കൊച്ചി: ( www.truevisionnews.com ) യുവനടിക്കെതിരായ ലൈംഗികാതിക്രമ കേസില്‍ സംവിധായകന്‍ രഞ്ജിത്ത് ജയിലില്‍ തുടരും. രഞ്ജിത്തിന്റെ ഇടക്കാല ജാമ്യാപേക്ഷയില്‍ മറ്റന്നാള്‍ കോടതി വിധി പറയും. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഏപ്രില്‍ 10-ന് വിധി പറയുക.
തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിനായി ജാമ്യം അനുവദിക്കണമെന്നായിരുന്നു രഞ്ജിത്തിന്റെ അപേക്ഷ. 1951-ലെ വോട്ടവകാശം ഉയര്‍ത്തിക്കാട്ടിയായിരുന്നു രഞ്ജിത്തിന്റെ ആവശ്യം. എന്നാല്‍, ജയിലില്‍ കഴിയുന്നയാള്‍ക്ക് വോട്ട് ചെയ്യാന്‍ അവകാശമില്ലെന്നും നിലവില്‍ ഒരു കേസിലെ പ്രതിയാണ് രഞ്ജിത്തെന്നും ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന്‍ എതിര്‍ക്കുകയായിരുന്നു. ജാമ്യാപേക്ഷയില്‍ കോടതി മറ്റന്നാള്‍ വിധി പറയും.
കഴിഞ്ഞ ആഴ്ചയാണ് തൊടുപുഴയില്‍ നിന്ന് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. ജനുവരി 30-നാണ് കേസിനാസ്പദമായ കൃത്യം നടന്നതെന്ന് മജിസ്‌ട്രേറ്റിന് സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. സിനിമ സെറ്റിലെ കാരവാനില്‍ വെച്ച് മോശമായി പെരുമാറിയെന്നാണ് യുവനടിയുടെ പരാതി.
അതിജീവിതയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് രഞ്ജിത്തിന്റെ അറസ്റ്റിലേക്ക് കടന്നത്. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗികച്ചുവയോടെ സംസാരിക്കല്‍, തടഞ്ഞുവെക്കല്‍ എന്നീ വകുപ്പുകളാണ് രഞ്ജിത്തിനെതിരെ ചുമത്തിയിട്ടുള്ളത്.
Sexual assault case Verdict on bail plea to be announced the day after director Ranjith to remain in jail
































