കൊല്ലം:( https://truevisionnews.com/) അഞ്ചൽ ആലഞ്ചേരി ജംഗ്ഷനിൽ കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഏരൂർ ചില്ലിംഗ് പ്ലാൻ്റ് സ്വദേശി അതുൽ രാജ് (19) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയായിരുന്നു അപകടം. കൊല്ലത്തു നിന്നും കുളത്തുപ്പുഴയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിനടിയിലേക്ക് അതുൽ രാജ് സഞ്ചരിച്ചിരുന്ന സ്കൂട്ടർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
മുന്നിലുണ്ടായിരുന്ന കാറിന് പിന്നാലെ അഞ്ചലിലേക്ക് വരികയായിരുന്നു അതുൽ രാജ്. പെട്ടെന്ന് സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടമാവുകയും എതിർദിശയിൽ നിന്ന് വന്ന ബസിന്റെ പിൻചക്രങ്ങൾക്കിടയിലേക്ക് വീഴുകയുമായിരുന്നു. തലയിലൂടെ ബസ് കയറിയിറങ്ങിയ യുവാവ് സംഭവസ്ഥലത്ത് വെച്ച് തന്നെ ഗുരുതരാവസ്ഥയിലായി. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
KSRTC bus and scooter collide in Anchal; 19-year-old dies tragically
































