ആലപ്പുഴ: ( www.truevisionnews.com ) ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സർക്കാർ തിരുത്തേണ്ടത് തിരുത്തണമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്എൻഡിപി നിലപാട് നേരത്തെ വ്യക്തമാക്കിയിരുന്നുവെന്നും വിധി നിരാശാജനകം എന്നാണ് പറഞ്ഞതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
സ്ത്രീ പ്രവേശം നടപ്പാക്കാൻ ശ്രമിക്കുന്നത് ശരിയല്ല. സ്ത്രീകൾ ശബരിമലയിലേക്ക് പോകില്ല. പോകരുതേ എന്ന് അപേക്ഷിക്കുന്നു എന്നാണ് ഞാൻ പറഞ്ഞത്. കേരളത്തിലെ പ്രബുദ്ധരായ സ്ത്രീകൾ ശബരിമലയിലേക്ക് പോകില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
എസ്എൻഡിപി നിലപാട് സ്ത്രീ പ്രവേശനത്തിന് എതിരാണ്. ജനവികാരം സർക്കാർ കണ്ടതല്ലേയെന്നും വെള്ളാപ്പള്ളി ചോദിച്ചു. അന്ന് അനുകൂലിച്ചവർ ഇന്ന് എതിർത്തു തുടങ്ങിയെന്ന പറഞ്ഞ അദ്ദേഹം കേസ് പിൻവലിക്കുന്ന കാര്യത്തിൽ സർക്കാർ തീരുമാനം എടുക്കട്ടെയെന്നും ശബരിമലയിലെ ആചാരങ്ങൾ മാറ്റപ്പെടേണ്ടത് അല്ലെന്നും ചൂണ്ടിക്കാട്ടി.
സർക്കാർ എന്തു ചെയ്യണം എന്നു അവർ തീരുമാനിക്കട്ടെ. സർക്കാർ യുവതിപ്രവേശനത്തെ എതിർക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ജി സുകുമാരൻ നായരും വിഷയത്തിൽ അഭിപ്രായം പറഞ്ഞിട്ടുണ്ട്. എല്ലാം കേട്ടിട്ട് സർക്കാർ തീരുമാനിക്കട്ടെയെന്നായിരുന്നു വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. ആഗോള അയ്യപ്പ സംഗമത്തിലെ കണക്കുകളിലെ ശരിയും തെറ്റും കോടതി കണ്ടു പിടിക്കട്ടെ. തനിക്ക് ആ കണക്കുകൾ അറിയില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
അതേസമയം സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും ശബരിമലയിൽ യുവതീപ്രവേശനമാകാമെന്ന മുൻ നിലപാട് തിരുത്തണമെന്ന് എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ വ്യക്തമാക്കി. എൻ എസ് എസ് നിലപാടിൽ മാറ്റമില്ല. ഈ സർക്കാർ നിലവിൽ ആചാരങ്ങളിൽ മാറ്റമില്ലാതെ കഴിഞ്ഞ 6 വർഷമായി മുന്നോട്ടു പോകുന്നു.
കേന്ദ്രസർക്കാർ ഇപ്പോഴാണ് ഈ കേസിൽ വന്നത്. കേന്ദ്രം കേസിൽ എങ്ങിനെയാണ് ഇടപെടാൻ പോകുന്നതെന്ന കാര്യത്തിൽ ഒരു ധാരണയും ഇല്ല. സംസ്ഥാന സർക്കാർ ആചാര സംരക്ഷണത്തിനായി നിലപാട് എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കോടി ജനങ്ങളുടെ വിശ്വാസത്തെ തകർത്തല്ല പുരോഗമന ചിന്ത വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
vellapally natesan about sabarimala women entry




























