തൃശ്ശൂർ: (truevisionnews.com) കോടാലിയില്‍ പാമ്പുകടിയേറ്റ് ചികിത്സയിൽ കഴിയുന്ന അനോഷിന്റെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുത്തു. നിലവിൽ അപ്പോളോ ആശുപത്രിയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് കോടാലിയിൽ വീടിനുള്ളിൽ ഉറങ്ങിക്കിടന്ന സഹോദരങ്ങളെ പാമ്പ് കടിച്ചത്. മരിച്ച ആൽജോയെ കടിച്ചത് അതിമാരക വിഷമുള്ള ശംഖുവരയൻ ആണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിട്ടുണ്ട്.
ചൂട് കാരണം വീടിന്റെ ഹാളിൽ കിടന്നുറങ്ങിയ കുട്ടികൾ പിന്നീട് അമ്മയോടൊപ്പം മുറിയിലെ കട്ടിലിലേക്ക് മാറി. തലയിണയ്ക്കുള്ളിൽ ഒളിച്ചിരുന്ന പാമ്പാണ് കുട്ടികളെ കടിച്ചത്. രാത്രി രണ്ട് മണിയോടെ വയറുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് കുട്ടികൾ ഉണർന്നപ്പോഴാണ് പാമ്പുകടിയേറ്റ വിവരം പുറത്തറിയുന്നത്.
രാത്രി ഒരു പരിപാടി കഴിഞ്ഞ് എത്തിയ കുട്ടികൾ ജ്യൂസ് കുടിച്ചിരുന്നു. അതിനാൽ, രാത്രി വയറുവേദന അനുഭവപ്പെട്ടപ്പോൾ ജ്യൂസ് കുടിച്ചതുകൊണ്ടാകാം എന്ന് കരുതി വീട്ടുകാർ ജീരകവെള്ളം നൽകി. എന്നാൽ പുലർച്ചെ 5:30-ഓടെ കുട്ടികളുടെ വായിൽ നിന്നും നുരയും പതയും വരുന്നത് കണ്ടതോടെയാണ് അപകടം തിരിച്ചറിഞ്ഞത്. ഉടൻ തന്നെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആൽജോയുടെ ജീവൻ രക്ഷിക്കാനായില്ല.
കഴിഞ്ഞ ദിവസവും ഇതേ വീട്ടിൽ ശംഖുവരയൻ പാമ്പിനെ കണ്ടിരുന്നു. അന്ന് വീട്ടുകാർ അതിനെ തല്ലിക്കൊല്ലുകയായിരുന്നു. ആൽജോയുടെ മൃതദേഹം സംസ്‌കരിക്കാൻ വീട്ടിലെത്തിച്ച സമയത്തും അവിടെ വീണ്ടും പാമ്പിനെ കണ്ടെത്തിയത് പരിഭ്രാന്തി പരത്തി.
വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വീടിന് ചുറ്റും തീയിട്ട് സുരക്ഷാ നടപടികൾ സ്വീകരിച്ചു. പ്രദേശത്ത് ഇനിയും പാമ്പിൻ കുഞ്ഞുങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് വനംവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിൽ ചികിത്സയിലുള്ള അനോഷിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നത് കുടുംബത്തിന് ആശ്വാസമാകുന്നുണ്ട്. അപ്പോളോ ആശുപത്രിയിൽ കഴിയുന്ന കുട്ടിയുടെ മുഴുവൻ ചികിത്സാ ചെലവും സർക്കാർ വഹിക്കും.
The government will bear the medical expenses of Anosh, who was bitten by a snake while working at the axe shop.

































