തൃശൂര്‍: (truevisionnews.com) തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയിൽ കാറിനുള്ളിൽ മധ്യവയസ്കൻ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പുതിയ വഴിത്തിരിവ്. 57-കാരനായ കുറ്റിക്കാടൻ വീട്ടിൽ ജോസിന് തോക്ക് എത്തിച്ചുനൽകിയ രണ്ട് പേരെ തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു.
വടക്കാഞ്ചേരി സ്വദേശി ജസ്റ്റിൻ മാത്യു (40), ഇടുക്കി കുമളി സ്വദേശി റീഗൻ ജോസഫ് (40) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ മാർച്ച് 10-ന് രാത്രി ഒൻപത് മണിയോടെയാണ് ഇരിങ്ങാലക്കുട ഗാന്ധിഗ്രാമിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ ജോസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
തുടർന്ന് നടന്ന പരിശോധനയിൽ കാറിൽ നിന്നും ഒരു തോക്കും ജോസ് എഴുതിയ ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തിരുന്നു. തനിക്ക് തോക്ക് എത്തിച്ചു നൽകിയത് ജസ്റ്റിനും റീഗനും ചേർന്നാണെന്ന് ജോസ് കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. ഇതാണ് അന്വേഷണത്തിൽ നിർണ്ണായകമായത്.
ഫോറൻസിക്, ബാലിസ്റ്റിക് വിദഗ്ധർ നടത്തിയ ശാസ്ത്രീയ പരിശോധനയിൽ, കണ്ടെടുത്ത തോക്ക് നിയമവിരുദ്ധമായി നിർമ്മിച്ചതാണെന്നും ഇതിന് ലൈസൻസ് ഇല്ലെന്നും വ്യക്തമായിട്ടുണ്ട്. ഇതോടെയാണ് തോക്ക് അനധികൃതമായി നിർമ്മിച്ചതിനും കൈമാറ്റം ചെയ്തതിനും പ്രതികൾക്കെതിരെ ആയുധ നിയമപ്രകാരം കേസെടുത്തത്.
വടക്കാഞ്ചേരിയിൽ നിന്നും കുമളിയിൽ നിന്നുമായാണ് പ്രതികളെ അന്വേഷണസംഘം പിടികൂടിയത്. ഇതിൽ ജസ്റ്റിൻ മാത്യു മുൻപ് മറ്റൊരു അടിപിടിക്കേസിലും പ്രതിയാണ്. ഇരിങ്ങാലക്കുട എസ്.എച്ച്.ഒ ഷാജി എം.കെ.യുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Two arrested after 57-year-old found dead in car

































