കൊച്ചി: (truevisionnews.com) കേരളത്തിന്റെ പ്രിയപ്പെട്ട മത്സ്യമായ മത്തിയുടെ ലഭ്യതയിൽ ഗണ്യമായ വർധനവ് രേഖപ്പെടുത്തിക്കൊണ്ട് കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) വാർഷിക റിപ്പോർട്ട് പുറത്തുവന്നു.
കഴിഞ്ഞ പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന ലഭ്യതയാണ് ഇത്തവണ മത്തിക്ക് ലഭിച്ചിരിക്കുന്നത്. മുൻ വർഷത്തെ അപേക്ഷിച്ച് മത്തിയുടെ ലഭ്യതയിൽ 13 ശതമാനത്തിന്റെ വർധനവുണ്ടായി.
ഏകദേശം 1.68 ലക്ഷം ടൺ മത്തിയാണ് കഴിഞ്ഞ വർഷം കേരളതീരത്ത് നിന്ന് പിടിച്ചത്. മൊത്തം സമുദ്രമത്സ്യ ഉൽപാദനത്തിൽ രണ്ട് ശതമാനം വളർച്ചയോടെ കേരളം രാജ്യത്ത് മൂന്നാം സ്ഥാനം നിലനിർത്തി.
രാജ്യത്താകെ സമുദ്രമത്സ്യ ഉൽപാദനത്തിൽ മൂന്ന് ശതമാനത്തിന്റെ വർധനവുണ്ടായിട്ടുണ്ട്. 6.85 ലക്ഷം ടൺ മത്സ്യം പിടിച്ച തമിഴ്‌നാടാണ് ഉൽപാദനത്തിൽ ഒന്നാം സ്ഥാനത്ത്. കാലാവസ്ഥാ വ്യതിയാനം തിരിച്ചടിയായതോടെ ഗുജറാത്ത് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
കേരളത്തിൽ മത്തി കഴിഞ്ഞാൽ അയല, കൊഴുവ, കിളിമീൻ, ചെമ്മീൻ എന്നിവയാണ് കൂടുതൽ ലഭിച്ച ഇനങ്ങൾ. കണവ, കൂന്തൽ, നീരാളി എന്നിവയുടെ ലഭ്യതയും വർധിച്ചിട്ടുണ്ട്. എന്നാൽ ചെമ്മീൻ, പാമ്പാട തുടങ്ങിയ ഇനങ്ങളിൽ കുറവ് രേഖപ്പെടുത്തി.
ജില്ലകളിൽ എറണാകുളമാണ് മീൻപിടിത്തത്തിൽ മുന്നിൽ നിൽക്കുന്നത്. കൊല്ലം, കോഴിക്കോട് ജില്ലകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഹാർബറുകളിൽ കൊല്ലത്തെ നീണ്ടകരയാണ് ഒന്നാമതെത്തിയത്.
സമുദ്രമത്സ്യ മേഖലയിൽ നിന്നുള്ള വരുമാനത്തിലും വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. വിപണന കാര്യക്ഷമതയുടെ കാര്യത്തിൽ കേരളം രാജ്യത്ത് ഒന്നാമതാണെന്നും സിഎംഎഫ്ആർഐ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
അനുകൂലമായ പാരിസ്ഥിതിക ഘടകങ്ങളും നിയന്ത്രിത രീതിയിലുള്ള മത്സ്യബന്ധനവുമാണ് മത്തിയുടെ മടങ്ങിവരവിന് കാരണമായതെന്ന് സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
രാജ്യത്താകെ ഏറ്റവും കൂടുതൽ ലഭിച്ച മത്സ്യം അയലയാണെങ്കിലും കേരളത്തിന് മത്തിയുടെ തിരിച്ചുവരവ് വലിയ സാമ്പത്തിക ആശ്വാസമാണ് നൽകുന്നത്.
13 percent increase in sardine availability

































