കോഴിക്കോട്:(https://truevisionnews.com/) പരിശോധനയില്‍ പഴകിയ ഭക്ഷണം പിടികൂടിയ വടകര ഓര്‍ക്കാട്ടേരിയിലെ ഐ ബോണ്‍ ഹോട്ടല്‍ അടച്ചുപൂട്ടിച്ചു. കഴിഞ്ഞ ദിവസം ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ഹോട്ടലില്‍ നിന്നും പഴകിയി ഭക്ഷ്യവസ്തുക്കള്‍ പിടികൂടിയത്.
നേരത്തേ നടത്തിയ പരിശോധനയില്‍ ഹോട്ടലില്‍ ഉപയോഗിക്കുന്ന വെള്ളത്തില്‍ കോളിഫോം ബാക്ടീരിയയുടെ സാനിധ്യം കണ്ടെത്തുകയും ഈ വെള്ളം ഉപയോഗിക്കരുതെന്ന് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഹോട്ടല്‍ അധികൃതര്‍ ഇത് കേള്‍ക്കാന്‍ തയ്യാറായിരുന്നില്ല.
നൂറോളം പഴകിയ പൊറോട്ടകള്‍, കാലാവധി കഴിഞ്ഞ പായ്ക്കറ്റ് പാലുകള്‍, ഉപയോഗശൂന്യമായ ഫ്രൈഡ് ഒനിയന്‍, ദിവസങ്ങളോളം പഴക്കമുള്ള എണ്ണ, പഴകിയ തൈര് എന്നിവയാണ് കഴിഞ്ഞ ദിവസം ഹോട്ടലില്‍ നിന്ന് പിടികൂടിയത്. പഞ്ചായത്തിന്റെ ലൈസന്‍സ് ഇല്ലാതെ തീര്‍ത്തും വൃത്തിഹീനമായ സാഹചര്യത്തിലാണ് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. കുടിവെള്ള പരിശോധന നടത്തുന്നത് വരെ കിണര്‍ ജലം ഉപയോഗിക്കരുതെന്ന നിര്‍ദേശവും ഇവര്‍ അവഗണിച്ചു.
ഇതേതുടര്‍ന്നാണ് ഓര്‍ക്കാട്ടേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സുരേന്ദ്രന്‍ കല്ലേരിയുടെ നേതൃത്വത്തില്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചത്. കൂടുതല്‍ ഭക്ഷ്യ വിഷബാധ ഉണ്ടാവാന്‍ ഇടയുള്ള സാഹചര്യമായതിനാല്‍ വരും ദിവസങ്ങളിലും ശക്തമായ പരിശോധന നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.
Stale gourd and expired milk seized; Health Department closes down 'I Bone' hotel in Orkattery
































