---
title: "'തമിഴ് നടിമാരെ കിട്ടാനില്ലേ?'; മമിത ബൈജുവിന്റെ നിറം മാറ്റത്തിൽ വിമർശനം, മറുപടിയുമായി സംവിധായകൻ"
english_title: "Mamita Baiju's skin color change is criticized, director responds"
publisher: "moviemax.in"
canonical_url: "https://moviemax.in/news/353816/mamita-baijus-skin-color-change-is-criticized-director-responds"
published_at: "2026-04-17T12:49:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e1df8a3703e_Mamita_Baijus_skin_color_change_is_criticized,_director_responds.jpg"
keywords: []
---

# 'തമിഴ് നടിമാരെ കിട്ടാനില്ലേ?'; മമിത ബൈജുവിന്റെ നിറം മാറ്റത്തിൽ വിമർശനം, മറുപടിയുമായി സംവിധായകൻ

> **Lead Summary:** തമിഴ് സിനിമയിലെ നായികാപ്രാധാന്യമുള്ള വേഷങ്ങളിലേക്ക് തമിഴ് നടിമാർക്ക് പകരം മലയാളി നടിമാരെ പരിഗണിക്കുന്നു എന്ന വിമർശനത്തോട് പ്രതികരിച്ച് സംവിധായകൻ വിഘ്‌നേശ് രാജ. ധനുഷ് ചിത്രമായ 'കര'യിൽ മലയാളി താരം മമിത ബൈജുവിനെ നായികയാക്കിയതും, കഥാപാത്രത്തിന് ഇരുണ്ട നിറം നൽകാൻ നടിയുടെ മുഖത്ത് ബ്രൗൺ മേക്കപ്പ് ഉപയോഗിച്ചതുമാണ് വിഘ്നേശിനെതിരെയുള്ള പ്രധാന ആരോപണം. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകളാണ് നടക്കുന്നത്.

## Article Content

തമിഴ് സിനിമയിലെ നായികാപ്രാധാന്യമുള്ള വേഷങ്ങളിലേക്ക് തമിഴ് നടിമാർക്ക് പകരം മലയാളി നടിമാരെ പരിഗണിക്കുന്നു എന്ന വിമർശനത്തോട് പ്രതികരിച്ച് സംവിധായകൻ വിഘ്‌നേശ് രാജ. ധനുഷ് ചിത്രമായ 'കര'യിൽ മലയാളി താരം മമിത ബൈജുവിനെ നായികയാക്കിയതും, കഥാപാത്രത്തിന് ഇരുണ്ട നിറം നൽകാൻ നടിയുടെ മുഖത്ത് ബ്രൗൺ മേക്കപ്പ് ഉപയോഗിച്ചതുമാണ് വിഘ്നേശിനെതിരെയുള്ള പ്രധാന ആരോപണം. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകളാണ് നടക്കുന്നത്.

ഗലാട്ടാ പ്ലസിന് നൽകിയ അഭിമുഖത്തിലാണ് വിഘ്നേശ് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. പ്രകടനത്തിനാണ് താൻ മുൻഗണന കൊടുക്കുന്നതെന്നും തന്റെ കഥാപാത്രത്തോട് നീതി പുലർത്തുനാവുന്ന ആളാണോ എന്നതായിരിക്കും പ്രധാന പരിഗണനയെന്നും വിഘ്നേശ് പറഞ്ഞു. ഇരുപത്-ഇരുപത്തിയഞ്ചോളം പെൺകുട്ടികളെ ഓഡിഷൻ ചെയ്തിരുന്നു. പക്ഷേ മമിത ചെയ്തതിന്റെ അടുത്തുപോലും ആരും എത്തിയില്ലെന്നും വിഘ്നേശ് പറഞ്ഞു. മെറിറ്റിന്റെ അടിസ്ഥാനത്തിൽ മാത്രം എടുത്ത തീരുമാനമാണ് മമിതയെ നായികയാക്കുകയെന്നത്. താൻ പതിവുരീതി തുടരുകയാണെന്നും സെക്സിസ്റ്റ് ആണെന്നുമൊക്കെ വിമർശിക്കുന്നതിൽ കുഴപ്പമില്ലെന്നും വിഘ്നേശ് രാജ പറഞ്ഞു. ചിത്രത്തിലെ നായികാവേഷത്തിനായി തമിഴ് നടിയെ കിട്ടിയില്ലേയെന്നും അതുകൊണ്ടാണോ മലയാളി നടിയെ ഇരുണ്ട നിറക്കാരിയായി അവതരിപ്പിച്ചത് എന്ന ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു സംവിധായകൻ.

പോർ തൊഴിൽ എന്ന സൂപ്പർഹിറ്റ് സിനിമയ്ക്ക് ശേഷം വിഘ്‌നേശ് രാജ ഒരുക്കുന്ന സിനിമയാണ് കര. ഏപ്രിൽ 30 ന് സിനിമ പുറത്തിറങ്ങും. ജയറാം, സുരാജ് വെഞ്ഞാറമൂട്, കരുണാസ്, തുടങ്ങി വലിയ താരനിരയാണ് സിനിമയിലുള്ളത്. വെൽസ് ഇന്റർനാഷണൽ ഫിലിംസ് ആണ് ചിത്രം നിർമിക്കുന്നത്. സിനിമയ്ക്കായി ജി വി പ്രകാശ് കുമാർ സംഗീതം കൈകാര്യം ചെയ്യും. പൊല്ലാതവൻ, വാത്തി എന്നീ സിനിമകൾക്ക് ശേഷം ജി വി പ്രകാശ് കുമാറും ധനുഷ് ഒന്നിക്കുന്ന സിനിമയാണിത്. ഒരു ആക്ഷൻ ഡ്രാമയാകും സിനിമ എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. വലിയ പ്രതീക്ഷയോടെ ധനുഷ് ആരാധകർ കാത്തിരിക്കുന്ന സിനിമയാണിത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/353816/mamita-baijus-skin-color-change-is-criticized-director-responds)