---
title: "'ഈ പയ്യനെ ഓർമ്മയുണ്ടോ? കക്ഷി ഇന്ന് ചില്ലറക്കാരനല്ല; സ്വന്തമായി സിനിമാ കമ്പനിയും ബാഫ്റ്റ നോമിനേഷനുമുള്ള ലോകമറിയുന്ന സെലിബ്രിറ്റിയാണ്!"
english_title: "He is a world-renowned celebrity with his own film company and a BAFTA nomination!"
publisher: "moviemax.in"
canonical_url: "https://moviemax.in/news/358142/he-is-a-world-renowned-celebrity-with-his-own-film-company-and-a-bafta-nomination"
published_at: "2026-05-08T12:56:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fd9128d344f_He_is_a_world-renowned_celebrity_with_his_own_film_company_and_a_BAFTA_nomination.jpg"
keywords: []
---

# 'ഈ പയ്യനെ ഓർമ്മയുണ്ടോ? കക്ഷി ഇന്ന് ചില്ലറക്കാരനല്ല; സ്വന്തമായി സിനിമാ കമ്പനിയും ബാഫ്റ്റ നോമിനേഷനുമുള്ള ലോകമറിയുന്ന സെലിബ്രിറ്റിയാണ്!

> **Lead Summary:** മലയാളികൾക്ക് അത്ര പെട്ടെന്ന് മറക്കാൻ കഴിയാത്ത മുഖമാണ് ശിവ റായ്ചന്ദാനിയുടേത്. 2007-ൽ കമൽ സംവിധാനം ചെയ്ത 'ഗോൾ' എന്ന ചിത്രത്തിലൂടെയാണ് ശിവ മലയാളികൾക്ക് പരിചിതനാകുന്നത്. ചിത്രത്തിൽ ഫുട്ബോളിനെ നെഞ്ചേറ്റിയ രാഹുൽ എന്ന കഥാപാത്രമായി താരം നടത്തിയ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നടൻ ഗണപതിയായിരുന്നു അന്ന് ശിവയുടെ കഥാപാത്രത്തിന് ശബ്ദം നൽകിയത്.

## Article Content

മലയാളികൾക്ക് അത്ര പെട്ടെന്ന് മറക്കാൻ കഴിയാത്ത മുഖമാണ് ശിവ റായ്ചന്ദാനിയുടേത്. 2007-ൽ കമൽ സംവിധാനം ചെയ്ത 'ഗോൾ' എന്ന ചിത്രത്തിലൂടെയാണ് ശിവ മലയാളികൾക്ക് പരിചിതനാകുന്നത്. ചിത്രത്തിൽ ഫുട്ബോളിനെ നെഞ്ചേറ്റിയ രാഹുൽ എന്ന കഥാപാത്രമായി താരം നടത്തിയ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നടൻ ഗണപതിയായിരുന്നു അന്ന് ശിവയുടെ കഥാപാത്രത്തിന് ശബ്ദം നൽകിയത്.

'ഗോൾ' എന്ന സിനിമയ്ക്ക് ശേഷം മലയാളത്തിൽ പിന്നീട് കണ്ടില്ലെങ്കിലും, ഇന്ന് ബ്രിട്ടീഷ് ചലച്ചിത്ര-ടെലിവിഷൻ രംഗത്തെ സജീവ സാന്നിധ്യമാണ് ശിവ. രാജ്യാന്തര തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന നടൻ എന്നതിലുപരി മികച്ചൊരു സംവിധായകനായും എഴുത്തുകാരനായും ശിവ വളർന്നു കഴിഞ്ഞു. 'റസീലിൻയൻസ് ലിമിറ്റഡ്' എന്ന പേരിൽ സ്വന്തമായി ഒരു നിർമ്മാണ കമ്പനിയും ശിവയ്ക്കുണ്ട്.

താൻ ഒരു നോൺ-ബൈനറി വ്യക്തിത്വമാണെന്ന് തുറന്നുപറഞ്ഞ ശിവ, ലിംഗസമത്വത്തെയും ക്വീർ സമൂഹത്തിന്റെ അവകാശങ്ങളെയും മുൻനിർത്തി നടത്തുന്ന പ്രവർത്തനങ്ങൾ ആഗോളതലത്തിൽ വലിയ അംഗീകാരങ്ങളാണ് നേടിക്കൊടുക്കുന്നത്. ശിവ സംവിധാനം ചെയ്ത 'ക്വീർ പരിവാർ' എന്ന ചിത്രം ഐറിസ് പ്രൈസ് നേടുകയും ബ്രിട്ടിഷ് അക്കാദമി ഫിലിം അവാർഡ്‌സിന് യോഗ്യത നേടുകയും ചെയ്തിട്ടുണ്ട്. കൂടാതെ 'ഓൾവേയ്സ് ആസിഫ' എന്ന ഡോക്യുമെന്ററിക്ക് ബാഫ്റ്റ നോമിനേഷൻ ലഭിച്ചതും വലിയൊരു നേട്ടമായി കണക്കാക്കപ്പെടുന്നു.

ബോളിവുഡ് നൃത്തത്തെയും കഥപറച്ചിലിനെയും ലിംഗസമത്വത്തിന്റെ പുതിയ തലങ്ങളിലേക്ക് എത്തിച്ച ശിവ, 'ബ്രിട്ടൻസ് ഗോട്ട് ടാലന്റ്' ഷോയുടെ സെമി ഫൈനലിലും എത്തിയിരുന്നു. കലയിലൂടെ സാമൂഹിക മാറ്റങ്ങൾക്കായി നിലകൊള്ളുന്ന ശിവയെ ബ്രിട്ടനിലെ ഏറ്റവും പ്രഗത്ഭരായ 10 യുവ കലാകാരന്മാരിൽ ഒരാളായാണ് ആറ്റിറ്റ്യൂഡ് മാഗസിൻ തിരഞ്ഞെടുത്തത്.

2021ൽ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം ‘എറ്റേർണൽസി’ലും ചെറിയൊരു വേഷത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. മലയാള സിനിമയിൽ നിന്ന് തുടങ്ങിയ ആ യാത്ര ഇന്ന് ലോകസിനിമയുടെ വലിയ വേദികളിൽ എത്തിനിൽക്കുന്നത് ഓരോ സിനിമാപ്രേമിക്കും അഭിമാനകരമായ കാര്യമാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/358142/he-is-a-world-renowned-celebrity-with-his-own-film-company-and-a-bafta-nomination)