ദില്ലി: ( www.truevisionnews.com ) കേരളത്തിലെ മുഖ്യമന്ത്രി തർക്കത്തിൽ മുതിർന്ന നേതാവ് തിരുവഞ്ചുർ രാധാകൃഷ്ണനും കെപിസിസി വർക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷ്, ടി. സിദ്ദിഖ് എന്നിവരും കെ.സി. വേണുഗോപാലിനെ അനുകൂലിക്കുമെന്ന് റിപ്പോർട്ട്.
കെ മുരളീധരനും വി എസ് സുധീരനും ജനവികാരം മാനിച്ച് സതീശനെ മുഖ്യമന്ത്രി ആക്കുന്നതാവും ഉചിതം എന്ന നിലപാടാണ് സ്വീകരിക്കുന്നത്. എംഎം ഹസൻ, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ കേരളത്തിലെ സാഹചര്യം ചൂണ്ടിക്കാട്ടുമെങ്കിലും ആരുടെയും പേര് പറയാതെ ഹൈക്കമാൻഡിന് മുന്നിൽ പറയാതെ നിക്ഷ്പക്ഷത പാലിക്കുമെന്നാണ് വിവരം.
അതേസമയം, നിർണായക ചർച്ചയാണ് നടക്കുന്നതെന്നും അഭിപ്രായവും നിലപാടും കൃത്യമാണെന്നും കെ. സുധാകരൻ പറഞ്ഞു. അഭിപ്രായം മാധ്യമങ്ങളോട് പറയാൻ ഇല്ല. എംഎൽഎമാരുടെ അഭിപ്രായം പരിഗണിക്കണമെന്നാണ് നിലപാടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ മുഖ്യമന്ത്രി തർക്കത്തിൽ തീരുമാനം എടുത്തിട്ടല്ല രാഹുൽ ഗാന്ധി നേതാക്കളെ ദില്ലിയിലേക്ക് വിളിച്ചതെന്ന് എഐസിസി വൃത്തങ്ങൾ. നേതാക്കളുടെ അഭിപ്രായം കേട്ട ശേഷം രാഹുൽ ഗാന്ധി തീരുമാനിക്കും.
യുപിഎ അധ്യക്ഷ സോണിയ ഗാന്ധി ഇതുവരെ ആരുടെയും പേര് പറഞ്ഞിട്ടില്ല. മുതിർന്ന എകെ ആന്റണിയും ആരെയും നിർദ്ദേശിച്ചില്ലെന്നാണ് സൂചന.
അതേസമയം, എംഎൽഎമാരുടെ എണ്ണം അവഗണിക്കരുതെന്ന നിലപാടിലുറച്ച് നിൽക്കുകയാണ് കെ.സി. വേണുഗോപാലിനെ പിന്തുണയ്ക്കുന്നവർ.
കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ചകളുടെ ഭാഗമായി രാഹുൽ ഗാന്ധി നേരിട്ട് അഭിപ്രായങ്ങൾ തേടുകയാണ്. രാഹുൽ, നെഹ്റു കുടുംബത്തോട് അടുപ്പമുള്ള പലരുടെയും അഭിപ്രായം തേടി. ഇന്ന് കേരളത്തിൽ നിന്നുള്ള മുതിർന്ന നേതാക്കളുമായും സംസാരിക്കും.
അതേസമയം, സോണിയ ഗാന്ധി തീരുമാനം എടുക്കണമെന്നാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ അഭിപ്രായം. കെസി വേണുഗോപാലുമായി ഖർഗെയ്ക്കും രാഹുലിനും വ്യക്തിപരമായ ബന്ധമുണ്ട് എന്ന സാഹചര്യത്തിലാണ് സോണിയ ഗാന്ധി തീരുമാനിക്കട്ടെയെന്ന നിലപാടിലേക്ക് ഖർഗെ എത്തിയത്. എട്ടു ദിവസമായിട്ടും തീരുമാനം പ്രഖ്യാപിക്കാൻ കഴിയാത്തതിൽ ഘടകകക്ഷികളിൽ അടക്കം പ്രതിഷേധം പുകയുകയാണ്.
Kerala CM Discussions in Delhi crucial

































