തൃശ്ശൂർ: ( www.truevisionnews.com ) ചൂണ്ടുവിരലിൽ മുറിവേറ്റ് കുത്തിക്കെട്ടി വെച്ചത് ചൂണ്ടിക്കാട്ടി യുവതിക്ക് വോട്ട് നിഷേധിച്ചതായി ആരോപണം. തൃശ്ശൂർ മണ്ഡലത്തിൽകുറുക്കഞ്ചേരി സ്വാമി ബോധാനന്ദ സ്‌കൂളിലെ ബൂത്തിലാണ് സംഭവം നടന്നത്. തൃശ്ശൂർ കുറുക്കഞ്ചേരി സ്വദേശിയായ അക്ഷയ എന്ന യുവതിക്കാണ് വോട്ട് നിഷേധിക്കപ്പെട്ടത്.
കഴിഞ്ഞ ആറാം തീയതി മിക്‌സിയിൽ കൈപ്പെട്ടതിനെത്തുടർന്ന് അക്ഷയയുടെ ഇടതുകൈയിലെ ചൂണ്ടുവിരലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ആശുപത്രിയിൽ കാണിച്ച് സ്റ്റിച്ച് ഇട്ട വിരൽ നിലവിൽ വെച്ചുകെട്ടിയ നിലയിലാണ്.
വോട്ട് രേഖപ്പെടുത്തുന്നതിന് മുന്നോടിയായി മഷി പുരട്ടേണ്ടത് ഈ ചൂണ്ടുവിരലിലാണ്. എന്നാൽ വിരൽ കെട്ടിവെച്ചിരിക്കുന്നതിനാൽ മഷി പുരട്ടാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി പ്രിസൈഡിങ് ഓഫീസർ വോട്ട് നിഷേധിക്കുകയായിരുന്നു. ഉച്ചയ്ക്ക് വോട്ട് ചെയ്യാനെത്തിയ യുവതിയോട് വോട്ട് ചെയ്യാൻ കഴിയില്ലെന്ന് അറിയിച്ചതിനെത്തുടർന്ന്, അവർ വീട്ടിൽ പോയി മെഡിക്കൽ റിപ്പോർട്ടുകൾ സഹിതം വീണ്ടും എത്തിയെങ്കിലും ഉദ്യോഗസ്ഥൻ നിലപാടിൽ ഉറച്ചുനിന്നു.
ഇതോടെ വോട്ട് ചെയ്യാനുള്ള അവകാശം നിഷേധിച്ചതിനെതിരെ ഇവർ ബൂത്തിൽ കൈക്കുഞ്ഞുമായി പ്രതിഷേധിച്ചു. യുവതിക്ക് വോട്ട് നിഷേധിച്ചതിനെത്തുടർന്ന് ബൂത്തിൽ പ്രതിഷേധം ഉടലെടുത്തു. എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എസ്. സുനിൽകുമാർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി.
ഒരു വിരലിന് പരിക്കുണ്ടെങ്കിൽ മറ്റ് വിരലുകളിൽ മഷി പുരട്ടി വോട്ട് ചെയ്യാൻ അനുവദിക്കണമെന്ന ആവശ്യം ഉയർന്നെങ്കിലും ഉദ്യോഗസ്ഥർ അത് അനുവദിച്ചില്ല. വോട്ട് നിഷേധിക്കാൻ പാടില്ലെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ പൊതുവായ നിലനിൽക്കെ, ഇത്തരം സാങ്കേതിക കാരണങ്ങൾ പറഞ്ഞ് വോട്ട് നിഷേധിക്കുന്നത് ശരിയല്ലെന്ന് വോട്ടർമാരും രാഷ്ട്രീയ പ്രവർത്തകരും ആരോപിക്കുന്നു.
പ്രതിഷേധം മണിക്കൂറുകളായി തുടർന്നതോടെ ജില്ലാകളക്ടർ അടക്കം യുവതിക്ക് വോട്ട് ചെയ്യാൻ അവസരം നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും പോളിങ് ഓഫീസർ വോട്ട് ചെയ്യാൻ അനുവദിക്കാനാകില്ല എന്ന നിലപാടിൽ ഉറച്ചുനിന്നു. മുറിവ് കെട്ടിവച്ചത് അഴിച്ച് വന്നാൽ വോട്ട് ചെയ്യിക്കാമെന്നാണ് പോളിങ് ഓഫീസർ പറയുന്നത്. യുവതിയുടെ വിരലിൽ 15 കുത്തിക്കെട്ടുകളാണ് ഉള്ളത്.
പ്രതിഷേധങ്ങൾക്കൊടുവിൽ യുവതിയിൽ നിന്ന് സത്യവാങ്മൂലം എഴുതി വാങ്ങിയതിന് ശേഷം പോളിങ് സമയം അവസാനിക്കാറായപ്പോഴാണ് പ്രിസൈഡിങ് ഓഫീസർ വോട്ട് ചെയ്യാൻ അനുവദിച്ചത്. ഉച്ചയ്ക്ക് ഒന്നരയ്ക്ക് എത്തിയ യുവതിക്ക് വോട്ട് ചെയ്യാനായത് വൈകിട്ട് ആറുമണിക്കാണ്. അതുവരെ യുവതിയെ പ്രിസൈഡിങ് ഓഫീസർ വോട്ട് ചെയ്യാനനുവദിച്ചില്ല.
thrissur voter denied right to vote 2026 controversy































