തിരുവനന്തപുരം: ( https://truevisionnews.com/) കേരളത്തിലെ വോട്ടർ പട്ടികയുടെ ഏറ്റവും പുതിയ കണക്കുകൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടു. മാർച്ച് 13 വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് ആകെ 2,71,11,856 വോട്ടർമാരാണുള്ളത്. പുരുഷന്മാരേക്കാൾ സ്ത്രീ വോട്ടർമാരാണ് പട്ടികയിൽ മുന്നിട്ടുനിൽക്കുന്നത്.
1.38 കോടിയിലധികം സ്ത്രീ വോട്ടർമാരും 1.32 കോടിയിലധികം പുരുഷ വോട്ടർമാരും 227 ഭിന്നലിംഗ വോട്ടർമാരും സംസ്ഥാനത്തുണ്ട്. 4,24,518 പേരാണ് 18-19 വയസ്സിന് ഇടയിലുളളവർ. 30,471 പോളിങ് ബൂത്തുകൾ, 5034-കൂടിയ പോളിങ് ബൂത്തുകൾ, 41 വോട്ടെണ്ണൽ കേന്ദ്രങ്ങളും പോളിംങ്ങിനായി തയ്യാറെടുത്തു കഴിഞ്ഞു.
അതേസമയം വോട്ടർ പട്ടികയിൽ ഇനിയും വോട്ട് ചേർക്കാനുള്ള അവസരമുണ്ട്. നാമനിർദേശ പത്രിക നൽകാനുളള ദിവസം വരെയും പേര് ചേർക്കാം. 18 വയസ്സ് പൂർത്തിയായവർക്കാണ് ഈ അവസരം ഉണ്ടായിരിക്കുക. എന്നാൽ എസ്ഐആറിൽ പേര് ചേർക്കാൻ കഴിയാത്തവർക്കും അവസരം ലഭിക്കും.
അതേസമയം കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. ഇന്ന് വൈകിട്ട് നാലിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ചു ചേർക്കുന്ന വാർത്താസമ്മേളനത്തിൽ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും. പ്രഖ്യാപനത്തിന് മുന്നോടിയായുള്ള നടപടികൾ എല്ലാം തെരഞ്ഞെടുപ്പ് കമ്മീഷൻ പൂർത്തിയാക്കി കഴിഞ്ഞു.
വിവിധ സംസ്ഥാനങ്ങളിലേക്കുള്ള അർദ്ധ സൈനിക സേന വിന്യാസം അടക്കം വിഷയങ്ങളിലും കമ്മീഷൻ കേന്ദ്രവുമായി ചർച്ച നടത്തി. മെയ് അഞ്ചിന് മുൻപ് വോട്ടെണ്ണൽ പൂർത്തിയാക്കുന്ന തരത്തിലാകും തെരഞ്ഞെടുപ്പ് കമ്മീഷൻ ഷെഡ്യൂൾ തയാറാക്കുക. കേരളത്തിൽ വിഷു അടക്കം ഉത്സവങ്ങൾ കൂടി കണക്കിലെടുത്താകും തീരുമാനമെന്ന് കമ്മീഷൻ വ്യക്തമാക്കിയിരുന്നു. പ്രഖ്യാപനത്തിന് മുൻപായി ഇന്ന് രാവിലെ തെരഞ്ഞെടുപ്പ് കമ്മീഷൻ യോഗം വിളിച്ചുചേർത്തിട്ടുണ്ട്.
Shocking increase in voter turnout, still time to register

































