മലപ്പുറം: ( www.truevisionnews.com ) വേങ്ങരയിൽ തനിക്ക് രാഷ്ട്രീയത്തിന് അതീതമായി വോട്ട് ലഭിക്കുമെന്ന് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി സബാഹ് കുണ്ടുപുഴക്കൽ. താൻ വേങ്ങരയ്ക്ക് വേണ്ടി മാത്രമാണ് മത്സരിക്കുന്നതെന്നും ഇത്തവണ വേങ്ങരയിൽ അട്ടിമറികൾ സംഭവിക്കുമെന്നും സബാഹ് പറഞ്ഞു. തെരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാന ലാപിലേക്ക് കടക്കുന്നതോടെ താൻ വലിയ ആത്മവിശ്വാസത്തിൽ ആണെന്നും സബാഹ് കുണ്ടുപുഴക്കൽ പറഞ്ഞു.
'എന്‍റെ 55 വയസ്സുകാലം ഞാൻ ജീവിച്ചത് വേങ്ങരയിലാണ്. അതുകൊണ്ട് എനിക്കുള്ള വ്യക്തിബന്ധങ്ങളും കുടുംബബന്ധങ്ങളും എന്‍റെ സ്കൂൾ ജീവിതവും കോളജ് ജീവിതവും എന്റെ സ്പോർട്സും എല്ലാം ഈ വേങ്ങരയിലാണ്. അതുകൊണ്ട് ഇവിടുത്തെ എല്ലാ ബന്ധങ്ങളും എനിക്ക് വളരെ ഉപകാരപ്പെടും.
അതൊക്കെ വോട്ടായി തിരിച്ചുവരുമെന്ന ആത്മവിശ്വാസത്തിലാണ് മത്സരിക്കാനിറങ്ങുന്നത്.' വേങ്ങരക്ക് വേണ്ടി മാത്രമാണ് താൻ മത്സരിക്കുന്നതെന്നും വേങ്ങരക്കാരനായി താൻ എപ്പോഴും ഉണ്ടാകുമെന്നും സബാഹ് വ്യക്തമാക്കി.
'101 ശതമാനം വേങ്ങരക്ക് വേണ്ടി ആയിരിക്കും എന്‍റെ പ്രവർത്തനങ്ങളെല്ലാം. കാരണം വേറെ മണ്ഡലം നോക്കാനും സംസ്ഥാന രാഷ്ട്രീയം നോക്കാനുമൊക്കെ ആവശ്യത്തിന് ആളുണ്ട്. ഞാൻ ഈ വേങ്ങരയിലേക്കാണ് മത്സരിച്ചത്. മുന്നണിയിൽ നിന്നുള്ള വോട്ടിനോടൊപ്പം രാഷ്ട്രീയത്തിനതീതമായി വേങ്ങരയിലെ ജനങ്ങളും തനിക്ക് വോട്ട് നൽകും.'സബാഹ് കൂട്ടിച്ചേർത്തു.
പ്രചാരണം അവസാനഘടത്തിലേക്ക് അടുക്കുമ്പോൾ വേങ്ങരയിൽ ഇത്തവണ അട്ടിമറി സംഭവിക്കുമെന്ന കണക്കുകൂട്ടലിലാണ് സബാഹ് കുണ്ടുപുഴക്കൽ.
ldf candidate sabah kundupuzhakkal on expectations on vangara


































