തിരുവനന്തപുരം: (truevisionnews.com) സംസ്ഥാനത്ത് ചൂട് ക്രമാതീതമായി വർധിക്കുന്ന പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.
ഉയർന്ന താപനില സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നതിനാൽ പകൽ 11 മണി മുതൽ വൈകിട്ട് 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ ഇടുക്കിയിലെ മൂന്നാറിൽ അൾട്രാവയലറ്റ് സൂചിക എട്ട് രേഖപ്പെടുത്തിയതിനെത്തുടർന്ന് അവിടെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊട്ടാരക്കര, കോന്നി, ചങ്ങനാശ്ശേരി, തൃത്താല, മാനന്തവാടി എന്നിവിടങ്ങളിൽ യുവി ഇൻഡക്സ് ആറ് മുതൽ ഏഴ് വരെ രേഖപ്പെടുത്തിയതിനാൽ യെല്ലോ അലർട്ടും നിലവിലുണ്ട്.
അൾട്രാവയലറ്റ് രശ്മികൾ തുടർച്ചയായി ശരീരത്തിൽ ഏൽക്കുന്നത് ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും കാരണമാകുമെന്നതിനാൽ പ്രതിരോധ നടപടികൾ കർശനമാക്കണം. ദാഹം അനുഭവപ്പെട്ടില്ലെങ്കിലും ധാരാളം ശുദ്ധജലം കുടിക്കണമെന്നും എന്നാൽ മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് പാനീയങ്ങൾ എന്നിവ ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.
അയഞ്ഞ ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കാനും പുറത്തിറങ്ങുമ്പോൾ പാദരക്ഷകളും കുടയോ തൊപ്പിയോ ഉപയോഗിക്കാനും ശ്രദ്ധിക്കണം. പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിനൊപ്പം ഒ.ആർ.എസ് ലായനി, സംഭാരം എന്നിവയുടെ ഉപയോഗം വർധിപ്പിക്കുകയും വേണം.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കുട്ടികൾക്കായി കുടിവെള്ളവും വായുസഞ്ചാരവും ഉറപ്പാക്കണം. പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കേണ്ടതുണ്ട്. കുട്ടികൾക്ക് നേരിട്ട് വെയിലേൽക്കുന്ന അസംബ്ലികളും വിനോദയാത്രകളും ഉച്ചസമയത്ത് ഒഴിവാക്കാൻ സ്കൂൾ അധികൃതർ ശ്രദ്ധിക്കണം.
കിടപ്പുരോഗികൾ, ഗർഭിണികൾ, പ്രായമായവർ, ഭിന്നശേഷിക്കാർ എന്നിവർക്ക് വേഗത്തിൽ സൂര്യാഘാതം ഏൽക്കാൻ സാധ്യതയുള്ളതിനാൽ അവർ പ്രത്യേക ജാഗ്രത പുലർത്തണം. ഓൺലൈൻ ഭക്ഷണ വിതരണക്കാർ, മാധ്യമപ്രവർത്തകർ, പോലീസ് ഉദ്യോഗസ്ഥർ, നിർമ്മാണ തൊഴിലാളികൾ എന്നിവർ ഉച്ചസമയത്തെ വെയിൽ ഒഴിവാക്കി ജോലി സമയം ക്രമീകരിക്കണം.
കന്നുകാലികളെയും വളർത്തുമൃഗങ്ങളെയും ഉച്ചവെയിലിൽ കെട്ടിയിടരുതെന്നും വാഹനങ്ങളിൽ കുട്ടികളെയും മൃഗങ്ങളെയും തനിച്ച് ഇരുത്തി പോകരുതെന്നും അതോറിറ്റി കർശനമായി നിർദ്ദേശിച്ചു.
Do not drink alcohol, coffee, or tea during the day.

































