മലപ്പുറം: (https://truevisionnews.com/) ജില്ലയിൽ പാചകവാതക ക്ഷാമം രൂക്ഷമായതോടെ വാഹനങ്ങൾക്ക് ഇന്ധനം നൽകുന്ന ഓട്ടോ എൽപിജി സ്റ്റേഷനിൽ നിന്ന് ഗാർഹിക-വാണിജ്യ സിലിണ്ടറുകൾ നിറച്ചു നൽകിയതായി റിപ്പോർട്ട്.
കൊണ്ടോട്ടി കൊട്ടുക്കരയിലെ 'എസ്സെ ഓട്ടോ എൽപിജി' എന്ന സ്ഥാപനത്തിൽ നിന്നാണ് വീട്ടാവശ്യത്തിനും വാണിജ്യാവശ്യത്തിനുമുള്ള എൽപിജി സിലണ്ടർ ഫിൽ ചെയ്തു നൽകിയത് .2000 രൂപ നിരക്കിലാണ് സിലിണ്ടറിൽ ഫിൽ ചെയ്തു നൽകിയത്.
നിരവധി പേരാണ് സിലിണ്ടർ നിറക്കാനായി സ്റ്റേഷനിലെത്തിയത്. ഇന്നലെ നിരവധിപേർക്ക് ഇവിടെ നിന്ന് സിലിണ്ടർ നിറച്ചു നൽകിയിരുന്നു. നിയമപ്രശനം ആകുമെന്ന് അറിഞ്ഞതോടെ ഇന്ന് രാവിലെ ഇവിടെ നിന്നുള്ള ഫില്ലിങ് നിർത്തിവെച്ചു. പാചക വാതക ക്ഷാമം രൂക്ഷമായതോടെയാണ് എൽപിജി സിലിണ്ടറുകള്‍ ഇവിടെ നിന്ന് നിറച്ചു നൽകിയത്.
അതേസമയം രാജ്യത്ത് പാചകവാതക ക്ഷാമം അതിരൂക്ഷമായി തുടരുന്നതിനിടെ, ആശ്വാസ വാർത്തയായി രണ്ട് ഇന്ത്യൻ എൽപിജി ടാങ്കറുകൾ ഹോർമുസ് കടലിടുക്ക് കടന്നു. ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവടങ്ങളിലേക്കുള്ള പാചകവാതക വിതരണം പോലും തടസ്സപ്പെട്ടു തുടങ്ങിയ സാഹചര്യത്തിലാണ് പുതിയ കപ്പലുകൾ എത്തുന്നത്.
അതേസമയം, വിതരണ കേന്ദ്രങ്ങളിൽ ജനത്തിരക്ക് വർദ്ധിച്ചതിനെത്തുടർന്ന് ഡൽഹിയിൽ പോലീസ് സുരക്ഷ ശക്തമാക്കി. പഞ്ചാബിൽ പാചകവാതകത്തിനായി വരിനിന്ന ഒരാൾ കുഴഞ്ഞുവീണു മരിച്ച സംഭവം സ്ഥിതിഗതികളുടെ തീവ്രത വ്യക്തമാക്കുന്നു.
ക്ഷാമം മുതലെടുത്ത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പാചകവാതകത്തിന്റെ കരിഞ്ചന്ത വിൽപന സജീവമായിരിക്കുകയാണ്. ഒരു സിലിണ്ടറിന് 6000 രൂപയ്ക്ക് മുകളിലാണ് പലയിടത്തും ഈടാക്കുന്നത്. പ്രതിസന്ധി രൂക്ഷമായതോടെ സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയെയും ഇത് സാരമായി ബാധിച്ചു.
വിവിധയിടങ്ങളിൽ അനധികൃതമായി പൂഴ്ത്തിവെച്ച സിലിണ്ടറുകൾ അധികൃതർ പിടിച്ചെടുക്കുന്നുണ്ട്. ഹോർമുസ് കടലിടുക്ക് കടന്നുവന്ന കപ്പലുകൾ വിതരണ ശൃംഖലയെ ഉടൻ സജീവമാക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
LPG cylinders were filled at a place where vehicles were supplied in Malappuram, costing Rs. 2000.

































