അഞ്ചൽ: ( www.truevisionnews.com ) ബസിൽ കയറുന്നതിനിടെയുണ്ടായ തിരക്കിൽ കുട്ടിയുടെ സ്വർണ പാദസരം ഊരിയെടുത്ത യുവതിയെ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചൽ സ്വദേശിനി സബീന (35) യാണ് പിടിയിലായത്. ഞായറാഴ്ച വൈകീട്ട് മൂന്നോടെ അഞ്ചൽ ആർ.ഒ ജങ്ഷനിലാണ് സംഭവം.
കോട്ടുക്കൽ സ്വദേശിനിയായ യുവതി കുഞ്ഞുമായി കുളത്തൂപ്പുഴ ഭാഗത്തേക്ക് പോകുന്ന ബസിൽ കയറവേയാണ് പിന്നാലെ കയറിയ സബീന കുട്ടിയുടെ കാലിൽ നിന്ന് പാദസരം അപഹരിച്ചത്. കുട്ടി ഉടൻ തന്നെ മാതാവിനോട് കറുത്ത വസ്ത്രമിട്ട ആൻറി കൊലുസ് ഊരിയെന്ന് അറിയിച്ചു. ചോദ്യം ചെയ്യലിൽ സബീന കുറ്റം നിഷേധിച്ചു.
വിവരമറിഞ്ഞെത്തിയ അഞ്ചൽ പൊലീസ് ബസ് പൊലീസ് സ്റ്റേഷനിലെത്തിച്ചു. സബീനയെ വിശദമായി പരിശോധിച്ചെങ്കിലും പാദസരം ലഭിച്ചില്ല. എന്നാൽ ഇവരോടൊപ്പമുണ്ടായിരുന്ന കുട്ടിയെ പരിശോധിക്കാൻ തുടങ്ങവേ സബീന കുട്ടിയുടെ വായിൽ ഒളിപ്പിച്ച കൊലുസ് എടുത്ത് പുറത്തേക്കെറിഞ്ഞു. ഇതോടെയാണ് സബീനയെ അറസ്റ്റ് ചെയ്തത്. മുമ്പും സമാനമായ കൃത്യത്തിന് സബീന പിടിക്കപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Woman arrested for removing child's gold anklet while boarding bus
































