തിരുവനന്തപുരം: ( www.truevisionnews.com ) തുടർ ഭരണത്തിനെതിരെയുള്ള പ്രതികരണത്തിന് പിന്നാലെ ഇടത് സൈബർ പ്രൊഫൈലുകളിൽ നിന്നുള്ള വിമർശനം തള്ളി കവി കെ. സച്ചിദാനന്ദൻ. താൻ പറയുന്നതിൻ്റെ അർഥം സൈബർ മൂഢന്മാർക്ക് അറിയില്ലെന്നും മാർക്സിസം പ്രവർത്തിക്കേണ്ടത് മധ്യവർഗത്തെ തൃപ്തിപ്പെടുത്താൻ അല്ലെന്നും സച്ചിദാനന്ദൻ ഫേസ് ബുക്കിൽ കുറിച്ചു. വിമർശിക്കുന്ന അജ്ഞന്മാർ രാഷ്ട്രീയ പാർട്ടികളുടെ ഒത്തുതീർപ്പുകളെ കുറിച്ച് സംസാരിക്കുന്നില്ലെന്നും സച്ചിദാനന്ദൻ വിമർശിച്ചു.
അദൃശ്യരേയും ശബ്ദമില്ലാത്തവരെയും കേൾക്കുന്നതാണ് യഥാർത്ഥ ജനാധിപത്യം. മാർക്സിസത്തിന് മുന്നോട്ടുപോകാനുള്ള ഏകവഴി ഇതാണ്. ദരിദ്രരെയും ന്യൂനപക്ഷങ്ങളെയും ശക്തിപ്പെടുത്താൻ ശ്രമിക്കണം അല്ലാതെ ഉപരി മധ്യവർഗത്തെ വികസനം പറഞ്ഞ് സന്തോഷിപ്പിക്കുക ആവരുത് എന്നും അദ്ദേഹം കുറിച്ചു. ആധുനിക മാർക്സിസ്റ്റ് ചിന്തകൻ ജാക്ക്വേസ് റൺസിയറിനെ ഉദ്ധരിച്ചാണ് സച്ചിദാനന്ദൻ്റെ ഫേസ്ബുക്ക് പോസ്റ്റ്.
സൈബർ ലോകത്തെ വിഡ്ഢികൾ തന്റെ വിമർശനം എന്തെന്ന് മനസിലാക്കുന്നുപോലുമില്ല. അവർ എന്നെ വായിച്ചിട്ടില്ല, എന്‍റെ പോരാട്ടങ്ങൾ എന്തെന്ന് അറിയുന്നുമില്ല. അടിയന്തരാവസ്ഥ കാലത്തെ അറസ്റ്റ് മുതൽ കേന്ദ്ര സാഹിത്യ അക്കാദമിയിൽ നിന്നുള്ള രാജി വരെ വിശദമാക്കിയാണ് സച്ചിദാനന്ദൻ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. ഒരു പദവിക്ക് വേണ്ടിയും ആരുടെ പിന്നാലെയും പോയിട്ടില്ലെന്നും സൈബർ ലോകത്തെ അജ്ഞരായ വിമർശകർക്ക് വേണ്ടി ഇത് വിശദീകരിക്കുന്നതിൽ നാണക്കേടുണ്ടെന്നും സച്ചിദാന്ദൻ കുറിപ്പില്‍ പറഞ്ഞു.
അതേസമയം, സച്ചിദാനന്ദന്റെ വിമർശനത്തോട് കാതുപൊത്തില്ലെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിൻ്റെ പ്രതികരണം. സച്ചിദാനന്ദൻ സുഹൃത്താണെന്നും നിർദേശത്തെ ഗൗരവത്തോടെ കാണുമെന്നും അദ്ദേഹം പറഞ്ഞു. സച്ചിദാനന്ദന്റെ വിമർശനങ്ങളിൽ മുൻ മന്ത്രി തോമസ് ഐസക്കും പ്രതികരിച്ചു. ടർഭരണത്തിൽ ഉണ്ടാവുന്ന പ്രശ്നങ്ങൾ പാർട്ടി നേരത്തെ ചർച്ച ചെയ്തിട്ടുണ്ടെന്നും വിമർശനങ്ങളെ അവസരങ്ങളായാണ് കാണുന്നുവെന്നുമായിരുന്നു ഐസക്കിൻ്റെ പ്രതികരണം.
വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നു എന്നതിനർത്ഥം യുഡിഎഫിന് ജയിക്കാൻ അവസരം ഒരുക്കുന്നു എന്നതല്ല എന്നും അദ്ദേഹം വ്യക്തമാക്കി. സാംസ്കാരിക പ്രവർത്തകർ ചട്ടക്കൂടിൽ നിന്ന് പ്രവർത്തിക്കണമെന്ന് പറയാൻ കഴിയില്ലെന്നും സ്വതന്ത്രമായി അഭിപ്രായം പറയുന്ന വ്യക്തിയാണ് സച്ചിദാനന്ദൻ എന്നുമായിരുന്നു ന്ത്രി പി. പ്രസാദിന്റെ പ്രതികരണം. വിമർശനങ്ങളെ സ്വീകരിക്കും. പോസ്റ്റിറ്റീവ് ആയിട്ടാണ് ഇത്തരം വിമർശനങ്ങളെ കാണുന്നത്. തിരുത്താൻ ഇടതുപക്ഷം തയ്യാറാണെന്നും മന്ത്രി വ്യക്തമാക്കി.
k satchidanandan responds to criticism over his remarks on continuation of cpim rule




























