ആലപ്പുഴ: ( www.truevisionnews.com ) നിയുക്ത അമ്പലപ്പുഴ എംഎൽഎ ജി.സുധാകരൻ ഭുവനേശ്വരൻ്റെ രക്തസാക്ഷി മണ്ഡപത്തിലെത്തി പുഷ്പാർച്ചന നടത്തി. ഭാര്യയോടൊപ്പം ഇന്ന് രാവിലെയോടെയാണ് എത്തിയത്. ചാരൂംമൂട് സിപിഐഎം ഏരിയ കമ്മിറ്റിയുടെ കീഴിലുള്ള രക്തസാക്ഷി മണ്ഡപത്തിലാണ് സുധാകരൻ എത്തിയത്.
സിപിഐഎം വിട്ട് കോൺഗ്രസ് പിന്തുണയോടെ സ്ഥാനാർഥിയായപ്പോൾ സിപിഐഎം സുധാകരനെ വിമർശിച്ചിരുന്നത് ഭുവനേശ്വരൻ്റെ പേര് ഉപയോഗിച്ചായിരുന്നു. കെ എസ് യു വകവരുത്തിയ ഭുവനേശ്വരനെ സുധാകരൻ മറന്നുവെന്ന് പാർട്ടി പ്രചാരണം നടത്തിയിരുന്നു.
എന്നാൽ എസ്എഫ്ഐയുടെ സഹായത്തോടെ കെഎസ് യു വകവരുത്തിയെന്നാണ് പിന്നീട് സുധാകരൻ തിരുത്തിയത്. ഭുവനേശ്വരൻ്റെ പേരിൽ സുധാകരനെ തോൽപ്പിക്കാൻ സിപിഐഎം ശ്രമിച്ചെങ്കിലും അതിൽ തളർന്ന് വീഴാതെ സുധാകരൻ ജയിച്ചുകയറി. ഒടുവിൽ വൻ വിജയത്തിന് ശേഷം ഇന്ന് ഭുവനേശ്വരൻ്റെ രക്തസാക്ഷി മണ്ഡപത്തിൽ സുധാകരൻ എത്തി പുഷ്പാർച്ചന നടത്തി.
യുഡിഎഫ് പിന്തുണയോടെ സ്വതന്ത്രനായി ജനവിധി തേടിയ സുധാകരൻ രാഷ്ട്രീയ ചരിത്രം തന്നെ തിരുത്തി കുറിച്ച് സിറ്റിങ് എംഎൽഎ എച്ച് സലാമിനെ പരാജയപ്പെടുത്തി വിജയിച്ചത്.
19,000-ത്തിന് മുകളിൽ വോട്ടുകൾക്ക് ജയിക്കുമെന്നായിരുന്നു സുധാകരന്റെ പ്രവചനം. അതിനെയും മറികടന്ന് 27935 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയം. 75184 വേട്ടുകളാണ് ജി സുധാകരന് ആകെ ലഭിച്ചത്. സിപിഎമ്മിന്‍റെ സിറ്റിങ് എംഎൽഎ എച്ച് സലാമിന് 47249 വോട്ടുകളാണ് ലഭിച്ചത്. 2021-ൽ 11,125 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു എൽഡിഎഫിന്. ഇതിന്‍റെ ഇരട്ടി ഭൂരിപക്ഷമാണ് സുധാകരൻ നേടിയത്.
G Sudhakaran reached Bhuvaneswaran's martyrdom hall with his family
































