തെന്മല: ( www.truevisionnews.com ) പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റ സ്ത്രീ പേവിഷബാധയെ തുടർന്ന് മരിച്ചു. ആര്യങ്കാവ് കരയാളർമെത്ത് സ്വദേശി കുഞ്ഞമ്മ(54)യാണ് മരിച്ചത്.
രണ്ടുമാസംമുൻപ് ആര്യങ്കാവ് കുളിർകാടിൽ കോലിഞ്ചി കൃഷിയിടത്തിലെ ഷെഡിൽ രാത്രി കിടന്നുറങ്ങുന്നതിനിടെ പുലി വളർത്തുനായയെ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. ഇതിനിടയിലാണ് കുഞ്ഞമ്മയ്ക്കും പരിക്കേറ്റതെന്ന് അന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ആരോഗ്യവിഭാഗം അധികൃതരോട് പറഞ്ഞിരുന്നു.
കുഞ്ഞമ്മ കഴിഞ്ഞ രണ്ടിന് പനി ഉൾപ്പെടെയുള്ള അസ്വസ്ഥതയെ തുടർന്ന് പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സതേടിയിരുന്നു. പിന്നീട് ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അവിടെ ചികിത്സയിലിരിക്കെ ശനിയാഴ്ച മരിച്ചു. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
പേവിഷബാധയെതുടർന്നാണ് കുഞ്ഞമ്മയുടെ മരണമെന്ന് ജില്ലാ ആരോഗ്യവിഭാഗം സ്ഥിരീകരിച്ചിട്ടുണ്ട്.
Woman injured in leopard attack dies of rabies
































