കൊല്ലം : (truevisionnews.com) നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നിട്ടും കൊല്ലം ജില്ലയിലെ സീറ്റ് വിഭജനത്തെച്ചൊല്ലി യുഡിഎഫിൽ അനിശ്ചിതത്വം തുടരുന്നു. പരാജയസാധ്യത മുന്നിൽക്കണ്ട് പുനലൂർ സീറ്റ് വേണ്ടെന്ന കർശന നിലപാടിലാണ് മുസ്ലീം ലീഗ്.
പുനലൂരിന് പകരം ചടയമംഗലം മണ്ഡലം വേണമെന്ന ആവശ്യത്തിൽ ലീഗ് ഉറച്ചുനിൽക്കുകയാണെങ്കിലും, ഇത് വിട്ടുനൽകുന്ന കാര്യത്തിൽ കോൺഗ്രസിനുള്ളിൽ ചർച്ചകൾ വഴിമുട്ടി നിൽക്കുകയാണ്. ചടയമംഗലം ലീഗിന് ലഭിക്കുകയാണെങ്കിൽ ജില്ലാ ജനറൽ സെക്രട്ടറി സുൽഫിക്കർ സലാമിനെ സ്ഥാനാർത്ഥിയാക്കാനാണ് പാർട്ടി നീക്കം.
നേരത്തെ ഇരവിപുരം സീറ്റിനായി ലീഗ് ശ്രമം നടത്തിയിരുന്നെങ്കിലും ആർഎസ്പി അത് വിട്ടുനൽകാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് ചടയമംഗലം എന്ന ആവശ്യത്തിലേക്ക് ലീഗ് എത്തിയത്. സീറ്റ് വിഭജനം വൈകുന്നതിൽ മുസ്ലീം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികൾ കടുത്ത അതൃപ്തി പ്രകടിപ്പിക്കുന്നുണ്ട്.
ചർച്ചകൾ വേഗത്തിലാക്കാൻ ഘടകകക്ഷികൾ സമ്മർദ്ദം ശക്തമാക്കിയതോടെ സ്ഥാനാർത്ഥി പ്രഖ്യാപനവും അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ഇന്ന് 40 നും 50 നും ഇടയിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.
നിലവിൽ 36 സീറ്റുകളിൽ മാത്രമാണ് ഏകകണ്ഠമായ തീരുമാനം ഉണ്ടായിട്ടുള്ളത്. ബുധനാഴ്ചയോടെ മുഴുവൻ സ്ഥാനാർത്ഥികളെയും പ്രഖ്യാപിക്കാനാണ് നേതൃത്വം ഇപ്പോൾ ശ്രമിക്കുന്നത്. അതേസമയം, കേരള കോൺഗ്രസ് ജോസഫ് വിഭാഗവുമായുള്ള ചർച്ചകളും കോൺഗ്രസിന് വലിയ തലവേദനയായി തുടരുകയാണ്.
കഴിഞ്ഞ ദിവസം ആലുവ പാലസിൽ വി.ഡി. സതീശൻ, പി.ജെ. ജോസഫ്, മോൻസ് ജോസഫ് എന്നിവർ പങ്കെടുത്ത ചർച്ച നടന്നുവെങ്കിലും സീറ്റ് വിഭജനത്തിൽ കൃത്യമായ ധാരണയിലെത്താൻ സാധിച്ചിട്ടില്ല. വരും ദിവസങ്ങളിലെ ചർച്ചകൾ യുഡിഎഫ് സ്ഥാനാർത്ഥി പട്ടികയുടെ അന്തിമരൂപം തീരുമാനിക്കുന്നതിൽ നിർണ്ണായകമാകും.
UDF split over seat sharing; League says no to Punalur

































.jpeg)