തിരുവനന്തപുരം: (truevisionnews.com) സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി ഭരണരീതികളിലും പ്രോട്ടോക്കോളിലും മാറ്റങ്ങളുമായി നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ യാത്രകൾക്കായി പോലീസ് ഫണ്ടിൽ നിന്നും വാങ്ങിയ രണ്ട് കറുത്ത ഇന്നോവ കാറുകൾ പോലീസ് തിരികെ ഏറ്റെടുത്തു. പുതിയ മന്ത്രിസഭയ്ക്കായി വെള്ള ഇന്നോവ ക്രിസ്റ്റ കാറുകളാണ് പൊതുഭരണവകുപ്പ് ടൂറിസം വകുപ്പിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
തന്റെ യാത്രകൾ കാരണം പൊതുജനങ്ങൾക്ക് ഒരു തരത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാകരുതെന്ന് നിയുക്ത മുഖ്യമന്ത്രി പോലീസിന് കർശന നിർദേശം നൽകി. പൈലറ്റ്, എസ്കോർട്ട് വാഹനങ്ങൾ ഒഴികെയുള്ള അധിക സുരക്ഷാ അകമ്പടികൾ ഒഴിവാക്കാനാണ് നിർദേശം.
യാത്ര ചെയ്യുമ്പോൾ റോഡുകൾ തടസ്സപ്പെടുത്തരുതെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥരോട് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. എസ്കോർട്ട് വാഹനം പോലും വേണ്ടെന്ന നിലപാടിലായിരുന്നു സതീശനെങ്കിലും സുരക്ഷാ മാനദണ്ഡങ്ങൾ മുൻനിർത്തി അത് നിർബന്ധമാണെന്ന് പോലീസ് അറിയിക്കുകയായിരുന്നു.
അതേസമയം, ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി പ്രത്യേകമായി ആവശ്യപ്പെടുകയാണെങ്കിൽ കറുത്ത കാറുകൾ വീണ്ടും വിട്ടുനൽകുമെന്നും വിവരമുണ്ട്.
Black cars are out of the question; V.D. Satheesan and ministers get white Innovas.
































