തിരുവനന്തപുരം: ( www.truevisionnews.com ) തമിഴ്നാട് പൊള്ളാച്ചി വാൽപ്പാറയിൽ വാഹനാപകടത്തിൽ ഒന്‍പത് മലയാളികള്‍ മരിച്ച സംഭവത്തിൽ അതീവ നടുക്കം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. അപകടത്തിൽ അനുശോചിച്ച മുഖ്യമന്ത്രി മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയാണെന്നും അറിയിച്ചു.
വാൽപ്പാറയിൽ ഉണ്ടായ ദാരുണമായ അപകടത്തിൽ യാത്രികർക്ക് ജീവൻ നഷ്ടപ്പെട്ടത് ഏറെ ദുഃഖകരമാണ്.പരിക്കേറ്റവർക്ക് ആവശ്യമെങ്കിൽ മികച്ച ചികിത്സ ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ സർക്കാർ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വാൽപ്പാറ അപകടത്തിൽ 9 പേരുടെ മരണം സ്ഥിരീകരിച്ചു. 7ഏഴ് സ്ത്രീകളും ഒരു പുരുഷനും ഒരു കുട്ടിക്കുമാണ് ജീവൻ നഷ്ടമായതെന്നും വ്യക്തമായിട്ടുണ്ട്. മലപ്പുറത്തുനിന്ന് വിനോദയാത്രയ്ക്കെത്തിയ അധ്യാപക സംഘമാണ് അപകടത്തിൽപ്പെട്ടത്. മലപ്പുറം പാങ് ചേണ്ടി പാറമ്മൽ എൽ പി സ്കൂളിലെ അധ്യാപകരും ജീവനക്കാരും ചിലരുടെ കുടംബാംഗങ്ങളുമാണ് വാഹനത്തിലുണ്ടായിരുന്നത്.
അവധിക്കാലത്ത് അധ്യാപകർ ഒന്നിച്ചുള്ള വിനോദയാത്രയാണ് ദുരന്തത്തിൽ കലാശിച്ചത്. വളവിൽ തെന്നിമാറി നിയന്ത്രണം വിട്ട വാൻ സംരക്ഷണ ഭിത്തി തകർത്ത് 300 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. KL 11 AM 7288 വാഹനമാണ് അപകടത്തിൽപ്പെട്ടത്. മലപ്പുറം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ട്രാവലറാണ് ഇത്.
വാഹനം ഓടിച്ചത് 21 കാരനായ കോട്ടക്കൽ, ചുനൂർ സ്വദേശിയായി മുഹമ്മദ് ഫാസിത്തായിരുന്നു. ഡ്രൈവറടക്കം 4 പേർ ചികിത്സയിലാണ്. അതിരപ്പള്ളി വാഴച്ചാൽ മലക്കപ്പാറ സന്ദർശനത്തിന് ശേഷമാണ് സംഘം വാൽപ്പാറയിൽ എത്തിയത്. യാത്രക്കിടെ അധ്യാപകരെടുത്ത ചിത്രങ്ങൾ സ്കൂൾ ഗ്രൂപ്പുകളിൽ ഇട്ടിരുന്നു. ഈ ചിത്രങ്ങൾ ഏവരെയും ഇപ്പോൾ നൊമ്പരപ്പെടുത്തുകയാണ്.
ഗുരുതരമായി പരിക്കേറ്റ 3 പേരെ പൊള്ളാച്ചിയിലെ ആശുപത്രിയിൽ നിന്ന് കൊയമ്പത്തൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. മരണപ്പെട്ടവരുടെ മൃതദേഹം പൊള്ളാച്ചി ആശുപത്രിയിലാണുള്ളത്. 11 വയസ്സുള്ള ഒരു കുട്ടിയും പൊള്ളാച്ചിയിൽ ചികിത്സയിലുണ്ട്. വിനോദയാത്രയുടെ ഭാഗമായി വാൽപ്പാറയിലേക്ക് പോയ സംഘമാണ് അപകടത്തിൽപ്പെട്ടത്.
അപകടം നടന്ന ഉടൻ തന്നെ നാട്ടുകാരും പൊലീസും അഗ്നിരക്ഷാസേനയും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. വിനോദസഞ്ചാരികൾ എത്തിയ മിനിവാൻ പൂർണ്ണമായും തകർന്ന നിലയിലാണ്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി പൊള്ളാച്ചി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ തമിഴ്‌നാട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
valparai accident cm pinarayi expresses condolences best treatment will be ensured for the injured





























.png)