കൊല്ലം: ( www.truevisionnews.com ) കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകളിലും സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങളിലും രൂക്ഷമായ പ്രതികരണവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വി.ഡി. സതീശൻ മുഖ്യമന്ത്രിയായാൽ എസ്എൻഡിപിക്ക് വേണ്ടി ഒന്നും ചെയ്യില്ലെന്നും, മുസ്ലീം ലീഗ് പറയുന്നത് അനുസരിച്ച് പ്രവർത്തിക്കുന്ന ആളാണ് സതീശനെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് ഹൈക്കമാൻഡാണ്. പരിഗണനയിലുള്ള മൂന്നുപേരും യോഗ്യരാണെങ്കിലും തന്റെ സ്വന്തം ജില്ലയായ ആലപ്പുഴയിൽ നിന്ന് ഒരാൾ മുഖ്യമന്ത്രിയായാൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സതീശൻ മുഖ്യമന്ത്രിയായാൽ തനിക്കൊരു ചുക്കുമില്ലെന്നും തന്റെ രോമത്തിൽ പോലും തൊടാൻ കഴിയില്ലെന്നും വെള്ളാപ്പള്ളി പരിഹസിച്ചു.
പിണറായി വിജയൻ മിടുക്കനും കരുത്തനുമായ ഭരണാധികാരിയാണ്. ഭരണപരാജയത്തിന്റെ ഉത്തരവാദിത്തം അദ്ദേഹത്തിന്റെ തലയിൽ മാത്രം കെട്ടിവെക്കുന്നത് നന്ദികേടാണ്. എന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലർ അദ്ദേഹത്തെ കൂട്ടിലിട്ട തത്തയെപ്പോലെയാക്കി. അദ്ദേഹം അറിയാതെ ചിലർ ആഭ്യന്തര ഭരണം നടത്തിയതാണ് അദ്ദേഹത്തിന് പറ്റിയ അബദ്ധമെന്നും വെള്ളാപ്പള്ളി നിരീക്ഷിച്ചു.
യു. പ്രതിഭയുടെ പരാജയത്തിന് കാരണം അവരുടെ തന്നെ പിടിപ്പുകേടാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. പ്രതിഭയുടെ മകനെക്കുറിച്ചുള്ള വിവാദങ്ങൾ ജനങ്ങൾ കണ്ടുകൊണ്ടിരിക്കുകയാണെന്നും അവസരം കിട്ടിയപ്പോൾ ജനം പ്രതികരിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാത്യു കുഴൽനാടനെതിരെ ലീഗ് നടത്തുന്ന നീക്കങ്ങളെയും അദ്ദേഹം വിമർശിച്ചു. അഭിപ്രായം പറഞ്ഞതിന് കുഴൽനാടനെ വേട്ടയാടുകയാണ്. ലീഗ് തന്നെയും വേട്ടയാടുകയാണെന്ന് അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷ നേതാവ് ആരാകണമെന്ന് തീരുമാനിക്കേണ്ടത് സിപിഐഎം ആണെന്നും വെള്ളാപ്പള്ളി നടേശൻ പരിഹാസരൂപേണ പറഞ്ഞു.
If V.D. Satheesan becomes the Chief Minister, he will not do 'anything' to SNDP; Pinarayi is smart, says Vellappally Natesan

































