കൊല്ലം: ( www.truevisionnews.com ) പോളിങ് ബൂത്തിന് സമീപം വോട്ട് ചോദിച്ചതിനെച്ചൊല്ലി പുനലൂരിൽ എൽ.ഡി.എഫ്–യു.ഡി.എഫ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളി. വിളക്കുവെട്ടം എൽ.പി സ്കൂളിലെ പോളിങ് ബൂത്തിന് മുന്നിലായിരുന്നു സംഭവം. സംഘർഷത്തിനിടെ മർദനമേറ്റതായി ആരോപിച്ച് യു.ഡി.എഫിന്റെ വനിതാ കൗൺസിലർ ഷെമി അസീസ് ആശുപത്രിയിൽ ചികിത്സ തേടി.
എൽ.ഡി.എഫ് കൗൺസിലറായ സുഭാഷ് ജി നാഥ് മർദ്ദിച്ചെന്നാണ് യു.ഡി.എഫിന്റെ ആരോപണം. അതേസമയം തനിക്കെതിരെയുള്ള ആരോപണം സുഭാഷ് ജി നാഥ് നിഷേധിച്ചു. ബൂത്തിന് മുന്നിൽ പ്രശ്നമുണ്ടാക്കിയത് യു.ഡി.എഫ് പ്രവർത്തകരാണെന്നും എൽ.ഡി.എഫ് കൗൺസിലർ പ്രതികരിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് 8 മണിക്കൂര്‍ പിന്നിടുമ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത് മികച്ച പോളിങ്ങാണ്. ഉച്ചയോടെ പോളിങ് 40 ശതമാനം കടന്നിരുന്നു. ഉച്ച കഴിഞ്ഞ് 3 മണിവരെയുള്ള കണക്ക് പ്രകാരം 53.01 ശതമാനമാണ് പോളിങ്. പോളിങ്ങിൽ എസ്.ഐ.ആർ പ്രതിഫലിക്കുന്നുണ്ടെന്നും 90 ശതമാനം പോളിങ് പ്രതീക്ഷിക്കുന്നുണ്ടെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻഖേൽക്കർ പറഞ്ഞു. അതേസമയം വിവിധ സ്ഥലങ്ങളിലും കള്ളവോട്ട് പരാതികളും ഉയർന്നുണ്ട്. മഞ്ചേശ്വത്തും പാലക്കാട്ടും വടക്കാഞ്ചേരിയിലും ഷൊർണൂരും ഒറ്റപ്പാലത്തും കള്ളവോട്ട് പരാതി ഉയര്‍ന്നു.
ഒറ്റപ്പാലം മണ്ഡലത്തിലെ വിവിധ ബൂത്തുകളിൽ കള്ളവോട്ട് നടന്നതായി പരാതിയുണ്ട്. മണ്ഡലത്തിലെ നാല് പ്രധാന ബൂത്തുകളിലാണ് വോട്ടർമാർ തങ്ങളുടെ വോട്ട് മറ്റാരോ രേഖപ്പെടുത്തിയെന്ന ആരോപണവുമായി രംഗത്തെത്തിയത്.
LDF-UDF workers clash, woman councilor allegedly beaten






























