തമിഴ് മാധ്യമപ്രവർത്തകർക്ക് നേരെ ആഞ്ഞടിച്ചിരിക്കുകയാണ് ഇപ്പോൾ. ഒരു പരിപാടിക്കിടെ വെറുപ്പുളവാക്കുന്ന തരത്തിൽ ഒരു മാധ്യമപ്രവർത്തകൻ ചോദ്യം ചോദിച്ചു. ഇതാണ് നടിയെ ചൊടിപ്പിച്ചിരിക്കുന്നത്.

'വിജയ് സാർ പോകുന്നിടത്തെല്ലാം തൃഷയും പോകുന്നുണ്ട്. അതുപോലെ പോകാൻ നിങ്ങള്‍ക്കും ഐഡിയ ഉണ്ടോ ?' എന്നായിരുന്നു തമിഴ് മാധ്യമപ്രവർത്തകന്റെ ചോദ്യം. ഇത് മാളവികയ്ക്ക് ഇഷ്ടമായില്ലെന്നത് വീഡിയോയിൽ നിന്നും വ്യക്തമാണ്.

'ഇതെന്ത് ചോദ്യമെന്നാണ്' പുച്ഛത്തോടെ മാളവിക അയളോട് തിരിച്ച് കേട്ടത്. പിന്നാലെ ഒപ്പമുള്ളവരും മാധ്യമപ്രവർത്തകന് നേരെ തിരിഞ്ഞു. ഈ പരിപാടിയും ഈ ചോദ്യവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്നാണ് അവർ ഇയാളോട് ചോദിച്ചത്.

എന്നിട്ടും മാധ്യമപ്രവർത്തകൻ 'വിജയ് സാറോട് ട്രാവൽ പട്രതിക്ക് ഐഡിയ ഇറിക്ക', എന്ന് വീണ്ടും ചോദിക്കുന്നുണ്ട്. എന്നാൽ ഇതിൽ നിന്നും മാളവിക ഒഴിഞ്ഞ് മാറുകയായിരുന്നു.

> പിന്നാലെ ഈ ചോദ്യത്തിന് എതിരെ മാളവിക സോഷ്യൽ മീഡിയയിൽ പോസ്റ്റിടുകയും ചെയ്തു. "ഞാൻ ഇന്നലെ ഒരു പരിപാടിക്ക് പോയിരുന്നു. തമിഴ്‌നാട്ടിലെ എല്ലാ മാധ്യമപ്രവർത്തകരോടും എനിക്ക് അങ്ങേയറ്റം ബഹുമാനമുണ്ട്.

പക്ഷേ, അവരിൽ ചിലർ തികച്ചും അനാവശ്യവും സെൻസേഷണൽ ആയതും വളരെ വെറുപ്പുളവാക്കുന്നതുമായ ചില ചോദ്യങ്ങൾ നിരന്തരം ചോദിച്ചു കൊണ്ടേയിരുന്നു. കഴിഞ്ഞ ഏഴ് വർഷമായി എനിക്ക് അറിയാവുന്ന ആളാണ് ദളപതി വിജയ്. അങ്ങേയറ്റം ബഹുമാനമുള്ളൊരാൾ.

> അദ്ദേഹത്തിന്റെ ഈ യാത്ര നോക്കിക്കണ്ടത് അവിശ്വസനീയമായ ഒന്നായിരുന്നു. ഭാവിയിൽ മാന്യവും പരിഗണനയും നിലനിർത്താൻ മാധ്യമങ്ങൾ ശ്രമിക്കണം. അത് ഞാൻ അഭിനന്ദിക്കുകയും ചെയ്യും", എന്നായിരുന്നു മാളവിക മോഹനന്റെ വാക്കുകൾ.

> ആർജെ ബാലാജിയും മാധ്യമപ്രവർത്തകർക്കെതിരെ രം​ഗത്തെത്തി. "മാധ്യമങ്ങൾ എപ്പോഴും അന്തസ്സും ബഹുമാനവും ഉയർത്തിപ്പിടിക്കണം. പ്രത്യേകിച്ചും വ്യക്തിബന്ധങ്ങളുടെയും അവയുടെ അതിരുകളുടേയും കാര്യത്തിൽ", എന്നായിരുന്നു അദ്ദേഹം കുറിച്ചത്.

ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഒപ്പം മാധ്യമപ്രവർത്തകന് വലിയ രീതിയിൽ വിമർശനവും വരുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/359882/malavika-mohanan-lashes-out-at-journalists-question)