വിഴിഞ്ഞം: ( www.truevisionnews.com ) ബീയർകുപ്പികളും പട്ടികയും ഉപയോഗിച്ച് യുവാവിന്റെ തലയടിച്ചുപൊട്ടിച്ച കേസിൽ നാലുപേരെ വിഴിഞ്ഞം പോലീസ് അറസ്റ്റുചെയ്തു. ആറാലൂമൂട് തലയൽ തുണ്ട്തട്ട് വാറുവിള പുതുവൽ പുത്തൻവീട്ടിൽ ദീപക്(22), മുകേഷ്(38), അജിത്(32), ആറാലുംമൂട് പത്താംക്കല്ല് കാരക്കച്ചുവിള ബിസ്മി മൻസിലിൽ അൽത്താഫ് എന്നിവരൊണ് അറസ്റ്റുചെയ്തത്. ഷാനു കബീർ എന്ന യുവാവിനാണ് അക്രമത്തിൽ പരിക്കേറ്റത്.
ചൊവ്വാഴ്ച വൈകിട്ട് നാലോടെ വിഴിഞ്ഞം കരടയിവിളയിലായിരുന്നു അക്രമം. ഓട്ടോറിക്ഷ ഓടിച്ചുവരുമ്പോഴാണ് ഷാനു കബിറിനെ പ്രതികൾ തടഞ്ഞുനിർത്തി ബിയർ കുപ്പികളും പട്ടികയും ഉപയോഗിച്ച് അടിച്ച് അവശനാക്കിയത്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഒട്ടിച്ച പോസ്റ്ററുകൾ ഷാനു കബീർ കീറിക്കളഞ്ഞിരുന്നു. ഇത് പ്രതികളിലൊരാളയ ദീപക്കിന്റെ അപ്പൂപ്പൻ കാണുകയും നാട്ടുകാരോട് ഇക്കാര്യം പറയുകയും ചെയ്തിരുന്നു. ഇതറിഞ്ഞ ഷാനു ദീപക്കിന്റെ അപ്പൂപ്പന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നെന്ന് പോലീസ് പറഞ്ഞു. ഇതിന്റെ വൈരാഗ്യത്തിലാണ് ഷാനുകബീറിനു നേരെ ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു.
പ്രതികൾക്കെതിരെ വധശ്രമത്തിന് വിഴിഞ്ഞം പോലീസ് കേസെടുത്തു. എസ്.എച്ച്.ഒ. രെജിരാജ്, എസ്.ഐമാരായ റെജി തോമസ്, വിനോദ്, എ.എസ്.ഐ. സജി, എസ്.സി.പി.ഒ.മാരായ വിനയകുമാർ, അജു, സി.പി.ഒ.രെജിൻ എന്നിവരാണ് പ്രതികളെ പിടികൂടീയത്.
Four arrested for smashing young man's head with beer bottles and a list
































