---
title: "'അതിരടി'ക്ക് ഗംഭീര തുടക്കം; തീയേറ്ററുകളിൽ ആവേശത്തിരയിളക്കി ടൊവിനോയും ബേസിലും"
english_title: "'Athiradi' gets off to a great start"
publisher: "moviemax.in"
canonical_url: "https://moviemax.in/news/359619/athiradi-gets-off-to-a-great-start"
published_at: "2026-05-15T15:35:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a06f03675f15_22.jpg"
keywords: []
---

# 'അതിരടി'ക്ക് ഗംഭീര തുടക്കം; തീയേറ്ററുകളിൽ ആവേശത്തിരയിളക്കി ടൊവിനോയും ബേസിലും

> **Lead Summary:** **[ **മലയാള സിനിമയിലെ യുവതാരനിര ഒന്നിച്ചെത്തിയ മൾട്ടി സ്റ്റാർ ചിത്രം ‘അതിരടി’ ബോക്സ് ഓഫീസിൽ വൻ കുതിപ്പ് തുടരുന്നു. ടൊവിനോ തോമസ്, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം മെയ് 13-ന് നടന്ന പ്രീമിയർ ഷോകൾ മുതൽ ഗംഭീരമായ പ്രേക്ഷക പ്രതികരണമാണ് നേടുന്നത്.

## Article Content

**[ **മലയാള സിനിമയിലെ യുവതാരനിര ഒന്നിച്ചെത്തിയ മൾട്ടി സ്റ്റാർ ചിത്രം ‘അതിരടി’ ബോക്സ് ഓഫീസിൽ വൻ കുതിപ്പ് തുടരുന്നു. ടൊവിനോ തോമസ്, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം മെയ് 13-ന് നടന്ന പ്രീമിയർ ഷോകൾ മുതൽ ഗംഭീരമായ പ്രേക്ഷക പ്രതികരണമാണ് നേടുന്നത്.

കേരളത്തിലെ നൂറോളം സ്ക്രീനുകളിൽ നടന്ന ആദ്യ പ്രദർശനങ്ങൾ കഴിഞ്ഞപ്പോൾ തന്നെ ചിത്രം ഒരു പക്കാ മാസ്സ് കോമഡി ക്യാമ്പസ് എന്റർടൈനറാണെന്ന അഭിപ്രായം പടർന്നത് ചിത്രത്തിന് വലിയ മൈലേജ് നൽകി.

ആദ്യ ദിനം മുതൽ കേരളത്തിലെ തീയേറ്ററുകൾ പൂരപ്പറമ്പുകളാക്കി മാറ്റിയ ചിത്രം ബുക്ക് മൈ ഷോയിൽ അവിശ്വസനീയമായ നേട്ടമാണ് സ്വന്തമാക്കുന്നത്. മണിക്കൂറിൽ 12,000-ത്തിന് മുകളിൽ ടിക്കറ്റുകൾ വിറ്റഴിക്കപ്പെടുന്ന രീതിയിൽ ചിത്രം ഓൺലൈനിൽ ട്രെൻഡിംഗായി തുടരുകയാണ്.

മിന്നൽ മുരളിക്ക് ശേഷം ടൊവിനോയും ബേസിലും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും നവാഗതനായ അരുൺ അനിരുദ്ധന്റെ സംവിധാന മികവും ചിത്രത്തിന്റെ വിജയത്തിന് കരുത്തേകുന്നു.

ഒരു കോളേജ് ഫെസ്റ്റിവലിനെ ചുറ്റിപ്പറ്റിയുള്ള ബേസിൽ ജോസഫിന്റെ സാം കുട്ടി എന്ന കഥാപാത്രവും ടൊവിനോയുടെ ഗായകൻ കൂടിയായ ശ്രീക്കുട്ടൻ എന്ന ഗുണ്ടയും തമ്മിലുള്ള പോരാട്ടമാണ് ചിരിയും ആക്ഷനും കലർത്തി ചിത്രം അവതരിപ്പിക്കുന്നത്.

ആഗോളതലത്തിൽ 10 കോടിക്ക് മുകളിൽ ഓപ്പണിംഗ് കളക്ഷൻ നേടുന്ന മലയാള ചിത്രങ്ങളുടെ പട്ടികയിൽ ‘അതിരടി’ ഇടംപിടിക്കുമെന്നാണ് ബോക്സ് ഓഫീസ് വിദഗ്ധരുടെ വിലയിരുത്തൽ.

ബേസിൽ ജോസഫ് നിർമ്മാണരംഗത്തേക്ക് ചുവടുവെച്ച ആദ്യ ചിത്രം കൂടിയാണിത്. ഷാൻ റഹ്മാൻ, വിഷ്ണു അഗസ്ത്യ, ദർശന രാജേന്ദ്രൻ തുടങ്ങിയ വലിയ താരനിര അണിനിരന്ന ഈ ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും പ്രദർശനത്തിന് എത്തിയിട്ടുണ്ട്.

വിഷ്ണു വിജയ് ഒരുക്കിയ ചിത്രത്തിലെ ഗാനങ്ങൾ ഇതിനോടകം തന്നെ തീയേറ്ററുകളിൽ തരംഗമായി മാറിയിരിക്കുകയാണ്. കുടുംബ പ്രേക്ഷകരെയും യുവാക്കളെയും ഒരേപോലെ തൃപ്തിപ്പെടുത്തുന്ന ഒരു കംപ്ലീറ്റ് ഫൺ പാക്കേജായി ‘അതിരടി’ മുന്നേറുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/359619/athiradi-gets-off-to-a-great-start)