തൃശൂർ: കാർ തട്ടിയതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് യുവാവിനെ മാരകായുധങ്ങളുമായി ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പൊലീസ് പിടികൂടി. എടതിരുത്തി മധുരമ്പിള്ളി സ്വദേശി കറുകതല വീട്ടിൽ നൗഷാദ് (45) ആണ് അറസ്റ്റിലായത്. തൃശ്ശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കാട്ടൂരിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
കഴിഞ്ഞ ജനുവരി 22-ന് ഉച്ചയ്ക്ക് ചെന്ത്രാപ്പിന്നി അലുവത്തെരുവിനടുത്ത് വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ചമക്കാല സ്വദേശി താനത്തുപറമ്പിൽ ഷാബിന്റെ കാറിൽ പ്രതികളിലൊരാളുടെ കാർ റിവേഴ്സ് എടുക്കുന്നതിനിടെ തട്ടിയതിനെത്തുടർന്നുള്ള വൈരാഗ്യമാണ് ക്രൂരമായ അക്രമത്തിൽ കലാശിച്ചത്. ഷാബിനെ അസഭ്യം പറയുകയും ഇഷ്ടികയും ഇടിവളയും ഉപയോഗിച്ച് ക്രൂരമായി മർദ്ദിക്കുകയും ചെയ്ത ശേഷം പ്രതികൾ ഒളിവിൽ പോകുകയായിരുന്നു.
കേസിൽ ഉൾപ്പെട്ടതിനെത്തുടർന്ന് വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു നൗഷാദ്. പിടിക്കപ്പെടാതിരിക്കാൻ വേഷപ്രച്ഛന്നനായാണ് ഇയാൾ പലയിടങ്ങളിലും സഞ്ചരിച്ചിരുന്നത്. ഒടുവിൽ കാട്ടൂരിലെ അശോക ബാറിൽ ഇയാൾ വേഷം മാറി എത്തിയതായി ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക അന്വേഷണ സംഘത്തിന് രഹസ്യവിവരം ലഭിച്ചു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം ഇയാളെ അതിസാഹസികമായി പിടികൂടിയത്. ഈ കേസിലെ മറ്റ് പ്രതികളായ സ്റ്റേഷൻ റൗഡി ചെന്ത്രാപ്പിന്നി സ്വദേശി റിജിൽ (38), മധുരമ്പിള്ളി സ്വദേശി ആബിദ് (34), പൈനൂർ സ്വദേശി ഷാരോൺ (33) എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
പിടിയിലായ നൗഷാദ് മുൻപും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. കൈപമംഗലം, കാട്ടൂർ പൊലീസ് സ്റ്റേഷൻ പരിധികളിലായി വീടുകയറി ആക്രമണം നടത്തിയ കേസും അടിപിടിക്കേസും ഇയാൾക്കെതിരെയുണ്ട്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. കാട്ടൂർ പൊലീസ് സ്റ്റേഷൻ ജി എസ് ഐ ബാബു ജോർജ്ജ്, കയ്പമംഗലം പൊലീസ് സ്റ്റേഷൻ എസ് ഐ ഋഷിപ്രസാദ്, ജി എസ് ഐ ജെയ്സൺ, ജി എ എസ് ഐ വിപിൻ, ജി എസ് സി പി ഒ ജ്യോതിഷ്, സി പി ഒ വിപിൻ ദാസ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Absconding suspect arrested in case of beating young man with a hammer and brick

































.jpeg)