തിരുവനന്തപുരം: ( www.truevisionnews.com ) ഭാര്യ ഉന്നയിച്ച ആരോപണങ്ങൾക്ക് പിന്നാലെ ഉയർന്ന വിവാദങ്ങളെ തുടര്‍ന്ന് കെ ബി ഗണേഷ് കുമാർ മന്ത്രി സ്ഥാനം രാജിവെക്കില്ല. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിയാലോചിച്ചതിന് ശേഷമാണ് മന്ത്രി സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന നിലപാടിലേക്ക് എത്തിയത്.
വിഷയം ഗണേഷ് കുമാർ മുഖ്യമന്ത്രിക്ക് മുന്നിൽ വിശദീകരിച്ചുവെന്നാണ് വിവരം. മന്ത്രിസഭാ യോഗത്തിന് ശേഷമായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. വിഷയം രാഷ്ട്രീയമല്ല, കുടുംബപ്രശ്‌നമാണെന്നും ഭാര്യക്ക് പരാതിയില്ലെന്നും ഗണേഷ് കുമാർ മുഖ്യമന്ത്രിയെ ധരിപ്പിച്ചു.
അതേസമയം ആരോപണവുമായി ബന്ധപ്പെട്ട വിവാദം ഒത്തുതീർപ്പിലേക്ക് എത്തിയിരുന്നു. ഗണേഷ് കുമാർ തന്നെ വിളിച്ച് മാപ്പ് പറഞ്ഞതായും സംഭവത്തിൽ താൻ പൊലീസിൽ പരാതി നൽകിയിട്ടില്ലെന്നും മാപ്പ് പറഞ്ഞ സ്ഥിതിക്ക് ഇനി മറ്റു ചർച്ചകളുടെ ആവശ്യമില്ലെന്നുമായിരുന്നു ഭാര്യ ബിന്ദു മേനോൻ പ്രതികരിച്ചത്.
'മന്ത്രിയുടെ ഒരു കോൾ കാത്തിരുന്നു. തെറ്റ് ചെയ്താൽ സോറി പറയണമല്ലോ. എന്നാൽ അത് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് താൻ 112വിൽ വിളിച്ചത് വട്ടുള്ളതുകൊണ്ടാണെന്ന് മന്ത്രി പറഞ്ഞത്. അതിനാലാണ് വൈകാരികമായി പ്രതികരിച്ചത്. ഇന്നലെ രാത്രിയോടെ മന്ത്രി വിളിച്ചു.
ഞാൻ ഫോൺ എടുക്കാത്തതിനാൽ ഹസ്ബെന്റ് എന്റെ സിസ്റ്ററോട് സംസാരിച്ചു. തെറ്റുപറ്റിപ്പോയെന്ന് വളരെ വൈകാരികമായിട്ടാണ് പറഞ്ഞത്', ബിന്ദു മേനോൻ പറഞ്ഞു. നമുക്ക് തീർക്കാവുന്ന പ്രശ്നമേ ഉള്ളൂവെന്നും സംഭവിച്ചതിൽ ക്ഷമ ചോദിക്കുന്നുവെന്നും മന്ത്രി പറഞ്ഞതായി ബിന്ദു മേനോൻ പറഞ്ഞിരുന്നു.
പരസ്യമായി മന്ത്രി ക്ഷമ പറയേണ്ടതില്ലല്ലോ. ഒരുമിച്ച് ജീവിക്കുന്നയാൾ താനല്ലേയെന്നും അവർ ചോദിച്ചു. ഒരു പ്രശ്നവും ഇല്ലാതെ ഫോൺ കോളിന് കാത്തിരുന്നത് ഹസ്ബന്റിനെ ഇഷ്ടമായതുകൊണ്ടാണെന്നും ബിന്ദു മേനോൻ വ്യക്തമാക്കിയിരുന്നു .
അതേസമയം ഗണേഷ് കുമാര്‍ വിഷയത്തില്‍ ജനമാണ് യജമാനന്‍മാര്‍, അവര്‍ തീരുമാനിക്കട്ടെയെന്ന് സ്പീക്കര്‍ എ.എന്‍. ഷംസീര്‍ പറഞ്ഞു . പ്രശ്നം പരിഹരിച്ചെന്നാണ് വാര്‍ത്തകളില്‍ക്കൂടി അറിഞ്ഞത്. ഇത്തരക്കാര്‍ സഭയിലെത്തണോയെന്ന് ജനം തീരുമാനിക്കട്ടെയെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.
മന്ത്രി രാജി വെക്കണമെന്ന് കോണ്‍ഗ്രസ്. ഇത് സെറ്റില്‍ ചെയ്യാന്‍ കഴിയാത്ത വിഷയമെന്നും ഗണേഷ് രാജിവയ്ക്കണമെന്നും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. ജനങ്ങള്‍ക്കെല്ലാം വ്യക്തമായതാണ്. ധാര്‍മികതയെക്കുറിച്ച് വാചാലരാകുന്നവര്‍ നിലപാട് വ്യക്തമാക്കണം. കൂടെ നില്‍ക്കുന്നവര്‍ക്ക് എന്തുമാകാം എന്നാണോ എന്നും സണ്ണി ജോസഫ് ചോദിച്ചു.
ഗണേഷ് കുമാര്‍ ചെയ്തത് തെറ്റെന്നും ഒത്തുതീര്‍പ്പിലൂടെ പരിഹരിക്കാനാകില്ലെന്നും കോണ്‍ഗ്രസ് പ്രതിഷേധം തുടരുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടെ ഒളിച്ചുകളി അവസാനിപ്പിക്കണമെന്നും വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് അധാര്‍മികമെന്നും ചെന്നിത്തല.
ganesh kumar will not resign amid allegations made by his wife bindhu menon



























