കൽപ്പറ്റ: (https://truevisionnews.com/) കോൺഗ്രസ് ഭവന പദ്ധതി വിവാദത്തിന് പിന്നാലെ കോൺഗ്രസ് നേതാക്കൾക്കെതിരെ പൊലീസിൽ പരാതി. പ്രതിപക്ഷ നേതാവ് വിഡി സതീശൻ, സണ്ണി ജോസഫ്, കെ സുധാകരൻ എന്നിവർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. മുണ്ടക്കൈ സ്വദേശിയായ ജിജീഷ് ആണ് പരാതിക്കാരൻ. സഹായം നൽകാൻ പണം പിരിച്ച് വഞ്ചിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. മേപ്പാടി സ്റ്റേഷനിലാണ് പരാതി നൽകിയത്.
അതേസമയം തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരായ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഡാഷ് മോൻ പരാമര്‍ശത്തിൽ പ്രതികരിച്ച് വിഡി സതീശൻ. ഒന്നൂകൂടെ ചോദിച്ചിരുന്നെങ്കിൽ മുഖ്യമന്ത്രി ആ ഡാഷും കൂടി പൂരിപ്പിച്ചേനേയെന്നും ദൈവമേ അങ്ങനെയായിരുന്നെങ്കിൽ കേരളത്തിനത് എന്ത് നാണക്കേടാകുമായിരുന്നുവെന്നും വിഡി സതീശൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെ സമനില തെറ്റിയിരിക്കുകയാണെന്നും പിണറായി വിജയന്‍റെ ഏകാധിപത്യത്തിനെതിരെ സിപിഎമ്മിൽ വലിയ എതിര്‍പ്പാണെന്നും വിഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രി എന്ന നിലയിൽ രേവന്ത് റെഡ്ഡി പാലിക്കേണ്ട ചില മര്യാദകളുണ്ടെന്നും അദ്ദേഹത്തിന്റെ ആരോപണങ്ങൾക്ക് ഇപ്പോൾ സമയമില്ലാത്തതിനാൽ മറുപടി പറയുന്നില്ലെന്നും ഡാഷ് മോനേ രേവന്തേ മറുപടി വരുന്നുണ്ട് എന്ന് മാത്രമേ പറയുന്നുള്ളൂവെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. രേവന്ത് റെഡ്ഡി നേരത്തെ മുഖ്യമന്ത്രി നീ പോ മോനേ വിജയാ എന്ന് വിളിച്ചിരുന്നു.
2018ലെ പ്രളയം കരിമണൽ ലോബിക്ക് വേണ്ടി ഉണ്ടാക്കിയതെന്ന കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടന്റെ ആരോപണം ഗൗരവതരമെന്ന് വി.ഡി. സതീശൻ പ്രതികരിച്ചു. മന്ത്രി കെ. കൃഷ്ണൻകുട്ടിയും മാത്യു ടി. തോമസും രാജി വയ്ക്കണമെന്നും വി.ഡി. സതീശൻ പറഞ്ഞു.
പിണറായി സർക്കാരിനെതിരെ അതിരൂക്ഷ വിമർശനവും വി.ഡി. സതീശൻ നടത്തി. അയ്യപ്പൻ്റെ സ്വർണം വരെ കൊള്ളയടിച്ചവർക്ക് കുടപിടിക്കുന്ന സമീപനം ആണ് പിണറായി സർക്കാർ സ്വീകരിച്ചത്. ആഗോള അയ്യപ്പ സംഗമത്തിൻ്റെ പേരിൽ നടന്നത് കൊള്ള. സർക്കാർ പ്രഖ്യാപിച്ച പല പദ്ധതികളുടെയും പ്രഖ്യാപനം മാത്രമേ നടന്നുള്ളൂ. ഒന്നും യാഥാർഥ്യമായില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു.
Congress housing scheme controversy; Complaint filed with police against Congress leaders including VDSatheesan

































